പഴുതില്ലാത്ത പ്രതിരോധം
വി.ആർ. സത്യദേവ്
ഒരു പക്ഷെ നമ്മൾ ഇപ്പോൾ നമ്മുടെ നാടിന്റെ ഹൃദയ ഭൂമികളിൽ എവിടെയെങ്കിലും നടന്ന കൊടും ഭീകരാക്രമണത്തിന്റെ ആഘാതത്തിൽ ആയിരുന്നേനെ. വാർത്താ ചാനലുകളിൽ ഇപ്പോൾ ആ ആക്രമണത്തിലെ മരണ സംഖ്യ ഉയരുന്നതിന്റെ ഫ്ളാഷ് ന്യൂസുകൾ മിന്നി മറഞ്ഞുകൊണ്ടിരുന്നേനെ. സമാനമായ മുൻ ദുരന്തങ്ങളേക്കുറിച്ചും രേഖാചിത്രങ്ങളും സാദ്ധ്യതകളും ഒക്കെവിശദമായി വിവരിക്കുന്ന റിപ്പോർട്ടുകൾ കൊണ്ട് പത്രങ്ങൾ തങ്ങളുടെ പേജുകളും വായനക്കാരന്റെ മനസും നിറച്ചേനെ. ചാനലുകളിൽ പ്രതിരോധ വിദഗ്ദ്ധരും മാധ്യമപ്പുലികളും രഹസ്യാന്വേഷണ വീഴ്ച്ചയെക്കുറിച്ചും നരേന്ദ്ര മോഡിയുടെയും രാജ്നാഥ് സിംഗിന്റെയും അരുണ് ജെയ്റ്റ്ലിയുടെയും ഒക്കെ പിടിപ്പു കേടുകളെ കുറിച്ചുള്ള വിശദമായ ഡിബേറ്റുകൾ നടത്തിയേനെ. പ്രതിപക്ഷ സിംഹങ്ങൾ തങ്ങളുടെ എല്ലാ നടപടി ദോഷങ്ങളും മറന്ന് തൊള്ള തുറന്നേനേ.
നമുക്ക് ആശ്വാസത്തിന്റെ നെടുവീർപ്പിടാം. അങ്ങനെയൊന്നുമല്ല സംഭവിച്ചത്. സംഘർഷഭരിതമായ പാകിസ്ഥാന്റെ തെക്ക് കിഴക്കൻ തുറമുഖ നഗരമായ കറാച്ചിയിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യൻ തീരനഗരങ്ങൾ ലക്ഷ്യമാക്കി ആക്രമണത്തിന്റെ കുന്തമുന നീണ്ടതും ഇരുളിന്റെ മറപറ്റി അവർ മുംബൈ നഗരത്തിൽ കടന്നു കയറിയിട്ടും അറിയാതെ പോയതും അറിഞ്ഞ വിവരങ്ങൾക്ക് വേണ്ട പരിഗണന നൽകാതെ പോയതിന്റെയും ഒക്കെ ദുരന്ത ഫലമായിരുന്നു 2008 നവംബർ 26 നുണ്ടായ മുംബൈ ദുരന്തം. ആക്രമണങ്ങളിൽ നിന്നും നമ്മൾ അതിവേഗം കരകയറും എന്ന് പലതവണ തെളിയിച്ചിട്ടുണ്ട്. വിലപ്പെട്ട ജീവനുകൾ ബലികൊടുത്ത ശേഷം അതിൽ നിന്നും കരകയറുന്നതിനേക്കാൾ പ്രധാനമാണ് ശത്രുവിന്റെ കരുനീക്കങ്ങൾ മുൻകൂട്ടിയറിഞ്ഞു മുളയിലേ നുള്ളുക എന്നത്. അമേരിക്കയും ഇസ്രായേലുമൊക്കെ അനുവർത്തിക്കുന്ന നയമാണത്. ശത്രുവിന്റെ പാളയത്തിൽ നമ്മുടെയൊരു ചാരക്കണ്ണുണ്ടായാലേ അത് സാധ്യമാകൂ. അത് എളുപ്പമല്ല. പ്രത്യേകിച്ച് നേതൃ തലത്തിൽ തന്നെ സ്വന്തം നാടിനെ വിലപറഞ്ഞു വിൽക്കാൻ മടിയില്ലാത്ത നായകന്മാർക്കു പഞ്ഞമില്ലാത്ത നമ്മുടെ രാജ്യത്ത്. രാജ്യത്തിന്റെ ശത്രുവായ ദാവൂദ് ഇബ്രാഹിമിനെ ഇല്ലാതാക്കാൻ നിറതോക്കിന്റെ കാഞ്ചിയിൽ വിരലമർത്താൻ തുടങ്ങിയ ധീരനായ പോരാളിയെ ഫോണിലൂടെ വിലക്കിയത് നമ്മുടെ ഭരണ സംവിധാനത്തിലെ ഒരു ഉന്നതൻ തന്നെയാണെന്ന വർത്തമാനം പുറത്തു വന്നിട്ട് അധിക കാലമായില്ല.
