വാജ്പേയിയും വാപസിക്കാരും
വി.ആർ.സത്യദേവ്
“ഒരാൾക്ക് പ്രസംഗിക്കാൻ വാചാലത മതി. എന്നാൽ നിശബ്ദനായിരിക്കാൻ വാഗ്സാമർത്ഥ്യത്തിനൊപ്പം വിവേചനവും കൂടിയേ തീരൂ”. ഭാരത രത്നം അടൽ ബിഹാരി വാജ്പേയി 1958ൽ ലോക്സഭയിലെ തന്റെ കന്നി പ്രസംഗത്തിൽ അന്നത്തെ പ്രധാനമന്ത്രി പണ്ധിറ്റ് ജവഹർലാൽ നെഹ്റുവിനോട് പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഇന്ത്യയുടെ വിദേശ നയം സംബന്ധിച്ച വാജ്പേയിയുടെ വാക്കുകളും നിലപാടും നെഹ്റുവിന്റെ പ്രശംസ പിടിച്ചുപറ്റി. മറുപടി പ്രസംഗത്തിൽ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്നാണ് വാജ്പേയിയെ നെഹ്റു വിശേഷിപ്പിച്ചത്. നെഹ്റുവിന്റെ സ്വന്തം രാഷ്ട്രീയ കക്ഷിയുടെ പിന്മുറക്കാരെ പരാജയപ്പെടുത്തിയിട്ടായിരുന്നു എങ്കിലും പണ്ധിറ്റ്ജിയുടെ വാക്കുകൾ സത്യമാക്കിക്കൊണ്ട് പ്രധാനമന്ത്രി പദവിയിലിരുന്ന് ഭാരതത്തെ വളർച്ചയുടേയും വികാസത്തിന്റേയും പുതിയ ഉയരങ്ങളിലേക്ക് ആനയിക്കാൻ വാജ്പേയിക്ക് കഴിഞ്ഞു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിദേശകാര്യ മന്ത്രിമാരിൽ ഒരാളായാണ് വാജ്പേയി വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ദീർഘ കാലം പാർലമെന്റംഗമായിരുന്ന വ്യക്തിയാണ് വാജ്പേയി. ആണവ ശക്തിയെന്ന നിലയിൽ ഇന്ത്യയെ പുതിയ തലങ്ങളിലെത്തിച്ചതും കാർഗിലിൽ പാകിസ്ഥാനെതിരെ യുദ്ധം ജയിച്ചതുമൊക്കെ വാജ്പേയിയുടെ കാലത്താണ്. രാജ്യത്തിന് നേട്ടങ്ങൾ ഒട്ടേറെ സമ്മാനിച്ചപ്പോഴും തന്റെ വിശ്വാസങ്ങളോടും ആശയങ്ങളോടും അദ്ദേഹം മമത പുലർത്തി. എന്നാൽ ഭരണാധികാരി എന്ന നിലയിൽ എല്ലാ മത വിഭാഗങ്ങളോടും ഒരേ രീതിയിൽ പെരുമാറാനും എല്ലാവരുടെയും പ്രധാനമന്ത്രിയായിരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. അതൊക്കെ കൊണ്ടാണ് വാജ്പേയിക്ക് ഭാരത രത്നം സമ്മാനിക്കുന്പോൾ പൊതു സമൂഹം അതിനെ സർവ്വാത്മനാ അംഗീകരിക്കുന്നത്.
ഭാരതീയ ജനതാ പാർട്ടിയുടെ ഹിന്ദുത്വ നിലപാടുകൾ രഹസ്യമല്ല. ഭാരതത്തിലെ ബഹു ഭൂരിപക്ഷവും ജനങ്ങൾ ഹിന്ദുത്വനിലപാടുകളോട് മുഖം തിരിച്ചു നിന്ന കാലത്ത് അതേ നിലപാടുകൾ സ്വന്തം കുതിപ്പിന് ഊർജ്ജമാക്കിയ രാഷ്ട്രീയക്കാരനാണ് വാജ്പേയി. പക്ഷെ ഇന്ത്യൻ ബഹുസ്വരതയുടെ യാഥാർത്ഥ്യങ്ങളും സാദ്ധ്യതകളും ഉൾക്കൊള്ളാനും അതിനനുസരിച്ചു പ്രവർത്തിക്കാനും എന്നും അദ്ദേഹത്തിനു കഴിഞ്ഞു. മതേതര കക്ഷികളിൽ ചിലതിന്റെ നായകസ്ഥാനത്തുള്ളവർ കാട്ടിയതിനേക്കാൾ മതേതരത്വം കാട്ടാൻ വാജ്പേയി എന്നും ശ്രദ്ധിച്ചിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ മികവ്.
