കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതെ ആകുമോ ?


ഇന്ത്യൻ സ്കൂളിൽ പ്രതിപക്ഷത്ത് ഇരിക്കുന്നവരും ഭരണപക്ഷത്ത് ഇരിക്കുന്നവരും തമ്മിലുള്ള വാക്പോര് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ കഴിഞ്ഞ കുറേ നാളുകൾ മുതൽക്കാണ് അത് കോടതിയിലേയ്ക്ക് എത്തിപ്പെട്ടത്. ഈ പ്രശ്നങ്ങൾക്ക് പിന്നിൽ പല പല കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാന കാരണങ്ങളിൽ ഒന്ന് അധികാര മോഹമാണ്. തിരഞ്ഞെടുപ്പിനോട് അടുപ്പിച്ചാണ് പലരും കളം മാറിചവിട്ടാറ്. എന്നാൽ ഇന്ത്യൻ സ്കൂളിന്റെ കാര്യമെടുത്താൽ തെരഞ്ഞെടുപ്പൊന്നും പ്രശ്നമില്ല. ആരും എപ്പോൾ വേണമെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും മറിയാം. ഇന്ത്യൻ സ്കൂളിലെ രാഷ്ട്രീയം ബഹ്റിനിലെ പ്രവാസികളുടെ ഇടയിലുള്ള മറ്റ് സംഘടനകളിലും, കുട്ടികളുടെ ഇടയിലും പ്രതിഫലിക്കുന്നു എന്നത് അപകടം പിടിച്ച ഒരു സംഗതിയാണ്. സ്കൂൾ കോന്പൗണ്ടിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട കാര്യങ്ങൾ പൊതുജന മധ്യത്തിലേക്ക് വരുന്പോൾ അത് സ്കൂളിന്റെ ഭാവിയേയും കുട്ടികളുടെ ഭാവിയേയും ദോഷകരമായി ബാധിക്കുമെന്ന് അധികാരത്തിന് വേണ്ടി കടിപിടി കൂടുന്ന രക്ഷിതാക്കൾ മനസ്സിലാക്കുന്നുണ്ടോ എന്നറിയില്ല. ഇന്ത്യൻ സ്കൂളിലെ ഈ രാഷ്ട്രീയ വടം വലിയിൽ  ഭൂരിപക്ഷം വരുന്ന രക്ഷിതാക്കൾക്കും താല്പര്യമില്ല എന്നത് പകൽ പോലെ വ്യക്തമായ കാര്യമാണ്. അത് തെളിയിക്കുന്ന ഒന്നായിരുന്നു കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പ്. പകുതിയോളം വരുന്ന രക്ഷിതാക്കൾ വോട്ട് ചെയ്യുവാൻ എത്തിയില്ല. 

ഏതാനും മാസങ്ങൾക്ക് മുന്പ് ബഹ്റിനിൽ നടന്ന ഒരു പൊതുപരിപാടിയിൽ ഇന്ത്യൻ സ്കൂളിൽ എതിർ ചേരികളിൽ നിൽക്കുന്ന രണ്ട് കുട്ടികൾ മാതാപിതാക്കൾക്കൊപ്പം പരസ്പരം കാണുവാൻ ഇടയായി. ഒരു കുട്ടി മറ്റേ കുട്ടിയുടെ സമീപത്തേയ്ക്ക് കുശലം ചോദിക്കുവാൻ ചെന്നപ്പോൾ ഈ കുട്ടി പറയുകയാണ്‌ നീ “യു.പി.പി അല്ലെ എന്നോട് മിണ്ടണ്ട” എന്ന്. മാതാപിതാക്കൾ പറയുന്നത് കേട്ട് വളരുന്ന കുട്ടികളാണ് എന്നതിൽ യാതൊരു സംശയവുമില്ല, പക്ഷെ എന്താണ് അവർ കേൾക്കുന്നത് എന്നും പഠിക്കുന്നത് എന്നും നമ്മൾ മനസ്സിലാക്കുന്നത് നന്ന്.
ഇന്ത്യൻ സ്കൂളിൽ ഇന്ത്യക്കാരുടെ മക്കൾ മാത്രമല്ല പഠിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സ്കൂളിൽ നടക്കുന്ന കാര്യങ്ങൾ മറ്റ് രാജ്യക്കാരും സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടാകും, പ്രത്യേകിച്ച് സ്വദേശികൾ ആ സാഹചര്യത്തിൽ രണ്ട് ചേരിയിൽ നിന്ന് വാദപ്രതിവാദങ്ങളുമായി മുന്നോട്ട് പോകുന്നതുകൊണ്ട് സംഭവിക്കുന്ന ദോഷവശങ്ങളെക്കുറിച്ച് എല്ലാവരും മനസ്സിലാക്കി പ്രവർത്തിച്ചാൽ നന്ന്. ഒരു പുനർചിന്തനം ഉചിതമാണ്.

ബേസിൽ നെല്ലിമറ്റം

You might also like

  • Lulu Exchange
  • Straight Forward

Most Viewed