നിയമത്തിന്റെ വഴികൾ


ഓഫീസിലേയ്ക്കുള്ള യാത്ര അൽ‍പ്പം ധൃതിയിലായിരുന്നു. മെയിൻ റോഡിലെ ട്രാഫിക് തിരക്കിൽ നിന്നും രക്ഷപ്പെട്ട് വേഗത്തിലെത്താൻ ഒരു ഇടവഴിയിലേയ്ക്ക് യാത്രയുടെ ഗതി തിരിച്ചു. ഇടവഴിയുടെ തുടക്കത്തിൽ തന്നെ എന്റെ വഴി മുടക്കിക്കൊണ്ട് ഒരു ആഡംബരക്കാർ. വിവരദോഷി... എന്നാണ് മനസ്സിൽ സാധാരണ ആദ്യമുണ്ടാകേണ്ട പ്രതികരണം. അതിനും മുന്പേ ഇന്ന് പക്ഷെ വണ്ടി നിർത്തി ചുറ്റും നോക്കി. തൊട്ടടുത്ത മുസ്ലീം ദേവാലയ കെട്ടിടത്തിലുള്ള കുടിവെള്ള ടാപ്പിൽ നിന്നും തണുത്ത ശുദ്ധജലം കപ്പിൽ പകർന്ന് ദാഹമകറ്റുകയാണ് ഒരു മനുഷ്യൻ. മലയാളി തന്നെ. ഞാൻ ഹോൺ‍ മുഴക്കാത്തത് കൊണ്ടു തന്നെ തൊട്ടടുത്തായിട്ടും അയാൾ  എന്നെ ശ്രദ്ധിച്ചിട്ടില്ല. എനിക്ക് വേണമെങ്കിൽ ഹോൺ മുഴക്കം. വാഹനത്തിന്റെ ജനാലച്ചില്ലു താഴ്ത്താം. വഴി മുടക്കിയത്തിന് അയാളെ ചീത്ത പറയാം. തിരക്കിട്ട ഓട്ടത്തിനിടെ നമ്മിൽ പലരും പലപ്പോഴും അങ്ങനെയൊക്കെ ചെയ്തിട്ടുമുണ്ട്. 

അതുകൊണ്ട് ഉണ്ടാകുന്ന ആത്യന്തികമായ ഫലം എന്താണ് ദാഹമകറ്റിക്കൊണ്ടിരുന്ന അയാളുടെ മനസ് വേദനിക്കാം. ഒരുപക്ഷെ അയാളും തിരിച്ചു ചീത്ത പറയാം. ഒരു വഴക്കിന് അത് വഴിമരുന്നാവാം. എനിക്കോ, എന്റെ യാത്രയിൽ പരമാവധി ഒരു മിനിറ്റിന്റെ ലാഭം അതുകൊണ്ട് ഉണ്ടായേക്കാം. ചിലപ്പോൾ കുറെ സമയം പാഴാവുകയും ചെയ്യാം. ഇന്നു പക്ഷെ അങ്ങനെയന്നുമുണ്ടായില്ല. അറേബ്യൻ മരുഭൂമിയിലെ കത്തുന്ന വേനൽ ചൂടിൽ അയാൾ‍ ദാഹമകറ്റുന്നത് സമാധാനത്തോടെ ഞാൻ നോക്കിക്കൊണ്ടിരുന്നു. ദാഹമകറ്റി വണ്ടിയിലേയ്ക്ക് കയറാൻ തിരിയുന്പോഴാണ് അയാൾ എന്റെ മുഖത്തേയ്ക്ക് നോക്കുന്നത്. എന്റെ മുഖത്തെ ശാന്തത അയാളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർത്തി. എന്റെ ക്ഷമയ്ക്കും കാത്തിരിപ്പിനുമുള്ള പ്രതിഫലം. അയാൾ കുടിച്ച തണുത്ത വെള്ളം വാസ്തവത്തിൽ നിറച്ചത് എന്റെ മനസ് കൂടിയായിരുന്നു. അയാൾക്ക് അവകാശപ്പെട്ടതാണ് ആ കുടിവെള്ളം. അയാളുടെ ചുണ്ടിനും കപ്പിനുമിടയിൽ ഞാൻ ഒരു തരത്തിലും തടസമാകരുത്. ലോകത്തെ ഒരുമാതിരിപ്പെട്ട പ്രശ്നങ്ങളെല്ലാം ഈ ഒരു മനോഭാവം നമുക്കുണ്ടായാൽ തീരുന്നതേയുള്ളൂ. പക്ഷെ അതാരും ഓർ‍ക്കുന്നുമില്ല, പ്രാവർത്തികമാക്കുന്നുമില്ല എന്നു മാത്രം. എന്തിനോ വേണ്ടിയുള്ള കുതിപ്പിനിടെ നമ്മൾ ഇതൊന്നും തിരിച്ചറിയാനും ശ്രമിക്കുന്നില്ല. 

