സ്നേഹമില്ലാത്ത മൃഗം
ബഹ്റിൻ കേരളീയ സമാജത്തിൽ ഹരീഷ് മേനോനൊരുക്കിയ മത്തായിയുടെ മരണം എന്ന നാടകത്തിലെ മത്തായിക്കായി മന:പാഠമാക്കിയ ഒരു സംഭാഷണ ശകലം ആവർത്തിക്കട്ടെ. “ ഈ ഭൂമിയിൽ സ്നേഹിക്കാനും വിശ്വസിക്കാനും കൊള്ളാത്ത ഏക ജീവി മനുഷ്യനാ “. മനുഷ്യകുലത്തെ അടച്ചു അധിക്ഷേപിക്കാൻ ഉദ്ദേശിച്ചല്ല ഇങ്ങനെ പറയുന്നത് എന്ന മുൻകൂർ ജാമ്യത്തോടെ നമുക്കൊന്നു ചുറ്റും നോക്കാം. മനുഷ്യ സ്നേഹത്തെ അത്ഭുതപ്പെടുത്തുന്ന സ്നേഹത്തിന്റെയും നന്ദിയുടെയും ഒക്കെ കാഴ്ചകൾ മൃഗ ലോകത്തു നിന്നും നമുക്കു കാണാൻ കഴിയും. മൃഗ സ്വഭാവം പ്രവചനാതീതമാണ് എന്നാണ് പൊതുവെ പറയുന്നത്. എന്നാൽ ആ വാദം പൊളിച്ചടുക്കുന്ന എണ്ണമില്ലാത്ത മൃഗ സ്നേഹ ഗാഥകളും നമ്മൾ കേട്ടിട്ടുണ്ട്.
സ്വന്തം കൂടെപ്പിറപ്പുകളെയോ മക്കളെയോ എന്ന പോലെ ആഫ്രിക്കൻ വനാന്തരങ്ങളിലെ സിംഹ രാജാക്കന്മാരുമായി ഇടപഴകുന്ന കെവിൻ റിച്ചാർഡ്സണിന്റെ കഥ ഇതിൽ ഒന്നാണ്. സിംഹങ്ങളോടു മന്ത്രിക്കാൻ ശേഷിയുള്ളവൻ (The lion whisperer) എന്നാണ് കെവിന്റെ വിശേഷണം തന്നെ. കെവിന്റെ ഈ സിദ്ധിക്ക് പിന്നിലെ രഹസ്യം എന്താണെന്നതിനു വിശദീകരണം ഒന്നുമില്ല. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള റോബർട്ട് ബിഗ്സിന്റെ കഥയാണ് മറ്റൊന്ന്. വനയാത്രകൾ ലഹരിയാണ് ബിഗ്സിന്. കാട് രണ്ടാം വീടു തന്നെയുമാണ്. അങ്ങനെയൊരു ദിവസം വനയാത്ര നടത്തുന്നതിനിടെ ഒരു അമേരിക്കൻ പർവ്വത സിംഹം ബിഗ്സിനു മേൽ ചാടിവീണു. പെട്ടെന്ന് ഒരു കൂറ്റൻ തള്ളക്കരടി ആ സിംഹത്തെ ആക്രമിക്കുകയും തുരത്തിയോടിക്കുകയും ചെയ്തു. വർഷങ്ങൾക്കു മുന്പ് താൻ രക്ഷിച്ച കരടിയായിരുന്നു സിംഹം ആക്രമിച്ച വേളയിൽ തന്റെ തുണക്കെത്തിയത് എന്നാണ് ബിഗ്സ് പറയുന്നത്.
