വി​ധി കേ​ൾ​ക്കാ​ൻ വി​സ്മ​യ​യു​ടെ പി​താ​വ് ത്രി​വി​ക്ര​മ​ൻ നാ​യ​ർ കോ​ട​തി​യി​ലേ​ക്ക്


വിസ്മയ കേസിലെ വിധി കേൾക്കാൻ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ കോടതിയിലേക്ക് പുറപ്പെട്ടു. മകൾക്ക് സ്ത്രീധനമായി നൽകിയ കാറിലാണ് പിതാവ് കോടതിയിലേക്ക് പോയത്. കാറിന്‍റെ മുൻസീറ്റ് ഒഴിച്ചിട്ടിരുന്നു. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേൾക്കാൻ കോടതിയിലേക്ക് വരുന്നുണ്ടെന്ന് പിതാവ് പ്രതികരിച്ചു. വിസ്മയയെ കിരൺ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചത് ഈ കാറിനെ ചൊല്ലിയായിരുന്നു. ത്രിവിക്രമൻ നായരും ഒരു ബന്ധുവുമാണ് കോടതിയിലേക്ക് പോകുന്നത്. ത്രിവിക്രമൻ നായർ വാഹനം ഓടിക്കുമ്പോൾ ബന്ധു പിൻസീറ്റിലാണിരിക്കുന്നത്. അതേസമയം, വിസ്മയ കേസിൽ കോടതി ഇന്ന് വിധി പറയും. ഐപിസി 304 ബി (സ്ത്രീധന പീഡന മരണം), 498 എ( ഗാർഹിക പീഡനം), 306 (ആത്മഹത്യാ പ്രേരണ) എന്നീ വകുപ്പുകൾ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരവുമാണ് പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. സുജിത്ത് കണ്ടെത്തിയത്. സ്ത്രീധനപീഡന വകുപ്പിൽ ജീവപര്യന്തം ശിക്ഷവരെ ലഭിക്കാം. കുറഞ്ഞ ശിക്ഷ ഏഴു വർഷമാണ്. ആത്മഹത്യാപ്രേരണയ്ക്കു പരമാവധി പത്തുവർഷം തടവും പിഴയുമാണു ശിക്ഷ. ഗാർഹിക പീഡനത്തിനു പരമാവധി മൂന്നു വർഷം തടവും പിഴയുമാണു ശിക്ഷയായി ലഭിക്കുക. ഇന്നലെ രാവിലെ കോടതി ചേർന്നപ്പോൾ അഞ്ചാമതായാണ് കേസ് പരിഗണിച്ചത്. പത്തു മിനിറ്റിനകം നടപടികൾ പൂർത്തിയാക്കിയ ജഡ്ജി, ഇന്ത്യൻ പീനൽ കോഡിലെ മൂന്നു വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്നു വ്യക്തമാക്കി.

പ്രതിയുടെ മുൻകൂർ ജാമ്യം റദ്ദാക്കിയ കോടതി വിധിപ്രഖ്യാപനം ഇന്നത്തേക്കു മാറ്റുകയായിരുന്നു. തുടർന്ന് പ്രതി കിരൺകുമാറിനെ പോലീസ് കാവലിൽ സമീപത്തെ ജില്ലാ ജയിലിലേക്കു മാറ്റി. ഇന്നു രാവിലെ കോടതി ചേരുമ്പോൾ പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദങ്ങൾ കേട്ടശേഷമായിരിക്കും വിധി പ്രഖ്യാപിക്കുക. 2021 ജൂൺ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിൽ തൃപ്തനാകാതെയും വാഗ്ദാനം ചെയ്ത അത്രയും സ്വർണം നൽകാത്തതിനാലും ഇയാൾ ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി വിസ്മയ അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും അയച്ച വാട്ട്സ് ആപ് ചാറ്റുകളും സന്ദേശങ്ങളും കിരൺകുമാറിന്‍റെ ഫോണിൽനിന്നു ലഭിച്ച തെളിവുകളും കേസിൽ നിർണായകമായി. അറസ്റ്റിലായതിനെത്തുടർന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോ ഗസ്ഥനായിരുന്ന കിരണിനെ സർവീസിൽനിന്നു പുറത്താക്കിയിരുന്നു. 507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി 41 സാക്ഷികളെ വിസ്തരിച്ചു. 12 തൊണ്ടിമുതലുകളും 112 രേഖകളും തെളിവായി ഹാജരാക്കി. കേസ് വിസ്താരത്തിനിടെ കിരൺ കുമാറിന്‍റെ പിതാവ് സദാശിവൻ പിള്ള, സഹോദരി കീർത്തി, ഇവരുടെ ഭർത്താവ് മുകേഷ് എം. നായർ, പ്രതിയുടെ പിതൃസഹോദരന്‍റെ മകൻ അനിൽ കുമാർ, ഭാര്യ ബിന്ദുകുമാരി എന്നീ സാക്ഷികൾ കൂറുമാറിയിരുന്നു.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed