പാക്കനാർ ക്ഷേത്രം


“എന്റെ പേര് പാക്കൻ എന്നാണ്” ഒന്നു നിറുത്തിയിട്ട് അദ്ദേഹം അഭിമാനത്തോടെ തുടർന്നു. 

“ഈ പതിനെട്ട് കുടുംബങ്ങളിൽ എപ്പോഴും ഒരാളെങ്കിലും പാക്കൻ എന്ന പേരിൽ എല്ലാക്കാലവും ഉണ്ടായിരിയ്ക്കും. ഇതുവരെവുള്ള ചരിത്രം അതാണ്. ഈ തലമുറയിലെ പാക്കൻ ഞാനാണ്” ഞങ്ങൾ ഈരാറ്റിങ്ങൽ പറയക്കോളനിയിലെ പാക്കനാർ ക്ഷേത്രത്തിൽ ഇരിയ്ക്കുകയാണ്. 

ഇടയ്ക്കിടയ്ക്കിടക്ക് വീണുകിട്ടാറുള്ള അവധിദിനങ്ങളിലെ ദേശാടനത്തിലാണ് ഞാൻ. നട്ടുനനച്ച പൂന്തോട്ടങ്ങളോ, കെട്ടിയുയർത്തിയ എടുപ്പുകളോ ഒരിയ്ക്കലും ആകർഷിച്ചിട്ടില്ല. ചരിത്രവും ഐതിഹ്യവും ഉറങ്ങുന്നദേശങ്ങളാണ് പ്രിയം. ഈ അവധിയ്ക്ക് പറയിപ്പെറ്റ പന്തിരുകുലത്തിന്റെ വേരും വംശവും തേടി ഇറങ്ങിയതാണ്. അങ്ങിനെയാണ് തൃത്താലയ്ക്കടുത്ത ഈരാറ്റിങ്ങൽ പറയക്കോളനിയിൽ എത്തിയത്. ഇവിടെ 18 വീടുകളിലായി പാക്കനാരുടെ പിന്തുടർച്ചക്കാർ കഴിയുന്നുണ്ടത്രെ!

“കൊട്ട, വട്ടി, പനന്പ് ഒക്കെ നെയ്യുന്ന കൂട്ടരാണ് പാക്കനാരെ എടുത്ത് വളർത്തിയത് എന്നറിയാമല്ലോ” പാക്കൻ പുരാണം പറഞ്ഞു തുടങ്ങി. നാടോടികളായി കഴിയുന്ന കാലത്ത് മൂത്തജ്യേഷ്ഠൻ അഗ്നിഹോത്രിയാണ് ഒരിടത്ത് സ്ഥിരതാമസം നടത്തി ഉപജീവനം കഴിയ്ക്കാൻ ഉപദേശിച്ചത്. ഒരു കൂരകുത്തുവാനുള്ള ഇടം കാരണവർ തന്നെ പാക്കനാർക്ക് നൽകുകയും ചെയ്തു. ഇതാണ് ആ സ്ഥലം. അങ്ങിനെ, ഉപാസിച്ച് കൂടെ കൊണ്ട് നടന്ന ഉഗ്രമൂർത്തികളെ നമ്മളിരിയ്ക്കുന്ന ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച്, പാക്കനാർ ഇവിടെ കുടിതാമസം ആരംഭിച്ചു. 

“പുഴയ്ക്ക് അക്കരെ ഒരു കുന്നുണ്ട്, മംഗലം കുന്ന് എന്ന് പറയും. എന്നും രാവിലെ അവിടെ പോയി പൂക്കളിറുത്ത്, പുഴകടന്ന് ഇവിടെ വന്ന് പൂജ നടത്തും, പിന്നെ ഉപജീവനത്തിനുള്ള തൊഴിൽ ചെയ്യും ഇതായിരുന്നു ദിനചര്യ. ഒരു ദിവസം പൂക്കളുമായി പുഴകടന്ന് വരവേ, ക്ഷീണിതനായി കൈയ്യിലിരുന്ന കാഞ്ഞിര വടി കുത്തിപ്പിടിച്ച് അവിടെയിരുന്നു സമാധിയാകുകയാണുണ്ടായത്.” 

“ഇതു ഏതു കാലത്ത് സംഭവച്ചു എന്നാണ് കരുതപ്പെടുന്നത്?” സംശയത്തിനു ഉടൻ മറുപടി കിട്ടി. “ഏതാണ്ട് ആയിരത്തി ഒരുന്നൂറു കൊല്ലത്തിനപ്പുറമായിരിയ്ക്കും”. 

വാമൊഴിയായി പകർന്ന് കിട്ടിയ കഥകളാണ്, കൃത്യമായ കണക്ക് ഒന്നുമില്ല. ആ കാഞ്ഞിര വടി തഴച്ച് വലിയ ഒരു കാഞ്ഞിരമരമായി. ഇപ്പോൾ അവിടെ ഒരു കാഞ്ഞിരത്തറയുമുണ്ട്. അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്താൻ ഞങ്ങൾ ഒന്നിടവിട്ട വർഷങ്ങളിലെ കുംഭമാസത്തിലെ മൂന്നാമത്തെ ചെവ്വാഴ്ച ഒരു ഉത്സവം നടത്താറുണ്ട്, പാക്കനാർ തോറ്റം അല്ലെങ്കിൽ കുമ്മട്ടികാവ് പൂരം എന്ന് പറയും. വളരെ പ്രത്യേകതയുള്ള ഒരാഘോഷമാണ്. അഞ്ച് ദിവസത്തെ ആട്ടമുണ്ട്. ആ ദിവസങ്ങളിൽ ഈ പതിനെട്ട് വീടുകളിലെ പുരുഷന്മാരും വീടുമായി ഒരു ബന്ധവുമില്ലാതെ കഴിയും. തീനും കുടിയും വരെ വെവ്വേറേയാണ്. 

പാക്കനും ചരിത്രവും ഐതീഹ്യവും എല്ലാം നല്ല നിശ്ചയം !

പന്ത്രണ്ട് മക്കളിൽ മിക്കവരുടെയും പിന്തുടർച്ചക്കാർ ഈ നാടിന്റെ പലഭാഗങ്ങളിലായു ണ്ടത്രേ!. ഒന്നു രണ്ടുപേർ എവിടെ പോയെന്ന് ആർക്കും നിശ്ചയം ഇല്ല. പട്ടാന്പിയിൽ നിന്നും ചേർപ്പുളശ്ശേരി റൂട്ടിൽ വായില്ല്യാം കുന്നിലപ്പന്റെ ക്ഷേത്രം ഉണ്ട്. അതിനോട് ചേർന്ന് ആ താവഴിയിലെ പിന്തുടർച്ചക്കാർ താമസിക്കുന്നു. രായിരനെല്ലൂർ മലയിലെ നാരായണത്ത് ഇല്ലത്ത് നാറാണത്ത് ഭ്രാന്തന്റെ പിന്മുറക്കാർ കഴിയുന്നു. 

“മൂത്തകാരണവർ അഗ്നിഹോത്രിയുടെ ഇല്ലത്ത് ഞങ്ങൾ ഒത്തുകൂടാറുണ്ടായിരുന്നു. ഇപ്പോഴത്തെ തലമുറയുലുള്ളവർ എല്ലാവരും ജോലിക്കായി പലയിടങ്ങളിലാണ്. അതുകൊണ്ട് കുറെ കൊല്ലങ്ങളായി ഇപ്പോൾ ഞങ്ങൾ ഒത്തുകൂടാറില്ല.” 

പിരിയുന്നതിനു മുന്പ് പാക്കനാരുടെ ദാനശീലത്തെപ്പറ്റി ഒരു കഥപറയാനും പാക്കൻ മറന്നില്ല. വീടുകളിൽ മുറം വിൽക്കാൻ ചെല്ലുന്പോൾ വീട്ടുകാർ എല്ലാ മുറവും വാങ്ങി നോക്കുമായിരുന്നു പോലും. നെയ്ത്തിന്റെയും മുളയുടേയും ഗുണം നോക്കിവാങ്ങുന്നതിനുവേണ്ടിയായിരുന്നു. പലരും പത്തു മുറം പാക്കനാരുടെ കൈയ്യിൽ നിന്നും വാങ്ങിയിട്ടു ഒൻപതു മുറം തിരെകെ കൊടുക്കും. ഒരെണ്ണം ഒളിപ്പിച്ചു െവയ്ക്കും. അത് തിരിച്ചറിഞ്ഞാലും പാക്ക്നാർ അറിയാത്ത ഭാവത്തിൽ തിരികെ പോരുമായിരുന്നുവത്രേ! 

എന്നോ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന പിതാമഹന്റെ വിചിത്രമായ പേരുമായി ജീവിയ്ക്കുന്ന ഒരാൾ. ഒരു ഐതിഹ്യത്തിന്റെ വർത്തമാനകാല സാക്ഷ്യമായി പതിനെട്ടു കുടുംബങ്ങൾ! എല്ലാറ്റിനും സാക്ഷിയായി ഉഗ്രമൂർത്തികൾ വസിയ്ക്കുന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്ന ക്ഷേത്രം! ഇതെല്ലാം ചേർന്നതാണ് ഈരാറ്റിങ്ങൾ പറയക്കോളനി. 

ഇത്തരം അനവധി കൗതുക കാഴ്ചകളുടെ അക്ഷയഖനിയാണ് നമ്മുടെ നാട്! യാത്ര തുടരണം.... ലേഖകൻ. 

You might also like

Most Viewed