ഒരു കനേഡിയൻ ഓണസദ്യ...
ഓണം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും “ഈ ഓണം ബാജിയോടൊപ്പം” എന്നതു തന്നെയാണ്‍ ഇപ്പോഴും സുഹൃത്തിന്റെ ഫേസ്‌ബുക്കിലെ സ്റ്റാറ്റസ്. അതു തന്നെയാണ്‍ എന്നെ ഭയപ്പെടുത്തുന്നതും അപകടത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നതും. ഓൺലൈൻ സുഹൃത്തിനെ പോയവർഷം വീട്ടിലേക്ക് ക്ഷണിച്ചതാണ്‍. കർക്കിടക മാസത്തിൽ തന്നെ ക്ഷണം പുതുക്കുകയും തിരുവോണനാളിൽ അവന്റെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്‌തിരുന്നു. എന്റെ ക്ഷണം സ്വീകരിച്ചതിനു ശേഷമാകും നിങ്ങളിൽ പലരും അവനെ വിളിച്ചിട്ടുണ്ടാവുക. അസൂയ തോന്നിയിട്ട് കാര്യമില്ല, ഒരേ ആഘോഷത്തിന് പലർ ക്ഷണിക്കുകയാണെങ്കിൽ അതിൽ ഒരാളുടെ ക്ഷണം മാത്രമേ സ്വീകരിക്കാനാവുള്ളൂ. ആദ്യക്ഷണം സ്വീകരിക്കുകയും മറ്റുള്ളവ സ്‌നേഹപൂർവ്വം നിരസിച്ച് ഇനിയുമൊരവസരത്തിലാകട്ടെയെന്നു പറഞ്ഞ് മാന്യമായി ഒഴിഞ്ഞു മാറുക സ്വാഭാവികമാണ്‍.
പ്രശസ്തനായ സുഹൃത്തിനൊപ്പം സദ്യയുണ്ണുന്നതിന്റെ സെൽഫിയെടുത്ത് ഫേസ്‌ബുക്കിൽ ഇടാമെന്ന് വെറുതേ കിനാവു കണ്ടു. തിരുവോണനാളിൽ രാവിലെ എട്ടുമണിക്ക് അവന്‍ ചാറ്റിൽ വന്ന് ക്ഷമചോദിച്ച് വരാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. വാക്കുമാറ്റിപ്പറയേണ്ടി വന്നതിൽ അവനും വിഷമം ഉണ്ടായിരുന്നു. വീട്ടിൽ സുഹൃത്തിനെ സ്വീകരിക്കാനുള്ള ഓണവട്ടങ്ങളെല്ലാം ഒരുങ്ങിക്കഴിഞ്ഞെങ്കിലും അവനെ കൂടുതലൊന്നും നിർബ്ബന്ധിക്കാൻ പോയില്ല.
സ്വയം ന്യായീകരിക്കാനായാണ്‍ സുഹൃത്ത് കാര്യങ്ങൾ വിശദീകരിച്ചത്. വളരെ നാൾ കാത്തിരുന്നൊരു അപൂർവ്വക്ഷണം കിട്ടിയിരിക്കുകയാണ്‍. കാനഡക്കാരി ഓൺലൈൻ സുന്ദരി അവനെക്കാണാൻ മാത്രമായി ഈ നഗരത്തിലെത്തി മുന്തിയ ഹോട്ടലിൽ മുറിയെടുത്തിരിക്കുന്നു. കാനഡക്കാരിക്ക് എന്ത് ഓണമെന്ന് ചോദിച്ചപ്പോഴാണ്‍ അവളുടെ വേരുകൾ കേരളത്തിലാണെന്നറിഞ്ഞത്. അവൾ ഇത്ര ദൂരം പറന്നു വന്നിരിക്കുന്നത് അവനെ ആദ്യമായി കാണാനും ഒന്നിച്ച് ഓണം ആഘോഷിക്കാനുമാണെന്ന് അറിഞ്ഞപ്പോൾ ഒരാൺസുഹൃത്തിന്റെ ആഗ്രഹങ്ങൾ എത്ര നിസ്സാരമെന്ന് ഞാനോർത്തു.
ഹോട്ടലിൽ നിന്ന് അവളുടെ അതിഥിയായി കനേഡിയൻ ഓണസദ്യയുണ്ട് വൈകുന്നേരം എന്റെ വീട്ടിലെത്തി എന്നോടൊപ്പം ആഹാരം കഴിക്കാമെന്ന് അവൻ ഉറപ്പുപറഞ്ഞെങ്കിലും എനിക്ക് ഒട്ടും വിശ്വാസമായില്ല. സുന്ദരികളെ കണ്ടാൽ എല്ലാം മറക്കുന്നവനാണ്‍ സുഹൃത്ത്. പുതിയതായ് ഒന്നും ഉണ്ടാക്കേണ്ട ബാക്കിവരുന്നതൊന്ന് ചൂടാക്കിയാൽ മതിയെന്ന് ഓർമ്മിപ്പിക്കുകയും ചെയ്‌തു.
