ജാതിക്കാലത്തെ ദൈവദശകപ്പെരുമ
വി.ആർ. സത്യദേവ്
മതം എന്നാൽ അഭിപ്രായം എന്നർത്ഥം. അഭിപ്രായങ്ങൾ നമ്മിൽ പലർക്കും പലതാണ്. ബഹുജനം പലവിധം എന്ന് പ്രമാണം. അങ്ങനെയുള്ള സമൂഹത്തിൽ ഒരേ അഭിപ്രായമുള്ളവർ ഒന്നിച്ചു ചേരുന്നത് സ്വാഭാവികം. അവരുടെ താൽപ്പര്യങ്ങളിലെ സമാനത പ്രവൃത്തികളിലെ സമാനതക്ക് വഴി വെയ്ക്കുന്നു. അത് ആചാരങ്ങളുടെ പിറവിക്കും കാരണമാകുന്നു. സ്വാഭാവികമായി ഗോത്രങ്ങളും ജാതികളും പിറവി കൊള്ളുന്നു. ആധുനിക സമൂഹങ്ങളിലെ രാഷ്ട്രീയ കക്ഷികളുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെയാണ്. ചിന്തകളിലെയും താൽപ്പര്യങ്ങളിലെയും പ്രവർത്തന ശൈലിയിലെയും സമാനതകൾ തന്നെയാണ് മതങ്ങളെന്നും കക്ഷികളെന്നുമൊക്കെ നമ്മൾ പേരിട്ടു വിളിക്കുന്ന കൂട്ടായ്മകളിലെ അംഗങ്ങളെ ഒന്നിച്ചു ചേർക്കുന്നത്. കുറെ കഴിയുന്പോൾ ഈ സംഘങ്ങളിലെ അംഗങ്ങൾക്ക് തങ്ങളുടെ രീതികളോടുള്ള ആഭിമുഖ്യം വർദ്ധിക്കുന്നു. ഒടുവിൽ തങ്ങൾ മാത്രമാണ് ശരിയെന്ന ചിന്തയും വിശ്വാസവും അവരിൽ രൂഢമൂലമാകുന്നു.
അസഹിഷ്ണതയുടേതാണ് അടുത്ത ഘട്ടം. അന്യ മതങ്ങളും രാഷ്ട്രീയ സംഘടനകളും ശരിയല്ലെന്ന നിലപാടിലാണ് ഇത്തരക്കാർ ആദ്യം എത്തിച്ചേരുക. ഇതര മതങ്ങളും സംഘടനകളും പാടില്ല എന്ന തീരുമാനമാണ് അടുത്തത്. സ്വയം വളർന്നു പന്തലിച്ചാൽ പോര ഇതര മതങ്ങളും കൂട്ടായ്മകളും സംഘടനകളും ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാവണം എന്നുമുള്ള തീരുമാനത്തിന്റെയും അതിന്റെ ഭാഗമായ ഉന്മൂലനത്തിന്റെയും തലമാണ് ഇതിന്റെ തുടർച്ച. അതോടെ പൊതു നന്മകൾക്കായി രൂപം കൊണ്ട മതങ്ങളും രാഷ്ട്രീയ കക്ഷികളുമൊക്കെ മനുഷ്യകുലത്തെത്തന്നെ വിഭജിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഛിദ്രശക്തികളാകുന്നു.
ഈ കൂട്ടായ്മകൾ വളർന്നു വലുപ്പമേറുന്നതോടെ അവയിൽ ജാതികളെന്നും ഗ്രൂപ്പുകളെന്നും ഒക്കെ പേരുള്ള അവാന്തര വിഭാഗങ്ങളും രൂപം കൊള്ളുന്നു. കാലക്രമത്തിൽ ആശയപരവും അതിലേറെ ആമാശയപരവുമായ കാരണങ്ങൾ മൂലം ഈ അവാന്തര വിഭാഗങ്ങൾ തമ്മിൽ തന്നെ തല്ലു കൂടുകയും പോർവിളിക്കുകയും കുത്തിച്ചാവുകയും ഒക്കെ ചെയ്യുന്ന നില സംജാതമാകുന്നു. വർത്തമാനകാല സാമൂഹിക ജീവിതത്തിൽ നമ്മൾ എത്രയോ തവണ അഭിമുഖീകരിക്കേണ്ട ഒരു സാഹചര്യമാണ് ഇത്. കണ്ണു തുറന്നൊന്നു ചുറ്റും നോക്കിയാൽ കാണുന്നത് ഒരു യുദ്ധഭൂമിയെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളാണ്. ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളുകയാണ്. അതിന്റെ ദുരന്തം പേറി മരവിച്ചു നിൽക്കുകയാണ് വലിയൊരു വിഭാഗം.
