ചെ​റി​യ വീ​ടു​ക​ൾ​ക്കും കെ​ട്ടി​ടനി​കു​തി


തിരുവനന്തപുരം: സംസ്ഥാനത്തെ ചെറിയ വീടുകളെ അടക്കം തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന കെട്ടിടനികുതിയുടെ (വസ്തു നികുതി) പരിധിയിൽ കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനം.

538 ചതുരശ്ര അടിക്കു മുകളിലുള്ള (50 ചതുരശ്ര മീറ്റർ) വീടുകളെയെല്ലാം കെട്ടിടനികുതി പരിധിയിൽ കൊണ്ടു വന്നു. നിലവിൽ 660 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകൾക്കു മാത്രമായിരുന്നു കെട്ടിടനികുതി നൽകേണ്ടിയിരുന്നത്.

2022 ഏപ്രിൽ ഒന്നു മുതൽ നിർമിച്ച 3000 ചതുരശ്ര അടിയിൽ കൂടുതൽ തറവിസ്തീർണമുള്ള വീടുകൾക്ക് അടിസ്ഥാനനികുതിയുടെ 15 ശതമാനം തുക അധിക നികുതിയായി ഈടാക്കും. തറ പാകുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെയാകും നികുതി ഈടാക്കുക. ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ രണ്ടാം റിപ്പോർട്ടിലെ ശിപാർശകൾ അംഗീകരിച്ചുകൊണ്ടാണ് കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന്‍റെ ധനവരവ് വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.

അടുത്തസാന്പത്തിക വർഷം മുതൽ വസ്തുനികുതി (കെട്ടിട നികുതി) പരിഷ്കരണം വർഷത്തിലൊരിക്കൽ നടത്തണം. ചില പ്രത്യേക വിഭാഗം കെട്ടിടങ്ങളുടെ വസ്തുനികുതി വർധനയ്ക്കു പരിധി ഏർപ്പെടുത്താനുള്ള നിലവിലുള്ള തീരുമാനം പിൻവലിക്കാനും തീരുമാനിച്ചു.

മറ്റു പ്രധാന നിർദേശങ്ങൾ:

 • മൊബൈൽ ടവറുകളുടെ നികുതിനിരക്ക് പരിഷ്കരിക്കും. പ്രാദേശിക സർക്കാരുകളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാരണങ്ങളാൽ പിരിച്ചെടുക്കാൻ കഴിയാത്ത വസ്തുനികുതി കുടിശിക എഴുതിത്തള്ളുന്നതിനുള്ള പരിധി ഉയർത്തും.
 • കേരള മുനിസിപ്പാലിറ്റി ആക്ട് 241 വകുപ്പ് പുനഃസ്ഥാപിക്കും. ഇതു പ്രകാരം കെട്ടിടം പൊളിച്ചു മാറ്റുന്ന വിവരം പ്രാദേശിക സർക്കാരിനെ കെട്ടിട ഉടമസ്ഥൻ അറിയിക്കണം. അല്ലാത്തപക്ഷം അറിയിക്കുന്ന തീയതി വരെയുള്ള നികുതി അടയ്ക്കാൻ ഉടമ ബാധ്യസ്ഥനാണ്.
 • വിനോദത്തിന്‍റെ വ്യാപ്തി വർധിപ്പിക്കുന്നതിന് വിനോദനികുതി ആക്ട് ഭേദഗതി ചെയ്യും. വിനോദനികുതി നിരക്ക് 10 ശതമാനമാകും.
 • തിയറ്ററുകളുടെ ടിക്കറ്റ് വിതരണത്തിനും വിനോദനികുതി കണക്കാക്കുന്നതിനും പ്രാദേശിക സർക്കാരുകൾ സോഫ്റ്റ്‌വേർ സംവിധാനം തയാറാക്കും. സ്വന്തമായി സോഫ്റ്റ്‌വേർ ഉപയോഗിക്കുന്ന തിയറ്ററുകൾ പ്രാദേശിക സർക്കാരിന് ഡാറ്റ കൈമാറാൻ ബ്രിഡ്ജ് സോഫ്റ്റ്‌വേർ തയാറാക്കണം.
 • റോഡുകളുടെ വശങ്ങളിൽ വാണിജ്യാവശ്യത്തിന് സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ ലൈസൻസ് ഫീസിന്‍റെ പരിധിയിൽ കൊണ്ടുവരും.
 • പ്രാദേശിക സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടകയിനത്തിൽ ചില വിഭാഗങ്ങൾക്കു കിഴിവ് അനുവദിക്കുന്നതിനുള്ള അധികാരം പ്രാദേശിക സർക്കാരുകൾക്കായിരിക്കും. ഇതു പരമാവധി 10 ശതമാനമാക്കും.
 • പ്രാദേശിക സർക്കാരുകൾ വാണിജ്യ സഹകരണ ബാങ്കുകളിൽനിന്നു വായ്പ എടുക്കുന്നതു സംബന്ധിച്ച സർക്കാർ ഉത്തരവ് പ്രാവർത്തികമാക്കുന്നതിനു സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയിൽ ചർച്ച നടത്തും.
 • കേരള ലോക്കൽ ഗവണ്‍മെന്‍റ് ഡെവലപ്മെന്‍റ് ഫണ്ട് രൂപീകരിച്ച് ലോക്കൽ അഥോറിറ്റീസ് ലോണ്‍സ് ആക്ട് പ്രാവർത്തികമാക്കും.
 • പൊതു കാര്യങ്ങൾക്കായി ഭൂമി സ്വമേധയാ സംഭാവന ചെയ്യുന്നത് ശക്തിപ്പെടുത്തുന്നതിനായി ലാൻഡ് റീ റിലിംഗിഷ്മെന്‍റ് ആക്ട് ഭേദഗതി ചെയ്യും.
 • വിദ്യാലയങ്ങൾ, ആശുപത്രികൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്തുന്നതിനും അശരണരെ സഹായിക്കുന്നതിനും ഡൊണേഷൻ കാന്പയിൻ സംഘടിപ്പിക്കും.
 • പ്രാദേശിക സർക്കാരുകളുടെ ദുരിതാശ്വാസ നിധിയുടെ കോർപ്പസ് ഓരോ വർഷവും വർധിപ്പിക്കും. സ്വമേധയാ നൽകുന്ന സംഭാവനകൾ സമാഹരിക്കുന്നതു സംബന്ധിച്ച സ്ട്രാറ്റജി കൈക്കൊള്ളും.
 • പ്രാദേശിക സർക്കാരുകളുമായി ബന്ധപ്പെട്ട പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പ്രോജക്ടുകളെ സഹായിക്കുന്നതിനായി സാങ്കേതിക സഹായ ഏജൻസികളെ കണ്ടെത്തും.

You might also like

 • Lulu Exhange
 • Lulu Exhange
 • 4PM News

Most Viewed