ഒരു ദിവസത്തിനായ് പറന്നു വന്നവളല്ലേ ഈ സദ്യ ഒരു നേരം കൊണ്ട് അവസാനിക്കാൻ വഴിയില്ല. രാത്രി മുഴുവൻ ആഘോഷം നീണ്ടു നിൽക്കും. അവളെ നാളെക്കാലത്ത് എയർപോർട്ടിൽ തിരികെയാക്കിയ ശേഷമേ അവൻ ഇനിയും വരികയുള്ളുവെന്ന് എന്റെ മനസ്സ് പറഞ്ഞു. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കനേഡിയൻ സുന്ദരിയോടൊപ്പം ഓണമുണ്ണാനായി സുവർണ്ണാവസരം വീണുകിട്ടിയാൽ ഞാനും അങ്ങനെയേ ചെയ്യൂ. വിളന്പി വെച്ചിരിക്കുന്ന കനേഡിയൻ ഭക്ഷണത്തിനും മുന്‍പിൽ എന്റെ വാഴയില നാണിച്ച് ഉണങ്ങിപ്പോയി. സഹൃത്ത് വൈകിട്ടും വന്നില്ലെന്ന് മാത്രമല്ല, വരാനാകില്ലെന്നറിയിച്ചു കൊണ്ടൊരു മെസ്സേജ് ചെയ്യാൻ പോലും അവനു സമയം കിട്ടിയിരിക്കില്ല. അവൻ കാനഡസദ്യ വലിച്ചു വാരിത്തിന്നുന്നതും വയറ് നിറഞ്ഞ് തളർന്ന് കിടന്നുറങ്ങുന്നതുമൊക്കെ ഞാൻ ഭാവനയിൽ കണ്ടു.
ഓൺലൈനിൽ പ്രണയമറിയിച്ചു കൊണ്ട് എത്ര പേർ എന്റെ ഇൻബോക്‌സിലും വന്നതാണ്‍. പ്രൊഫൈൽ ഫോട്ടോകളിൽ അവരൊക്കെ സുന്ദരികളായിരുന്നെങ്കിലും അതൊക്കെ വെറും തട്ടിപ്പാണെന്ന് വിചാരിച്ച് ഞാൻ തിരക്കഭിനയിക്കുകയായിരുന്നു. മറുപടിയായ് ഒരു ഹായ് പോലും പറഞ്ഞില്ലല്ലോ എന്നോർത്ത് മനസ്സെന്നെ ശകാരിച്ചു. അടുത്ത ഓണമെങ്കിലും കാനഡയിലാക്കണമെന്നു പറഞ്ഞ് മനസ്സ് കുട്ടികളേപ്പോലെ വാശിപിടിച്ചു.
ദിവസങ്ങളായി അവന്റെ പ്രൊഫൈൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്‌തിട്ടില്ല എന്നത് എന്നെ ഭീതിയിലാഴ്‌ത്തുന്നു. അവൻ ഒരു നിമിഷം പോലും സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാതിരുന്നിട്ടില്ല. അവന്റെ മൊബൈലിലേക്ക് വിളിച്ചു നോക്കിയിട്ടും മറുപടിയുണ്ടായില്ല. മറക്കാൻ ശ്രമിക്കുന്തോറും അവനേക്കുറിച്ചുള്ള ചിന്ത എന്നെ മൂടി. പ്രതികരിക്കുന്നില്ലെങ്കിലും അവനിപ്പോഴും സ്‌മാർട്ട് ഫോണിൽ പച്ചകത്തി നിൽക്കുന്നു എന്നതാണ്‍ ചെറിയ ആശ്വാസം.
സുഹൃത്ത് പോയ ഹോട്ടലന്വേഷിച്ച് ചെന്നെങ്കിലും അവരെന്നെ അകത്തേക്ക് കടത്തി വിട്ടില്ല. മുൻകൂട്ടി അനുവാദം വാങ്ങിയവർക്ക് മാത്രമേ ഉള്ളിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളു. ആ ഹോട്ടലൊരു രാക്ഷസക്കോട്ട പോലെ തോന്നിച്ചു. ഹോട്ടലിന്റെ പിന്നാന്പുറത്തു കൂടി ആരും കാണാതെ പതുങ്ങി നടന്നു. അവിടവിടെയായി വലിച്ചെറിഞ്ഞിരിക്കുന്ന ഉപയോഗശൂന്യമായവയുടെ കൂടെ മനുഷ്യരുടെ നഖങ്ങളും മുടിയുമൊക്കെ കിടക്കുന്നതു കണ്ട് എനിക്ക് ഭയമായി. കാലിയായ മണിപേഴ്‌സുകളിലൊന്ന് എന്റെ സുഹൃത്തിന്റേതാകരുതേ എന്ന പ്രാർത്ഥനയോടെ ഓരോന്നുമെടുത്ത് തുറന്നു നോക്കി.
പനപോലെ വളർന്നു നിൽക്കുന്ന ഹോട്ടലിന്റെ ബാൽക്കണിയിൽ കനേഡിയൻ സുന്ദരി ഒരു യക്ഷിയേപ്പോലെ അപ്പോഴും നിൽക്കുന്നുണ്ടായിരുന്നു. അവളുടെ കൈകൾ എന്നരികിലേക്ക് നീണ്ടു വരുന്നതു കണ്ട് ഞാൻ വേഗത്തിലോടി വീട്ടിലെത്തി കന്പിളിയുടെ അടിലൊളിച്ചു.