കേരള മോഡൽ കോപ്രായങ്ങൾ
നമ്മൾ മലയാളികൾ മറ്റു പല നാട്ടുകാരേക്കാളും ബുദ്ധിമാന്മാരും കഠിനാദ്ധ്വാനികളും വിശ്വസ്തരുമാണ് എന്നാണ് വെയ്പ്. സംസ്ഥാന അതിർത്തിക്ക് അപ്പുറത്തുള്ള ഏതു നാട്ടിൽ ചെന്നാലും ഇത് സത്യമാണെന്ന് നമുക്കും മറ്റുള്ളവർക്കും ബോദ്ധ്യമാവുകയും ചെയ്യും. പക്ഷെ സ്വന്തം നാട്ടിൽ ഇങ്ങനെ മികവു തെളിയിക്കാൻ നമുക്ക് പലപ്പോഴും കഴിയാറില്ല.
ഇതിനു പതിവായി പല കാരണങ്ങളും നമ്മൾ നിരത്താറുമുണ്ട്. പലരെയും പഴി പറയാറുമുണ്ട്. അതിൽ ഏറ്റവും പുതിയതാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരെയുള്ള നമ്മുടെ ആരോപണങ്ങൾ. കഴിഞ്ഞ ദിവസം ഗുജറാത്തിലെ അഹമ്മദാബാദിൽ അരങ്ങേറിയ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിനു തുടർച്ചയായി സംഘടിപ്പിച്ച വൈബ്രൻ്റ് ഗുജറാത്തിനെ ചൊല്ലിയാണ് കേരളം പ്രധാനമന്ത്രിക്ക് നേരെ വിരൽ ചൂണ്ടുന്നത്. പ്രധാന മന്ത്രിപദവിയിൽ എത്തിയിട്ടും ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ തന്നെയായിരുന്നു മോഡിയുടെ പ്രവർത്തനം എന്നും ഗുജറാത്തിലേക്ക് വൻ തോതിലുള്ള നിക്ഷേപം വരാൻ കാരണം അതാണെന്നും നമ്മൾ ശക്തിയുക്തം ആരോപിച്ചു. ഗുജറാത്തിനപ്പുറം ഭാരതത്തിന്റെ സമഗ്ര വികസനമാണ് ലക്‌ഷ്യം വെയ്ക്കേണ്ടത് എന്ന അതിശക്തമായ വാദം നമ്മൾ ഉന്നയിച്ചു. സംഗതി സത്യമാണ്. നമ്മുടെ സംസ്ഥാനവും ഭാരത ഭൂമിയുടെ ഭാഗമാണ്.അതുകൊണ്ട് അവിടെയും സമഗ്ര വികസനം കൊണ്ടുവരാൻ മോഡിയെന്ന പ്രധാനമന്ത്രിക്കു ബാദ്ധ്യതയുമുണ്ട്. ഗുജറാത്തിലാകാമെങ്കിൽ എന്തുകൊണ്ട് അതിനേക്കാൾ നല്ല സംസ്ഥാനമായ കേരളത്തിൽ ആയിക്കൂടാ? സംശയം തികച്ചും ന്യായമാണ്. പക്ഷെ ഈ സംശയത്തിനു മോഡി പറയും മുൻപ് മറുപടി പറയാൻ നമുക്കല്ലേ ബാദ്ധ്യത. എന്തുകൊണ്ട് സസ്യ ശ്യാമള കോമളവും ധാതു സന്പുഷ്ടവും സാങ്കേതിക വിദഗ്ദ്ധ സന്പന്നവും ഒക്കെയായ ഭൂമി മലയാളത്തിൽ ആശിച്ച വ്യാവസായിക വികസനം സാധ്യമാക്കാൻ സാധിക്കുന്നില്ല.
നമുക്ക് കുറച്ചൊന്നു പിന്നോട്ടു തിരിഞ്ഞു നോക്കാം. പണ്ട് ഭൂമി മലയാളത്തിൽ എ.കെ ആന്റണി വാഴും കാലം. വ്യവസായ കേരളത്തിനു പുത്തനുണർവ്വു പകരുമെന്ന പ്രത്യാശ വാനോളമുയർത്തിക്കൊണ്ട് കൊച്ചിയിൽ ഒരു ആഗോള നിക്ഷേപക സംഗമം നടന്നു. വ്യവസായ വികസനത്തിനും സംസ്ഥാന പുരോഗതിക്കുമുള്ള അവസാന വണ്ടി എന്നായിരുന്നു അന്ന് അതിനെ പറ്റി പറഞ്ഞു കേട്ടത്. നമ്മുടെ സംസ്ഥാനത്തിന്റെ മഹിമകളും സാദ്ധ്യതകളും ഉദ്ഘോഷിച്ചു കൊണ്ട് നടത്തിയ ആ സംഗമത്തിന് ജിം എന്നായിരുന്നു ഓമനപ്പേര്. പലതരത്തിലുള്ള പെരുമകൾ കേട്ടറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി നിക്ഷേപകർ നമ്മുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തുകയും ചെയ്തു. 2003 ലായിരുന്നു കൊച്ചിയിൽ ജിം അരങ്ങേറിയത്.
