കുറ്റകരമായ അനാസ്ഥ
സൂര്യ ന്യൂസിലെ ആദ്യ പത്രാധിപ സമിതിയംഗം, എന്റെ സുഹൃത്തും സഹപ്രവർത്തകനുമൊക്കെയായിരുന്ന പ്രവീൺ നന്പ്യാർ ഒരു നല്ല മനുഷ്യനാണ്. ഇന്നും ഒറ്റത്തടി. കുടിയില്ല, വലിയില്ല, ആ ഇനത്തിൽ പെടുന്ന മറ്റു ദുശീലങ്ങൾ ഒന്നുമില്ല. സാന്പത്തികമായി നല്ല നിലയിലുള്ള കുടുംബത്തിലേക്ക് പണം അയച്ചു കൊടുക്കേണ്ട കാര്യവുമില്ല. എല്ലാകാലത്തും മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട മാന്യമായ ശന്പളം ലഭിക്കുന്ന തൊഴിലുകൾ അദ്ദേഹം ചെയ്തു പോരുന്നുമുണ്ട്. എന്നാൽ പ്രവീൺ എന്നും സാന്പത്തിക ഞെരുക്കത്തിലാണ്. ആവശ്യത്തിലധികം കടം പല ബാങ്കുകളിലായുണ്ട്. ക്രെഡിറ്റ് കാർഡ് കുടിശ്ശിക വേറെ. ഒരുമിച്ചു ജോലി ചെയ്യുന്ന കാലത്ത് ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ ഇതിന്റെ കാരണം ആരാഞ്ഞു. ഏറെ അന്വേഷണങ്ങൾക്ക് ശേഷമാണ് പ്രവീണിന്റെ ഹൃദയ വിശാലതയാണ് വില്ലൻ എന്ന് മനസ്സിലാകുന്നത്.
പരിചയക്കാരും സുഹൃത്തുക്കളുമൊക്കെയായി ആരും സാന്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ പ്രവീണിനാകില്ല. അവരുടെ സാന്പത്തിക ബുദ്ധിമുട്ട് പ്രവീൺ മനസ്സാ ഏറ്റെടുക്കും. പിന്നെ എങ്ങനെയും അത് പരിഹരിക്കുംവരെ ആ മനസ് അസ്വസ്ഥമാണ്. അതിനായി എങ്ങനെയും ലോണുകൾ തരപ്പെടുത്തും. അത് സ്വന്തം പേരിലായതുകൊണ്ട് ഗുണഭോക്താവ് പിന്നീട് പലപ്പോഴും ആ വഴി തിരിഞ്ഞു നോക്കില്ല. ആ ബാദ്ധ്യതയത്രയും പ്രവീണിന്റെ തോളിൽ തന്നെയാവും. ഈ മനസ്ഥിതി അപൂർവ്വമാണ്. പക്ഷെ നമ്മളൊക്കെ അന്യരെ ആവുന്നതും സഹായിക്കാൻ മനസുള്ളവർ തന്നെയാണ്. നമ്മിൽ ചിലർ അത് അപൂർവ്വം വേളകളിൽ ചെയ്യുന്നു. മറ്റു ചിലർ ബോധ പൂർവ്വം അതിനുള്ള തുക സമാഹരിച്ച് അവശത അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നു. ഇനിയും ചിലരാവട്ടെ സമൂഹത്തിൽ നിന്നും സുമനസ്സുകളുടെ കാരുണ്യം സമാഹരിച്ച് അന്യരെ സഹായിക്കുന്നു. ഇതിനൊക്കെ അപവാദമായി ഒരു ചില്ലിക്കാശുപോലും അന്യർക്കു നൽകാത്ത പിശുക്കന്മാരുമുണ്ട്. അന്യർക്കു കൂടി അവകാശപ്പെട്ട സന്പത്ത് തങ്ങളുടെ പണപ്പെട്ടികളിൽ അട്ടിയടുക്കി ആ ശേഖരത്തിൽ ആനന്ദം കണ്ടെത്തി ജീവിതം കഴിക്കുന്നവർ. അത് ഒരു തരത്തിൽ കുറ്റകരമായ ഒരു സ്വഭാവ രീതിയായി നമുക്ക് വിലയിരുത്താം. പക്ഷെ തങ്ങൾ കഷ്ടപ്പെട്ട് സന്പാദിച്ച സ്വത്താണ് പരിപാലിക്കുന്നത് എന്ന് വേണമെങ്കിൽ അവർക്ക് അവകാശപ്പെടാം.
