യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി വ്യാപിക്കുന്നു
 
                                                            കോവിഡ് മഹാമാരിയുടെ വ്യാപനം അവസാനിക്കുന്നതിനു മുൻപ് ലോകത്ത് മറ്റൊരു വൈറസ് വ്യാപക ഭീഷണി. യൂറോപ്പിലും അമേരിക്കയിലും കുരങ്ങുപനി വൈറസ് പടരുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. യൂറോപ്പിലും അമേരിക്കയിലും കുരങ്ങുപനി പടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കുരങ്ങുപനി പകരുകയാണെങ്കിൽ സ്ഥിതി ഗൗരവമാകുമെന്നും അസുഖത്തെ കരുതിയിരിക്കണമെന്നും ബൈഡൻ പറഞ്ഞു.
കുരങ്ങുപനിയെ പ്രതിരോധിക്കാൻ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമവും നടക്കുന്നതായാണ് ബൈഡൻ വ്യക്തമാക്കിയത്. അമേരിക്കയിൽ ഇക്കഴിഞ്ഞ ദിവസവും രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ബൈഡന്റെ പ്രതികരണം.
യുറോപ്പിൽ ഞെട്ടിക്കുന്ന വേഗത്തിലാണ് രോഗം പടരുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പകർച്ചവ്യാധിയെ സംബന്ധിച്ച് ചർച്ചചെയ്യാൽ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 11 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.രോഗം ഇനിയും പടർന്നു പിടിക്കാനാണ് സാധ്യതയെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയിൽ സാഹചര്യം സൂക്ഷമമായി നിരീക്ഷിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗം ഇനിയും വ്യാപിക്കുകയാണെങ്കിൽ ,വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരുടെ നീരീക്ഷണത്തിനും കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പനി, പേശിവേദന തുടങ്ങിയവയാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ. പിന്നീട് മുഖത്തും ശരീരത്തിലും ചിക്കൻ പോക്സ് പോലുള്ള ചുണങ്ങ് ഉണ്ടാക്കുന്നു.
 
												
										