ഇതിനു കടക വിരുദ്ധമായി അധികാരസ്ഥാനത്തെത്തിക്കഴിഞ്ഞാൽ ഒറ്റ രാത്രികൊണ്ട് വ്യവസ്ഥിതിയെ മാറ്റിമറിക്കാൻ ശ്രമിക്കുന്ന നേതാക്കന്മാരുണ്ട്. മറ്റു ചിലർ മാറ്റങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തുന്നവരാണ്. പക്ഷെ അവരിൽ പ്രയോഗ മതികൾ അധികാരം കിട്ടിക്കഴിഞ്ഞാൽ പൊതു സമൂഹത്തിനു ഹിതകരമായ മാറ്റങ്ങൾക്ക് മാത്രമാവും പ്രാമുഖ്യം നൽകുക. വികസനോന്മുഖമാകും അത്തരക്കാരുടെ പ്രവർത്തനം. എന്നാൽ ഇത്തരക്കാർക്കും വഴിമുടക്കികൾ ഉണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം അധികാരത്തിലെത്തിയാൽ പിന്നെ എന്തുമാവാം എന്ന് ചിന്തിക്കുന്ന ഒരു വിഭാഗമുണ്ട്. ഏറ്റവും അടിസ്ഥാന വിഭാങ്ങളിൽ പെടുന്ന പ്രവർത്തകരിലാണ് ഇത്തരക്കാർ അധികവും ഉണ്ടാവുക. എന്നാൽ ഇവർ അത്ര അപകടകാരികളല്ല. മേൽഘടകങ്ങളിലെ നേതാക്കൾക്ക് ഇവരെ നിയന്ത്രിക്കാൻ കഴിയും. എന്നാൽ മേൽഘടകങ്ങളിലെ നേതാക്കൾ ഇത്തരം നിയന്ത്രണമില്ലായ്മക്കു വഴിപ്പെട്ടാൽ ഭരണത്തിന്റെ തലപ്പത്തുള്ളയാൾക്ക് കാര്യങ്ങൾ ഏറെ ബുദ്ധിമുട്ടാവും. ഈ ബുദ്ധിമുട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇപ്പോൾ അനുഭവിക്കുന്നത്. തലപ്പത്തുള്ളയാൾക്ക് ഭരണപരമായ സ്വാതന്ത്യം നഷ്ടമായാൽ തങ്ങളനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് അല്പായുസായിരിക്കുമെന്ന് തിരിച്ചറിയാത്തവരാണ് പ്രവർത്തകരും നേതാക്കളും ഒക്കെയടങ്ങുന്ന മേൽപ്പറഞ്ഞ ഉൽസാഹകമ്മറ്റി.
ഇത്തരക്കാരുടെ ലക്ഷ്യ ബോധമില്ലാത്ത ചെയ്തികളിൽ ഒന്നാം നന്പരാണ് നമ്മുടെ സംസ്ഥാനത്തടക്കം ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുന്ന ഘർ വാപസി. രാജ്യം വോട്ടു ചെയ്തത് മാറ്റങ്ങൾക്ക് വേണ്ടിയാണ്. അടിസ്ഥാന സൗകര്യ വികസനം, അഴിമതി വിരുദ്ധത, ശാസ്ത്ര സാങ്കേതിക വളർച്ച, ആത്യന്തികമായ സാന്പത്തിക വളർച്ച എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പൊതു സമൂഹം മാറ്റം എന്നതുകൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ വർത്തമാന കാല ഇന്ത്യൻ പരിതോവസ്ഥകളെ എതെങ്കിലുമൊക്കെ രീതിയിൽ മാറ്റിമറിക്കാൻ കഴിയുന്നത ഒരു പ്രക്രിയയല്ല നമുക്ക് മുന്നിൽ അരങ്ങേറുന്ന പുന: മതപരിവർത്തന മാമാങ്കം.
ഇത് നമ്മുടെ രാജ്യത്തിന്റെ മതേതര മുഖം ഇല്ലാതാക്കും. ചൈനയടക്കമുള്ള രാജ്യങ്ങൾ വികസന പന്ഥാവിൽ വൻ കുതിപ്പ് നടത്തുന്പോൾ അതു മറന്നു വിശ്വാസത്തിന്റെ പേരിലുള്ള പേക്കൂത്തുകൾക്ക് പിന്നാലേ പായുകയാണ് നമ്മൾ. ഫലത്തിൽ നമ്മുടെ വികസന സാധ്യതകളുടെ കടയ്ക്കൽ തന്നെയാണ് നമ്മൾ കത്തി വെയ്ക്കുന്നത്. പണ്ടേക്കു പണ്ടേ തങ്ങളുടെ നേതാവായ എ.ബി വാജ്പേയി പറഞ്ഞ വാചകങ്ങൾ പോലും ഘർ വാപസിക്കാർ മറന്നു പോകുന്നു. ബഹളങ്ങൾക്കപ്പുറം നിശബ്ദതയുടെ തലത്തിലേക്കുയർന്നു പ്രവർത്തിക്കാൻ പക്ഷെ അവർക്കു കഴിയുന്നില്ല. അതിനു വാജ്പേയി പറഞ്ഞതു പോലെ വാചാലതക്കൊപ്പം വിവേകവും വിവേചനവും കൂടിയേ തീരൂ...