അർഹിക്കുന്നവർക്ക് ആവശ്യമായ ധനസഹായം എത്തിക്കുന്നതിൽ ഇതിലും കുറ്റകരമായ അനാസ്ഥ കാട്ടുന്ന മറ്റൊരു വിഭാഗമുണ്ട്. സാഹൂഹ്യ സേവനത്തിനായി അനുവദിക്കപ്പെട്ട തുകകൾ അർഹിക്കുന്ന കൈകളിൽ എത്തിക്കാതെ പാഴാക്കുന്ന ജനപ്രതി നിധികളാണ് അവർ. പൊതു ഖജനാവിൽ നിന്നും പൊതു സമൂഹത്തിനായി അനുവദിക്കുന്ന തുക ഇത്തരക്കാർ പലകാരണങ്ങൾ കൊണ്ടും ചിലവഴിക്കുന്നില്ല. വലിയ വായിൽ വികസന സ്വപ്നങ്ങൾ പ്രഘോഷണം ചെയ്യുന്ന പല മാന്യ ജനപ്രതിനിധികളും ഈ പട്ടികയിലുണ്ട്. അൽപ്പകാലം മുന്പ് ബഹ്റിനിലെത്തിയ ഒരു യുവ എം.എൽ.എയുടെ വികസന സ്വപ്നങ്ങളും വ്യക്തി വൈശിഷ്ട്യവുമൊക്കെ വിശദമാക്കി ഒരു ലേഖനം എഴുതിയതിന്റെ തൊട്ടടുത്ത ദിവസമാണ് നാട്ടിൽ നിന്നും ഒരു മാധ്യമ സുഹൃത്തു വിളിച്ചപ്പോൾ അറിയുന്നത് സംസ്ഥാനത്ത് എം.എൽ. എ ഫണ്ടു വിനിയോഗത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് ആ ചെറുപ്പക്കാരനാണ് എന്ന സത്യം. അതുണ്ടാക്കിയ നിരാശയും ദേഷ്യവും പറഞ്ഞറിയിക്കാനാവില്ല. പക്ഷെ ഇപ്പോൾ തോന്നുന്നു അയാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന്. അയാളുടെ കേന്ദ്ര നേതാക്കളും മറുപക്ഷത്തെ നേതൃ പുംഗവന്മാരുമൊക്കെ ഇക്കാര്യത്തിൽ ഒന്നിനൊന്നു മെച്ചമാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പലകാര്യങ്ങളിലും ഇന്ത്യയുടെ കുതിപ്പിനും ആഗോള തലത്തിൽ ഇന്ത്യയുടെ മാന്യതക്കുമൊക്കെ ആക്കം കൂട്ടുന്ന നായകത്വമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത്. എന്നാൽ സ്വന്തം മണ്ധലത്തിൽ എം.പീ ഫണ്ട് ചെലവഴിക്കുന്ന കാര്യത്തിൽ ഈ കുറ്റകരമായ അനാസ്ഥ കാട്ടിയ വ്യക്തികളിൽ നമ്മുടെ പ്രധാന മന്ത്രിയും ഉൾപ്പെടുന്നു. കേന്ദ്രസർക്കാർ ഒരു കൊല്ലം പൂർത്തിയാക്കുന്പോൾ എം.പീ ഫണ്ടിന്റെ എട്ടു ശതമാനത്തിനടുത്ത് മാത്രമാണത്രേ വാരണാസിയുടെ ജനപ്രതിനിധി ഇതുവരെ ചെലവാക്കിയിരിക്കുന്നത്. രാജ്യത്തെ നന്നാക്കുന്നതിനിടെ സ്വന്തം മണ്ധലത്തിന്റെ കാര്യം നോക്കാൻ സമയം തികഞ്ഞില്ല എന്ന ന്യായം പറഞ്ഞ് ഇതിന്റെ ബാധ്യതയിൽ നിന്നും നരേന്ദ്ര മോഡിക്ക് ഒഴിഞ്ഞു നിൽക്കാനാവില്ല. പ്രധാനമന്ത്രിക്ക് രാഷ്ട്രനായകൻ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ ഉണ്ട് എന്ന ഉടക്ക് ന്യായം വേണമെങ്കിൽ പറയാം. പക്ഷെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം പോലുമില്ലാത്ത പ്രധാന പ്രതിപക്ഷ കക്ഷികളിൽ ഒന്നായ കോൺഗ്രസിന്റെ നായിക ശ്രീമതി സോണിയാജി ഇക്കാര്യത്തിൽ എന്ത് ന്യായം പറയുമെന്നറിയില്ല. എം.പീ ഫണ്ടിൽ നിന്നും ഒരു ചില്ലിക്കാശു പോലും മാഡം ഇതുവരെ ഓരൊറ്റക്കുഞ്ഞിനു കൊടുത്തിട്ടില്ല.
അങ്ങനിപ്പം ഒരുത്തനും രക്ഷപ്പെടേണ്ട എന്ന ഇവരുടെയൊക്കെ മനോഭാവം മാറിയാൽ തന്നെ നമ്മുടെ രാജ്യം പാതി രക്ഷപ്പെടും.