ദുബൈയിൽ സർക്കാർ ഫീസും പിഴയും തവണകളായി അടയ്ക്കാൻ സൗകര്യം


 ദുബൈയിൽ വിവിധ സർക്കാർ വകുപ്പുകൾ പ്രസിദ്ധീകരിക്കുന്ന പട്ടികയിലുൾപ്പെട്ട സേവനങ്ങൾക്കുള്ള പിഴകളും സർക്കാർ ഫീസും തവണകളായി അടയ്ക്കാൻ സൗകര്യം. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ തവണകളായി അടയ്ക്കാൻ നേരത്തേ സൗകര്യമൊരുക്കിയിരുന്നു.

പൊതുജനങ്ങൾക്കു ബുദ്ധിമുട്ടില്ലാതെ സർക്കാർ സേവനങ്ങളുമായി സഹകരിക്കാൻ സൗകര്യമൊരുക്കിയാണ് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവ് പുറപ്പെടുവിച്ചത്. വ്യക്തികൾക്ക് 10,000 ദിർഹത്തിനു മുകളിലുള്ള ഫീസും ബിസിനസ് സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം ദിർഹത്തിൽ കൂടുതലുള്ള ഫീസും തവണകളായി അടയ്ക്കാനാകുമെന്ന് ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

വ്യക്തികൾക്കു 5000 ദിർഹത്തിനും ബിസിനസ് സ്ഥാപനങ്ങൾക്കു 20,000 ദിർഹത്തിനും മുകളിലുള്ള പിഴ തവണകളായി അടയ്ക്കാനാണ് സൗകര്യം ഒരുങ്ങുന്നത്. പരമാവധി രണ്ടു വർഷത്തിനകം അടച്ചു തീർക്കണമെന്നാണ് നിർദേശം. എന്നാൽ, പ്രത്യേക സാഹചര്യങ്ങളിൽ ധനകാര്യവകുപ്പിന് ഇക്കാര്യത്തിൽ ഭേദഗതി വരുത്താൻ അനുമതി നൽകിയിട്ടുണ്ട്. ഏതൊക്കെ സേവനങ്ങൾക്കും പിഴകൾക്കുമാണ് തവണകളായി അടയ്ക്കാൻ സൗകര്യമൊരുക്കുന്നതെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ദുബൈ ധനകാര്യവകുപ്പ് ഡയറക്ടർ ജനറൽ പ്രത്യേക ഉത്തരവിലൂടെ അറിയിക്കുന്നതാണ്.

You might also like

Most Viewed