ഇത്തവണ അങ്ങനെയൊന്നുമുണ്ടായില്ല. സ്വന്തം അക്കൗണ്ടിൽ വീഴുന്ന പണത്തേക്കാൾ പ്രധാനം രാജ്യ താൽപ്പര്യങ്ങൾക്കാണെന്നു വിശ്വസിച്ചു പ്രവർത്തിക്കുന്ന നമ്മുടെ ഭരണ നേതൃത്വത്തെ ഇക്കാര്യത്തിൽ എത്ര പ്രശംസിച്ചാലും മതിയാവില്ല. മുംബൈ ഭീകരാക്രമണത്തിനു സമാനമായ ശൈലിയിൽ കറാച്ചിയിൽ നിന്ന് പുറപ്പെട്ട ബോട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി അറിയുന്നതിലും അതിനെ കടലിൽ വച്ചു തന്നെ കണ്ടെത്തി തടയുന്നതിലും പ്രതിരോധ സംവിധാനങ്ങൾ കാട്ടിയ മികവു തന്നെയാണ് ഒരു ദുരന്തം ഒഴിവാക്കിയത്. പക്ഷെ നമുക്ക് ആശ്വസിക്കാനും സമാധാനത്തോടെ കയ്യും കെട്ടിയിരിക്കാനും സമയമായിട്ടില്ല. പാകിസ്ഥാന്റെ പക്ഷത്തു നിന്നും ഏതു സമയത്തും ഇത്തരത്തിൽ ഇന്ത്യയെ ദുർബ്ബലപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ആക്രമണങ്ങൾ ഇനിയും ഉണ്ടായേക്കാം.
ഈ റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന്റെ അതിഥിയായി അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമ വരും മുന്പ് ഇന്ത്യയിൽ ഭീകരാക്രമണം നടത്താനാണ് അവരുടെ ശ്രമം. ഇതിനായി കശ്മീർ അതിർത്തിയിൽ പതിമൂന്നിടത്ത് പാക് തീവ്രവാദികൾ നുഴഞ്ഞു കയറാൻ തക്കം പാർത്തിരിക്കുന്നതായാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. അവർക്ക് നുഴഞ്ഞു കയറ്റത്തിന് അനുകൂല സാഹചര്യം ഒരുക്കുന്നതിനായാണ് അതിർത്തിയിൽ പലയിടത്തും പാക് സേന പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തുന്നത്. ജനാധിപത്യത്തെ പാർശ്വവൽക്കരിച്ച് സൈനിക മേധാവിത്വം തീവ്രവാദത്തെ പോറ്റി വളർത്തിയതിന്റെ ദുരന്ത ഫലം എത്രയനുഭവിച്ചിട്ടും പാകിസ്ഥാൻ അതിൽ നിന്നും പാഠം പഠിക്കുന്നില്ല. തെമ്മാടി രാഷ്ട്രങ്ങൾക്കൊക്കെ സ്വന്തം ചെയ്തികൾ നാശം മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. ഈ സത്യം പാകിസ്ഥാൻ തിരിച്ചറിയുന്നില്ല. അതീവ ഫലഭൂയിഷ്ടവും സാംസ്കാരികമായി അതിസന്പന്നവുമായ ഒരു മണ്ണാണ് നേതൃത്വത്തിന്റെ ലഷ്യ ബോധമില്ലായ്മ ഒന്നു കൊണ്ട് മാത്രം തീവ്രവാദത്തിന്റെ കളിത്തൊട്ടിലായി മാറിയിരിക്കുന്നത്.
ഇതിനൊപ്പം നിന്ദ്യമാണ് ഇന്ത്യൻ അതിർത്തിക്കുള്ളിലെ ഒരു പറ്റം വാർത്താ മാധ്യമങ്ങളുടെ ഇരട്ടത്താപ്പും പാക് പ്രണയവും. ഇതര മാധ്യമങ്ങളെല്ലാം പാകിസ്ഥാന്റെ ഭീകരാക്രമണ ശ്രമം ഇന്ത്യ തടഞ്ഞെന്നു റിപ്പോർട്ടു ചെയ്തപ്പോൾ ഗുജറാത്ത് തീരത്ത് പാക് മത്സ്യബന്ധന ബോട്ട് പൊട്ടിത്തെറിച്ചെന്ന് ഒരു ഇന്ത്യൻ പത്രം വാർത്തയെ നിസാര വൽക്കരിച്ച് പാക് പക്ഷപാതിത്വം വെളിവാക്കി.മറ്റൊരു ദേശീയ പത്രത്തിലെ കോളമിസ്റ്റാവട്ടെ തീര സംരക്ഷണ സേന തടഞ്ഞത് ഏതോ പാവം കള്ളക്കടത്തു ബോട്ടു മാത്രമായിരിക്കാമെന്ന് വിദഗ്ദ്ധമായി വിലയിരുത്തി. സേന വളഞ്ഞപ്പോൾ എങ്ങനെ, എന്തിന് കള്ളക്കടത്തുകാർ ഉഗ്രസ്ഫോടനം നടത്തി സ്വയം എരിഞ്ഞടങ്ങി എന്ന കാര്യത്തെക്കുറിച്ച് ഈ വിദഗ്ദ്ധൻ ഒന്നും മിണ്ടിയിട്ടേയില്ല. അതിർത്തിക്കപ്പുറത്തുള്ള ശത്രുക്കളെക്കാൾ നമ്മൾ സൂക്ഷിക്കേണ്ടത് രാജ്യ വിരുദ്ധരായ ഇത്തരം സഹോദരങ്ങളെത്തന്നെയാണ്.
