ഇന്ത്യയുടെ മകളും ചില വസ്തുതകളും
ആഫിക്കൻ ഭൂഖണ്ധത്തിൽ ദക്ഷിണാഫ്രിക്കയെന്ന വലിയ രാജ്യത്തിനുള്ളിലുള്ള ചെറു രാജ്യമാണ് ലെസോത്തോ. ആഗോള കണക്കെടുപ്പുകളിൽ ഒന്നിൽ പക്ഷെ ആ കുഞ്ഞൻ രാജ്യം ഒന്നാമതാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് കുപ്രസിദ്ധമാണ് ലെസോത്തോ. ബലാൽക്കാരങ്ങളേക്കുറിച്ചുള്ള ആഗോള പഠന റിപ്പോർട്ടുകളെല്ലാം ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം ഈ രാജ്യത്തിനാണ് എന്നാണു കണ്ടെത്തിയിരിക്കുന്നത്. ലെസൊത്തൊയുമായി ഭൂമിശാസ്ത്ര പരമായോ സാംസ്കാരികമായോ യാതൊരു ബന്ധവുമില്ലാത്ത രാജ്യമാണ് സ്വീഡൻ. യൂറോപ്പുമായി സംസർഗ്ഗമുള്ള ഒരു സ്കാൻഡിനേവിയൻ രാജ്യം. പക്ഷെ മാനഭംഗങ്ങളുടെ കണക്കെടുപ്പുകളിൽ അപരിഷ്കൃതമായ ലെസൊത്തോയക്ക് തൊട്ടടുത്താണ് സ്വീഡന്റെ സ്ഥാനം.
ലണ്ടനിലെ ഐ.ബി ടൈംസും യൂറോപ്യൻ ഏജൻസിയായ നേഷൻ മാസ്റ്ററുമൊക്കെ നടത്തിയ സർവ്വേ ഫലങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഒരു പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് പരിഷ്കൃത രാജ്യമായ ന്യൂസിലാന്റ് ആണ്.(http://www.nationmaster.com/country-info/stats/Crime/Rape-rate).
ആളോഹരി മാനഭംഗക്കണക്കിന്റെ പട്ടികയിൽ പതിനഞ്ചാം സ്ഥാനത്തുള്ള രാജ്യമാണ് ജർമ്മനി. പല യൂറോപ്യൻ രാജ്യങ്ങളും ഇവർക്ക് ഒപ്പവും അടുത്തും ഒക്കെയുണ്ട്. പേരു ദോഷം പേറുന്ന ഇന്ത്യയും അമേരിക്കയുമൊക്കെ ഈ പട്ടികയിൽ ഏറെ താഴെയാണ്.
പട്ടികകൾ പലതുണ്ടെങ്കിലും പല രാജ്യങ്ങളിലും സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ പൂർണ്ണമായും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾക്ക് യാതൊരു സ്ഥിരീകരണവും ലഭിക്കുന്നുമില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ ജർമ്മനിയിൽ നിന്നുള്ള ഒരു വാർത്ത ശ്രദ്ധേയമാവുന്നു. ജർമ്മനിയിലെ ഒരു സർവ്വകലാശാലയിൽ ഇന്ത്യയിൽ നിന്നുള്ള ആൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ചത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ആനറ്റ് ബെക്സി കിംഗർ എന്ന അദ്ധ്യാപികയാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചത്. ഇതിന് അവർ ഉന്നയിച്ചത് വളരെ പ്രാധാന്യമുള്ളൊരു കാരണമാണ്. ഇന്ത്യ ബലാൽസംഗങ്ങളുടെ നാടാണ് എന്നാണ് ആനറ്റിന്റെ നിലപാട്. അതുകൊണ്ട് ആ നാട്ടിൽ നിന്നുള്ള യുവാക്കളെ അകറ്റി നിർത്തുന്നതാണത്രെ ബുദ്ധി. പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർത്ഥിയെ ഇ മേയിലിലൂടെയാണ് ലെയ്പ്സിഗ് സർവ്വകലാ ശാലയിലെ ഈ അദ്ധ്യാപിക പ്രവേശനം നൽകാനാവില്ലെന്ന വിവരം അറിയിച്ചത്. പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർത്ഥിയെ കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. എന്നാൽ സംഗതി പുറത്തറിഞ്ഞതോടെ അധികൃതർ തിരുത്തും ക്ഷമായാചനവും ഒക്കെ ആരംഭിച്ചിട്ടുണ്ട്.
ഇതൊരു വ്യക്തി വികലമായ കാഴ്ചപ്പാട് എന്ന് വേണമെങ്കിൽ നമുക്ക് വിലയിരുത്താം. പക്ഷെ അങ്ങനെ നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല ഈ സംഭവം. നമ്മുടെ രാജ്യത്തെ കുറിച്ച് ബാഹ്യ ലോകത്തിനുള്ള ധാരണ ഇത്തരത്തിൽ മാറിയിട്ടുണ്ട് എന്ന് സംശയ ലേശമന്യേ വ്യക്തമാക്കുന്നതാണ് ഈ ജർമ്മൻ വൃത്താന്തം.
സർപ്പങ്ങളുടേയും സന്യാസിമാരുടേയും മാന്ത്രികരുടേയും നാടായിരുന്നു ഭാരതം എന്നതായിരുന്നു പാശ്ചാത്യർക്ക് പണ്ട് നമ്മളെ കുറിച്ചുള്ള ധാരണ. ഇത് പിന്നീട് പൗരാണികവും സംസ്കാര സന്പന്നവുമായ ദേശം എന്ന് തിരുത്തപ്പെട്ടു. ആധുനിക കാലത്ത് ഏറ്റവും ശക്തമായ രാഷ്ട്രങ്ങളിലഒന്നായും ഭാരതം വിലയിരുത്തപ്പെടുന്നു. ഈ യാഥാർത്ഥ്യങ്ങളെല്ലാം നൽകുന്ന പകിട്ട് ഇല്ലാതാക്കുന്നതും നമ്മുടെ പ്രതിച്ചായയിൽ കരിവാരി തേയ്ക്കുന്നതുമാണ്. ചില സംഭവങ്ങൾ ബോധാപൂർവ്വമോ അല്ലാതെയോ നമ്മൾ ആഘോഷമാക്കുന്പോഴാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. മാനഭംഗ വാർത്തകളെല്ലാം രഹസ്യമാക്കി വെയ്ക്കണമെന്നല്ല അതിനർത്ഥം. എന്നാൽ അവ ആഘോഷിക്കപ്പെടാതിരിക്കാനും തൽപ്പര കക്ഷികൾ നമ്മുടെ നാടിനെ നാണം കെടുത്താൻ ഉപയോഗിക്കപ്പെടാതിരിക്കാനും നമ്മൾ കരുതൽ കാട്ടണം. ഇന്ത്യയുടെ മകൾ വിവാദവും ജർമ്മനിയിൽ നിന്നുള്ള വാർത്തയും നൽകുന്ന സൂചന അതാണ്.