ക്ഷണികവും നിസാരവുമാണ് ഓരോ മനുഷ്യ ജീവനും എന്ന സത്യം പൂർണ്ണമായും വിസ്മരിച്ചു കൊണ്ടാണ് നമ്മുടെയൊക്കെ പ്രവൃത്തികൾ. എന്താണ്, എത്രയാണ് നമുക്കാവശ്യം എന്ന തിരിച്ചറിവ് നമ്മിൽ ബഹുഭൂരിപക്ഷത്തിനും ഉണ്ടാവുന്നില്ല. അകത്തേയ്ക്കെടുക്കുന്ന ആദ്യ ശ്വാസം മുതൽ പുറത്തേയ്ക്കു വിടുന്ന അവസാന ശ്വാസം വരെ മാത്രമാണ് നമ്മുടെ എല്ലാവരുടെയും ജീവൻ. എന്നാൽ ക്ഷണികമായ ആ ജീവിത കാലത്ത് സ്വന്തം ശ്വാസത്തോടു പോലും കൂറു പുലർത്താൻ നമുക്കാവുന്നുണ്ടോ എന്ന് സംശയം. കഴിഞ്ഞ ദിവസം കാലത്ത് പൂർണ്ണാരോഗ്യവാനായി ഓഫീസിലേക്ക് പോയ ഒരു സുഹൃത്ത് ഓഫീസിൽ വെച്ചുണ്ടായ ഹൃദയ സ്തംഭനത്തിൽ ഇനിയൊരിക്കലും തിരിച്ചില്ലാത്ത യാത്ര തിരിച്ചു. കാലത്തിറങ്ങിപ്പോയ വീട്ടിലേക്ക് അദ്ദേഹം ഒരിക്കലും ഇനി തിരികെയെത്തില്ല. പ്രിയപ്പെട്ടവരുടെ ജീവിതങ്ങളിൽ ഓർമ്മകൾ മാത്രമായാവും ഇനിയങ്ങോട്ട് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം.

എല്ലാ മനുഷ്യ ജീവന്റെയും ആത്യന്തികമായ സ്വഭാവം ഇത് തന്നെയാണ്. പക്ഷെ ആദ്യം പരാമർശിച്ചതു പോലെ നമ്മളൊന്നും ഇതൊന്നും ആലോചിക്കാറില്ല എന്നു മാത്രം. ഈ ആലോചനയില്ലായ്മയാണ് പലതരത്തിലുള്ള ആർത്തികളുടെയും കാരണം. ഈ ആർത്തിയാണ് സ്വതവേ അഴിമതിക്കാരായ നമ്മുടെ രാഷ്ട്രീയക്കാരെ കൂടുതൽ അഴിമതികളിലേയ്ക്ക് നയിക്കുന്നത്. അവർ ആവശ്യമെത്രയെന്നറിയാതെ അഴിമതികൾ നടത്തി പണം സന്പാദിച്ചു കൂട്ടുന്നതും അതുകൊണ്ടു തന്നെ. കൊയ്തു കൂട്ടിയ കോടികളും ആ കോടികൾ കൊയ്യാനായി ചെയ്ത അഴിമതികളുടെ പേരിലുള്ള നിയമ നടപടികളിൽ നിന്ന് നേതാക്കളെ രക്ഷപ്പെടുത്താൻ അധികാരവൃന്ദം നടത്തുന്ന ചെയ്തികളും ജീവിതത്തിന്റെ ഈ ക്ഷണികതയും നിസാരതയും ഓർക്കാതെയാണ്. 

കെ.എം മാണിയും കെ. ബാബുവും സാക്ഷാൽ ശ്രീമാൻ ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയുമടക്കമുള്ള നേതാക്കളൊക്കെ മരിച്ചാൽ ഇവർക്കൊക്കെ സാധാരണ സമൂഹം അമർ രഹേ വിളിക്കുമെന്നുറപ്പ്. പക്ഷെ അമരത്വം ആ മുദ്രാവാക്യം വിളികളിൽ ഒതുങ്ങുന്നു. അഴിമതിയുടെയും അനധികൃത ധനസന്പാദനത്തിന്റെയും ചെളി പുരണ്ടു നില്ക്കുന്ന ഈ നേതാക്കൾക്കൊന്നും സ്വന്തം രാഷ്ട്രീയ ജീവിതം കൊണ്ട് സന്പാദിച്ചെടുത്ത എന്നാരോപിക്കപ്പെടുന്ന ധനത്തിന്റെ ഒരു ഭാഗം പോലും സ്വന്തം കാര്യങ്ങൾക്കായി ആവശ്യവുമില്ല. ആരോപണങ്ങളും പ്രശ്നങ്ങളും മൂലം അവരുടെയൊന്നും സാധാരണ ദിനങ്ങൾ നമുക്കറിയാവുന്നതു പോലെ അതീവ സന്തോഷപ്രദവും സമാധാന പൂർ‍ണ്ണവും ആവണമെന്നുമില്ല. സാധാരണക്കാരായ നമ്മിൽ പലരെയും പോലെ എന്താണോ എത്രയാണോ വേണ്ടതെന്നു തിരിച്ചറിയാതുള്ള പരക്കം പാച്ചിലിൽ തന്നെയാണ് അവരും. അത് മാറും വരെ ഈ കൈയിട്ടു വാരലും അഴിമതിയാരോപണങ്ങളുമൊക്കെ തുടരുക തന്നെ ചെയ്യും. പാവം നിയമം നിയമത്തിന്റെ വഴിക്കും പോകും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed