കൊള്ളക്കാരെ വിട്ടു കള്ളന്മാരെ പിടിക്കുന്നവർ
നിയമലംഘനം ഒരിക്കലും ആശാസ്യമല്ല. ഓരോ സമൂഹങ്ങളുടെയും സാമൂഹിക സമതുലിതാവസ്ഥ നിലനിർത്തുന്നതിനായാണ് അതാത് സമൂഹങ്ങൾ തങ്ങളുടെ നിയമ വ്യവസ്ഥകൾക്ക് രൂപം നൽകുന്നത്. നിയമങ്ങൾ കൃത്യമായി പാലിക്കാൻ പ്രാപ്തമായ പോലീസ് സംവിധാനവും കൂടിയുള്ള രാജ്യങ്ങൾ നിയമ പരിപാലന രംഗത്ത് മികവു നേടുന്നു. അത്തരങ്ങളിലുള്ള രാഷ്ട്രങ്ങളിൽ കുറ്റകൃത്യങ്ങൾ കുറയുന്നു. കുറ്റം ചെയ്‌താൽ പിടിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നും ഉറപ്പായാൽ കുറ്റവാളികൾ പുനരാലോചനകൾക്കു നിർബ്ബന്ധിതരാകും. ശിക്ഷകളുടെ പ്രസക്തി അതാണ്. കുറ്റം ചെയ്‌താൽ പിടികൂടുകയും ശിക്ഷിക്കുകയും വേണം.
അത്തരത്തിൽ കാണുന്പോൾ തമിഴ്നാട് സ്വദേശി തങ്കയ്യാ തേവരുടെ മകൻ അന്തോണി രാജ് എന്ന അന്പതുകാരന്റെ അറസ്റ്റ് പ്രത്യക്ഷത്തിൽ ന്യായമാണ്. കുറ്റകൃത്യം നടത്തി എത്രകാലം കഴിഞ്ഞാലും പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ജാഗ്രതയോടെ തുടരുമെന്നതിന്റെ ഉദാഹരണമാണ് പ്രതി മുങ്ങി 32 വർഷം കഴിഞ്ഞുള്ള ഈ പിടികൂടൽ. ശബരിമല സീസണിൽ കാലത്ത് സ്വയം മല കയറാനാവാത്ത തീർത്ഥാടകരെ കൊണ്ട് പോകുന്ന ഡോളി ചുമക്കാൻ പതിവായി എത്തുന്നു എന്നറിഞ്ഞാണ് പോലീസ് ഇയാളെ കുടുക്കിയത്. പതിനെട്ടാം വയസ്സിൽ കള്ളനോട്ടു കൈവശം വെച്ചതിനു പിടിക്കപ്പെട്ട് ജാമ്യ കാലത്ത് മുങ്ങിയ പ്രതിയാണ് അന്തോണി രാജ്. മുങ്ങിയ അന്തോണി തമിഴ്നാട്, കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
നിയമപാലന സംവിധാനങ്ങളുടെ ശുഷ്കാന്തിയെ ഇക്കാര്യത്തിൽ പ്രശംസിക്കുന്പോൾ മറ്റൊരു വശം കൂടി കാണാതിരിക്കാനും കഴിയുന്നില്ല. ഒരു കുറ്റകൃത്യം ചെയ്യുന്നയാൾക്ക് അതുകൊണ്ട് ശാരീരികവും മാനസികവും ഭൗതികമായി മറ്റുതരത്തിലും ലാഭങ്ങൾ ഉണ്ടാവുന്നു എങ്കിൽ അതിനെക്കുറിച്ച് അറിയുന്ന മറ്റു ചിലർക്കെങ്കിലും വഴിവിട്ട് ചരിക്കാനും ആ തെറ്റുകൾ ആവർത്തിക്കാനും തോന്നാം. പക്ഷേ അന്തോണി രാജിന്റെ കാര്യം പരിശോധിച്ചാൽ അയാളുടെ തെറ്റ് ആവർത്തിക്കാൻ അയാൾക്കു പോലും തോന്നുമോ എന്ന കാര്യം സംശയകരമാണ്.
പതിനെട്ടാം വയസ്സിൽ ഏതോ ഒരു സാഹചര്യത്തിൽ എളുപ്പത്തിൽ ധനികനാകുക എന്ന ലക്ഷ്യത്തോടെ കള്ളനോട്ടിടപാടിൽ പങ്കാളിയായ അയാളുടെ ഇന്നത്തെ സ്ഥിതി തന്നെ ഇതിന് ഉദാഹരണമാണ്. അധികം ഭാരമില്ലാത്ത ഇരുമുടിക്കെട്ടും ചുമന്ന് പന്പയിൽ നിന്നും ശബരിമല വരെയുള്ള ദൂരം താണ്ടുക എന്നത് തന്നെ അതീവ ശ്രമകരമായ കർമ്മമാണ്. ഇരുമുടിയുടെ സ്ഥാനത്ത് അൻപതും നൂറും കിലോ ഭാരമുള്ള ഭക്തരെ പല്ലക്കിനു സമാനമായ ചൂരൽ കസേരയിൽ ഇരുത്തിയാണ് നാലു ഡോളിക്കാർ ചേർന്നു ചുമന്നു മല കയറ്റുന്നത്. കൊട്ടാരങ്ങൾ കെട്ടിപ്പൊക്കാനോ ആഢംബര കാറുകൾ വാങ്ങാനോ ഒന്നും ഉദ്ദേശിച്ചു വരുന്നവർ ഈ തൊഴിൽ ചെയ്യുന്നില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരിലെ കരുത്തന്മാർ മാത്രമാണ് ഈ ചുമട്ടുകാർ. ജീവിത ഭാരം ചുമക്കാൻ ബുദ്ധിമുട്ടുന്നവർ. അവരിലൊരാളാണ് അന്തോണി രാജ്. പതിനെട്ടാം വയസിൽ ചെയ്ത കുറ്റം അയാളുടെ ജീവിത സാഹചര്യങ്ങൾ ഒരുതരത്തിലും മെച്ചപ്പെടുത്തിയില്ല. മാത്രമല്ല അതു മൂലം കാരാഗൃഹ വാസത്തേക്കാൾ ദുരിത പൂർണ്ണമായ അജ്ഞാത വാസത്തിന്റെയും ദാരിദ്യത്തിന്റെയും മാത്രമായ മൂന്നു പതിറ്റാണ്ടുകൾ അയാൾക്ക് തള്ളി നീക്കേണ്ടിയും വന്നു. ചെയ്ത കുറ്റത്തിന് സ്വന്തം ജീവിതം കൊണ്ട് തന്നെ ശിക്ഷ അനുഭവിച്ചു തീർത്ത ഒരാൾക്ക് ഇതിൽ കൂടുതൽ എന്ത് ശിക്ഷയാണ് ഇനി നൽകാനാവുക.
ഒരു നിയമ വ്യവസ്ഥിതിയിൽ അന്തോണി രാജിനെതിരെയുള്ള നിയമ നടപടികൾ ശരിയല്ലെന്നോ പാടില്ലെന്നോ സ്ഥാപിക്കാൻ ഈ വാദ ഗതികൾ മതിയാവില്ല. പിടികൂടി ശിക്ഷ അനുഭവിച്ചു തീരും വരെ അയാൾ നിയമ നടപടികൾക്കു വിധേയൻ തന്നെയാണ്. എന്നാൽ ഇവിടെ ഈ നിയമ വ്യവസ്ഥ അതിനു വിധേയരാവേണ്ടവരോടെല്ലാം ഇതേ തരത്തിൽ കർക്കശ നിലപാട് എടുക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഉദാഹരണത്തിന് ദേശീയ തലത്തിൽ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സുനന്ദ പുഷ്കർ സംഭവം തന്നെ പരിഗണിക്കാം. കേന്ദ്ര മന്ത്രിയായിരുന്ന ശശി തരൂർ എന്ന താരത്തിന്റെ താര പത്നിയുടെ ദാരുണാന്ത്യം നടന്ന് വർഷം ഒന്നു തികയുകയാണ്. അന്ന് സംഭവം നടന്ന ഹോട്ടലിൽ തരൂരിന്റെ ഉദ്യോഗസ്ഥരിലൊരാൾ മാധ്യമങ്ങളെ അഭിമുഖീകരിച്ചപ്പോൾ ആദ്യം പറഞ്ഞ വാചകങ്ങൾ “മരണത്തിനു പിന്നിൽ അസ്വാഭാവികത ഒന്നുമില്ല “ എന്നായിരുന്നു. ആരോപണങ്ങൾ ഒരുപാട് അന്നേ ഉയർന്നിരുന്നു എങ്കിലും സുനന്ദയുടേത് അസ്വാഭാവിക മരണമായിരുന്നു എന്ന് സ്ഥിരീകരിക്കാൻ ഒരു വർഷവും ഒരു ഭരണ മാറ്റവും വേണ്ടിവന്നു. വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ ഭാര്യ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചാൽ മറ്റൊരു തെളിവും ഇല്ലെങ്കിൽ പോലും ഭർത്താവിനെതിരെ കേസെടുക്കാം എന്ന വ്യവസ്ഥയുള്ളപ്പോൾ ഇപ്പോഴും കേസിലെ ഭർത്താവിനെ തൊടാൻ ഭയന്ന് നമ്മുടെ പോലീസ് സംവിധാനം മാറി നിൽക്കുന്നു. ഇതൊക്കെ ചേർത്തു വായിക്കുന്പോൾ അന്തോണിമാരുടെ അറസ്റ്റ് യഥാർത്ഥത്തിൽ തെറ്റായ സൂചനകളല്ലേ സമൂഹത്തിന് നൽകുന്നത് എന്ന സംശയം ബലപ്പെടുകയാണ്.