സങ്കുചിതത്വത്തിന്റെ മതിൽക്കെട്ടുകൾ തകർത്തെറിഞ്ഞ് ഇതര മതങ്ങളും സമൂഹങ്ങളുമായി സാഹോദര്യവും സഹവർത്തിത്വവും പുലർത്താൻ ഓരോ മതങ്ങൾക്കും കഴിയുന്പോഴേ ഈ പ്രശ്നം പരിഹരിക്കപ്പെടൂ. ഇതിനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. അത്തരത്തിലുള്ള ശ്രമങ്ങൾ നമ്മുടെ സ്വന്തം ഭൂമി മലയാളത്തിൽ നിന്നു തന്നെ ഉണ്ടാവുന്നു എന്നത് പ്രതീക്ഷ പകരുന്നു.
ഇവിടെയാണ് ഇന്നു ശതാബ്ദി ആഘോഷിക്കുന്ന ദൈവദശകം പ്രസക്തമാകുന്നത്. മലയാളക്കരയുടെ നവ സാംസ്കാരിക നവോത്ഥാനത്തിന്റെ നാഴികക്കല്ലാണ് ശ്രീനാരായണ ഗുരുദേവൻ. മതവും വിശ്വാസവുമൊക്കെ യാഥാർത്ഥ്യങ്ങളാണ് എന്ന നിലപാടിൽ നിന്നു മാറാതെ തന്നെ സാമൂഹികമായ അനാചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ കലാപക്കൊടിയുയർത്താനും അതിൽ വലിയ അളവ് വിജയിക്കാനും ഗുരുദേവന് കഴിഞ്ഞു. ഞാൻ എന്ന സങ്കുചിതത്വിനും അപ്പുറത്തേയ്ക്ക് സമൂഹത്തിന്റെ ചിന്തയെ വളർത്തിയാൽ മാത്രമേ ലക്ഷ്യ പ്രാപ്തിയുണ്ടാവൂ എന്ന് തിരിച്ചറിഞ്ഞ മഹാത്മാവായിരുന്നു അദ്ദേഹം.
‘ദൈവമേ കാത്തുകൊൾകങ്ങ്
കൈവിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കോ
രാവിവൻ തോണി നിൻപദം’
ഗുരുദേവൻ നൂറു വർഷങ്ങൾക്ക് മുന്പെഴുതിയ ദൈവ ദശകത്തിന്റെ തുടക്കമാണ് ഇത്. ശിവഗിരിയിലെ കുട്ടികൾ ആവശ്യപ്പെട്ടതനുസരിച്ച് എഴുതിയ പ്രാർത്ഥനാ ഗീതമായിരുന്നു അത്. ഞാൻ എന്നതിനപ്പുറം ഞങ്ങൾ എന്നും നമ്മൾ എന്നുമൊക്കെയുള്ള ബോധം കുരുന്നു മനസ്സുകളിൽ തന്നെ ഉറപ്പിക്കുന്നതാണ് ദൈവദശകത്തിലെ ഓരോ വരികളും. ശിവഗിരിയിൽ നിന്നും ആ മഹനീയ പ്രാർത്ഥന വിശ്വമാകമാനം പകർന്നു നൽകപ്പെടുകയായിരുന്നു. ഇഹലോക ജീവിത നിസ്സാരതകൾ വ്യക്തമാണെങ്കിലും ഭൗതിക ജീവിത യാഥാർത്ഥ്യങ്ങളേക്കുറിച്ച് കൃത്യമായ ബോധ്യം വരുത്തുന്നവയാണ് ഇതിലെ വരികൾ. ഭൗതികജീവിത സാഗരം തരണം ചെയ്യാൻ ദൈവാധീനം ഉണ്ടാവണം എന്നും അതിനു മഹാദേവൻ അഥവാ ജഗദീശ്വരൻ കനിയണം എന്നും ദൈവദശകം നമ്മളെ ബോദ്ധ്യപ്പെടുത്തുക കൂടി ചെയ്യുന്നു. സാധാരണക്കാരനു പോലും മനസ്സിലാകുന്ന ലളിതമായ ഘടനയിലുള്ള ദൈവദശകം ദൈവവും പ്രാർത്ഥകനും തമ്മിലുള്ള അകലം കുറക്കുകയും ചെയ്യുന്നു.
ദൈവദശകത്തിന്റെ നൂറാം വാർഷികാഘോഷം ഗുരുദേവ സ്വപ്നങ്ങളുടെ ആഗോള വ്യാപനത്തിനും വഴി വെയ്ക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ നിന്നുള്ള 65 അംഗ പ്രതിനിധി സംഘം പോപ് ഫ്രാൻസിസിനെ ശിവഗിരിയിലേക്ക് ക്ഷണിക്കാൻ റോമിലേക്ക് പോകുന്നുണ്ട്. ആശയങ്ങളുടെ അതിരുകൾക്കപ്പുറത്തേയ്ക്കുള്ള മാനവികതയുടെ വളർച്ചയിൽ ഒരു നൂറ്റാണ്ടു മുന്പ് രചിക്കപ്പെട്ട ദൈവ ദശകത്തിന് ഇനിയുമേറെ സംഭാവനകൾ ചെയ്യാനാവും എന്നുറപ്പ്.