മൊത്തം 26000 കോടിയുടെ നിക്ഷേപ സാദ്ധ്യതയായിരുന്നു ജിം മുന്നോട്ടു വെച്ചത്. പക്ഷെ കാലത്തിന്റെ കുത്തൊഴുക്കിൽ ജിം നമ്മുടെ വികസന വിരുദ്ധതയുടെ മറ്റൊരു മകുടോദാഹരണം മാത്രമായിത്തീർന്നു. കുറെ കഴിഞ്ഞപ്പോൾ നമ്മൾ ഓർമ്മിക്കാൻകൂടി ആഗ്രഹിക്കാത്ത ഒരു പ്രഹസനവും. പക്ഷെ വീഴ്ചയിൽ തളരുന്നവരല്ല മലയാളികൾ. ജിമ്മിന്റെ വീഴ്ചകളിൽ നിന്നും പാഠം ഉൾക്കൊണ്ട് കേരളത്തിന്റെ വികസനം സാദ്ധ്യമാക്കാനുള്ള നവ നവങ്ങളായ പദ്ധതികളുമായി നമ്മൾ വീണ്ടും രംഗത്തെത്തി. ആന്റണിയുടെ അനുയായിയായിരുന്ന ശ്രീമാൻ ഉമ്മൻ ചാണ്ടിയുടെ വകയായിരുന്നു പുതിയ ജിം. പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ അങ്ങനെ 2012ൽ എമേർജിംഗ് കേരള പിറന്നു. പല തരത്തിലുള്ള 45 പദ്ധതികളുടെ കാര്യത്തിലാണ് എമേർജിംഗ് കേരളയിൽ തീരുമാനമായത്. മൊത്തം നാൽപ്പതിനായിരം കോടിയുടെ പദ്ധതികൾ. കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവുമൊക്കെ എമേർജിംഗ് കേരളയുടെ ഭാഗമാക്കിയതിനാൽ ഇന്നും അതിന്റെ തുടർച്ചയായ എന്തൊക്കെയോ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്ന് വേണമെങ്കിൽ വിലയിരുത്താം.
എന്നാൽ അതിനപ്പുറം നമ്മുടെ സംസ്ഥാനത്തിന്റെ വ്യാവസായിക രംഗത്തിന്റെ സമഗ്ര വികസനത്തിനു ഗുണകരമാകുന്ന എന്തെങ്കിലും സംഭവിച്ചോ എന്നൊന്ന് വിലയിരുത്തിയാൽ ഫലം നാസ്തി. കൊട്ടിഘോഷിച്ചു നമ്മൾ പ്രഖ്യാപിച്ച എയർ കേരള ഇന്നും മലയാളിയുടെ സ്വപ്നങ്ങളിൽ മാത്രം പറന്നുല്ലസിക്കുന്നു. പ്രതീക്ഷകളുടെ ചിറകു വിരിച്ചു പറന്നുയർന്ന സീ പ്ലെയിൻ പദ്ധതി പാതി വഴിയിൽ ക്രാഷ് ലാൻഡ് ചെയ്തു. പട്ടികയിലെ മറ്റിനങ്ങളുടെ കാര്യം കൂടി പരിശോധിച്ചാൽ നമ്മുടെ നാട്ടിൽ വലിയ തോതിലുള്ള വ്യവസായത്തിന്റെ എമെർജിംഗ് അസാദ്ധ്യമാണെന്നു തന്നെ വിലയിരുത്തേണ്ടി വരും.
മറിച്ച് ഗുജറാത്താവട്ടെ ഇതേ പാതയിൽ ഇക്കാര്യത്തിൽ വലിയ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മൾ ജിം ആരംഭിച്ച 2003 ൽ തന്നെയാണ് ഗുജറാത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോഡി വൈബ്രൻ്റ് ഗുജറാത്ത് ആരംഭിച്ചത്. ജിം ആരംഭിച്ച ആന്റണി കേന്ദ്ര സർക്കാരിലെ രണ്ടാമനായിട്ടു പോലും കേരളത്തിന്റെ സ്വന്തം ജിമ്മിനു കാര്യമായ ഗുണമുണ്ടായില്ല. ഗുജറാത്തിൽ കേവലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് തന്നെ മോഡി വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു. കുറ്റം പറച്ചിലുകളല്ല നമ്മുടെ വികലമായ നയങ്ങളും നിലപാടുകളും തിരുത്തി യാഥാർത്ഥ്യ ബോധത്തോടെയുള്ള സമീപനം കൈക്കൊള്ളുകയാണ് നമ്മൾ ചെയ്യേണ്ടതെന്ന പാഠമാണ് ജിമ്മും എമേർജിംഗ് കേരളയും വൈബ്രൻ്റ് ഗുജറാത്തുമൊക്കെ പകർന്നു നൽകുന്നത്.