ഇങ്ങനെ സ്നേഹത്തിന്റെ ഒട്ടേറെ സന്ദർഭങ്ങൾ മൃഗങ്ങളുമായി ബന്ധപ്പെട്ട് നമുക്ക് കണ്ടെത്താം. എങ്കിലും ഇതിലുമേറെ മൃഗീയ കഥകൾ ഇതിനെതിരായും പറയാനുണ്ടാവും. ഈ മൃഗ പാതകങ്ങളിൽ ചിലതിലെങ്കിലും മൃഗത്തെ വെറി പിടിപ്പിച്ചതും മരണത്തിന് ആത്യന്തികമായി വഴി വെച്ചതും അതാതിടങ്ങളിൽ തന്നെയുള്ള മനുഷ്യർ തന്നെയാകുന്നതും വിരളമല്ല. ഡൽഹി മൃഗശാലയിൽ മൊബൈൽ ഫോട്ടോയെടുപ്പിനിടെ കടുവയുടെ കൂട്ടിലേക്ക് വീണു പോയ യുവാവിന്റെ അന്ത്യം ഇതിന് ഉത്തമ ഉദാഹരണമാണ്. ഏറെനേരം യുവാവിനെ ഉപദ്രവിക്കാതെ നോക്കിനിന്ന കടുവ അയാളെ കടിച്ചെടുത്ത് കൊണ്ട് മാറാൻ കാരണം മൊബൈൽ വീഡിയോ എടുക്കാനും കാഴ്ച കാണാനും കല്ലെറിയാനും തടിച്ചു കൂടിയവരുടെ ബഹളമായിരുന്നു എന്നാണ് വിലയിരുത്തൽ. ആ യുവാവിനെ അപായപ്പെടുത്താൻ കടുവ ഉദ്ദേശിച്ചിരുന്നില്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
സ്വന്തം വീടുകളിലെ കുട്ടി നായ്ക്കളും തത്തമ്മയും ആട്ടിൻ കുട്ടിയും ആടും പശുവുമൊക്കെ നമ്മളോട് ഇണങ്ങി ഇടപെട്ടതിന്റെ കഥകൾ എത്രവേണമെങ്കിലും നമുക്കൊക്കെ ഓർത്തെടുക്കാം. മലയാളിക്ക് സ്വന്തമായി ഉണ്ടെങ്കിലും ഇല്ലെങ്കിലും ആനയുമായി ബന്ധപ്പെട്ട കഥകളാണ് അടുത്തത്. മിത്തുകളിൽ തൊട്ട് നാടൻ വർത്തമാനങ്ങളിൽ വരെ ഇത്തരം ആന സ്നേഹത്തിന്റെ എണ്ണമില്ലാത്തത്ര കഥകളുണ്ട്. ഗുരുവായൂർ കേശവൻ തൊട്ട് പാന്പാടി രാജൻ വരെയുള്ള ആനത്താരങ്ങളെ കുറിച്ച് പറയുന്പോൾ നമ്മിൽ പലർക്കും ആയിരം നാവാണ്. അങ്ങനെയൊക്കെ ആണെങ്കിലും ആനകളുടെ പരിപാലനം എളുപ്പമല്ല. ചങ്കൂറ്റമുള്ള ഒരു പറ്റം പാപ്പാന്മാരും ആനയുടമകളും ആന വൈദ്യന്മാരും എലിഫന്റ് സ്ക്വാഡുമൊക്കെ ആത്മാർത്ഥമായി അദ്ധ്വാനിക്കുന്നതുകൊണ്ടാണ് നമുക്കൊക്കെ ആനപ്രേമം തുടരാനാവുന്നത്.
മാന്യമായ തൊഴിലും ശന്പളവും ഒക്കെയുണ്ടായിട്ടും ആനപ്രേമത്തിന്റെ ചുമലേറിയാണ് അപൂർവ്വം മൃഗരോഗ ചികിത്സകർ എലിഫന്റ് സ്ക്വാഡിൽ അംഗങ്ങളാകുന്നത്. ആനയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും മയക്കു വെടിക്കും ഒക്കെ നേരഭേദമില്ലാതെ ഇവർ സ്വയം സമർപ്പിച്ചിരിക്കുന്നു. ഇത്തരത്തിൽ ഒരാളായിരുന്നു ഡോക്ടർ ഗോപകുമാർ. കഴിഞ്ഞ ദിവസം ഒരാനയെ മയക്കു വെടി വച്ച് തളക്കുന്നതിനിടെ ഉണ്ടായ ഡോക്ടറുടെ ദാരുണാന്ത്യത്തിനു പിന്നിലും ഡൽഹി മൃഗശാലയിലെതിനു സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഡോക്ടർ ദൗത്യം നിർവ്വഹിക്കുന്നതിന്റെ മൊബൈൽ വീഡിയോ ചിത്രങ്ങൾ പകർത്തുന്നവരുടെ ഫ്ളാഷ് ലൈറ്റുകളും ബഹളവുമാണ് അദ്ദേഹത്തിന്റെ മരണത്തിനു വഴിവെച്ചത് എന്നാണ് വിലയിരുത്തൽ. കൃത്യ നിർവ്വഹണത്തിനിടെ ഡോക്ടർ നടത്തിയ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ പോലും മനുഷ്യത്വം കൈമോശം വന്ന ജനക്കൂട്ടം ചെവിക്കൊണ്ടില്ല. മികച്ച ആക്ഷൻ വീഡിയോ ഫേസ്ബുക്കിലും വാട്സ് ആപ്പിലും അപ്-ലോഡ് ചെയ്താൽ കിട്ടുന്ന ലൈക്കുകളെയും കമന്റുകളെയും കുറിച്ചുള്ള ചിന്തക്കിടെ അവരിലെ മനുഷ്യത്വം മരവിച്ചു നിന്നു. ഇത്തരം സാഹചര്യങ്ങളിൽ തുടക്കത്തിൽ പറഞ്ഞ വാചകം ഏറെ പ്രസക്തമാകുന്നു. “ഭൂമിയിൽ സ്നേഹിക്കാനും വിശ്വസിക്കാനും കൊള്ളാത്ത ഏക ജീവി മനുഷ്യനാണ്.
വി.ആർ. സത്യദേവ്