ക്രൂരമാകുന്ന ക്രൂഡ് ഓയിൽ രാഷ്ട്രീയം...
‘‘എണ്ണവില ഇടിയുകയാണല്ലോ മാഷെ...പണി കിട്ടുമോ..’’ രാവിലെ കാറിൽ പെട്രോൾ നിറയ്ക്കുന്നതിനിടയിലായിരുന്നു സുഹൃത്തിന്റെ ചോദ്യം. ഐ.സി.യുവിൽ കിടക്കുന്ന രോഗിയുടെ ആരോഗ്യനില അന്വേഷിക്കുന്നത് പോലെയുള്ള ഒരു തോന്നലാണ് അപ്പോളുണ്ടായത്. നിർവ്വികാരമായ മുഖത്തോട് കൂടി ഒന്നും പറയാതെ പതിയെ അവിടെ നിന്ന് ഓഫീസിലേയ്ക്ക് വരുന്പോൾ റേഡിയോ ഓൺ ചെയ്തു. കേട്ടത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില നിലം പതിക്കുന്ന വാർത്തയായിരുന്നു.
സമീപകാലത്ത് നമ്മൾ കണ്ടിട്ടുള്ള, അനുഭവിച്ചിട്ടുള്ള സാന്പത്തിക മാന്ദ്യത്തേക്കാൾ അപകടകരമായ അവസ്ഥയാണ് ഇനി വരാനിരിക്കുന്നതെന്നാണ് മിക്ക സാന്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. ഇതിന്റെ വിശദീകരണമായി ലോക മാധ്യമങ്ങളിൽ നിറയുന്നത് യൂറോപ്യൻ രാജ്യങ്ങൾക്കു നല്കി വരുന്ന ക്രൂഡ് ഓയിലിന്റെ വില കുറയ്ക്കാൻ സൗദി തീരുമാനിച്ചതും റഷ്യ, ഇറാഖ് എന്നീ രാജ്യങ്ങളിൽ ഉത്പാദനം വർദ്ധിച്ചതുമാണ്. ഇതോടൊപ്പം അമേരിക്കയും എണ്ണ ഉൽപ്പാദക രാജ്യങ്ങളും തമ്മിൽ നിലനില്ക്കുന്ന ശീതസമരവും വിലയിടിവിന് കാരണമാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ആറ് മാസത്തിലധികമായി ഈ ഒരു പ്രതിഭാസം ആരംഭിച്ചിട്ട്. 2015ലും ഇത് തുടരുമെന്നാണ് പ്രവചനങ്ങൾ.
ഇത്തരം വിശദീകരണങ്ങൾക്ക് പുറമേ മറ്റു ചില വിലയിരുത്തലുകളും നടക്കുന്നുണ്ട്. ഇതൊരു ഗൂഢാലോചനയുടെ ഫലമാണോ, അതോ സ്വാഭാവികമായ ഒരു പ്രക്രിയയാണോ എന്നതാണ് മിക്കവരുടെയും ചോദ്യം. ഇതിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നത് റഷ്യ, ഇറാൻ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളെ ബുദ്ധിമുട്ടിക്കാനായുള്ള അമേരിക്കൻ തന്ത്രമാണ് ഇത് എന്ന കാര്യമാണ്. സിറിയയിലെ ആസാദ് ഭരണക്കൂടത്തിന് റഷ്യയും, ഇറാനും നൽകി വരുന്ന സഹകരണമാണത്രെ ഇതിന്റെ ഒരു കാരണം. ഇത് മറ്റ് എണ്ണ രാഷ്ട്രങ്ങളെയും അമേരിക്കയെയും ഒരു പോലെ പ്രകോപിപ്പിച്ചിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.
റഷ്യയുടെ വരുമാനത്തിന്റെ 45 ശതമാനവും വരുന്നത് ഓയിൽ, ഗ്യാസ് എന്നിവയുടെ കയറ്റുമതി കാരണമാണ്. എണ്ണ വിലയിൽ ഇടിവ് ഉണ്ടായാൽ റഷ്യ പോലെയൊരു രാജ്യത്തെ വെറുമൊരു മൂന്നാം ലോക രാഷ്ട്രമായി ഒതുക്കാമെന്ന ആഗ്രഹം അമേരിക്കയ്ക്കുണ്ടാകുന്നത് സ്വാഭാവികം. ആസാദ് ഭരണകൂടത്തിനെ സഹായിക്കുന്നതിലുപരിയായി ആണവായുദ്ധ നിലപാടുകളിൽ ഇറാനെ നിയന്ത്രിക്കാൻ സാധിക്കാത്തതിന്റെ വിഷമവും അമേരിക്ക ഇതിലൂടെ വ്യക്തമാക്കുന്നു. മേഖലയിൽ പല രാജ്യങ്ങളുമായി ഇറാൻ നിലനിർത്തുന്ന ശത്രുതയും ഈ സമ്മർദ്ദങ്ങൾക്ക് കാരണമാകുന്നുണ്ട്. അമേരിക്കയുമായി വലിയ സൗഹർദ്ദത്തിൽ അല്ലാത്ത ലാറ്റിനമേരിക്കൻ രാജ്യമാണ് വെനിസ്വേല. ക്യൂബയെ ഏറ്റവുമധികം സഹായിക്കുന്ന രാജ്യം കൂടിയാണ് ഇത്. ഇവരുടെയും പ്രധാന വരുമാനം എണ്ണയുമായി ബന്ധപ്പെട്ടാണ്. അങ്ങിനെയുള്ള, തങ്ങളുമായി വലിയ സൗഹൃദത്തിൽ അല്ലാത്ത വെനിസ്വേലയെയും തളർത്തണമെന്ന ഒരു ദുഷ്ടവിചാരവും അമേരിക്കയ്ക്കുണ്ടത്രെ.
ഇതിന് പുറമെ ഷെയ്ൽ ഗ്യാസിന്റെ ആവിർഭാവത്തെ തുടർന്ന് അമേരിക്കയുടെ ഇന്ധന വിഭവശേഷി ഇന്ന് മുന്പത്തേക്കാൾ ഏറെ വർദ്ധിച്ചിരിക്കുകയാണ്. 2005ൽ രാജ്യത്തിന് ആവശ്യമുള്ള അറുപത് ശതമാനം ഇന്ധനവും പുറത്ത് നിന്ന് വാങ്ങിയിരുന്ന അമേരിക്ക ഇന്ന് വെറും 21 ശതമാനം മാത്രമാണ് വാങ്ങുന്നത്. ഇതേ രീതിയിൽ പോവുകയാണെങ്കിൽ 2020ഓടു കൂടി സൗദി അറേബ്യയെയും, റഷ്യയെയും പിന്തളി അമേരിക്ക എണ്ണ ഉത്പാദന രംഗത്ത് ഒന്നാമത്തെത്തും. ഇതോട് കൂടി ഇന്ധന വിനിമയ രംഗത്തെ അവസാനവാക്കായി അമേരിക്ക മാറും. ക്രൂഡ് ഓയിലിന്റെ വിലയിടിച്ചിലിൽ ഇതു വരെയായി വേവലാതിപ്പെടാത്ത രണ്ട് രാജ്യങ്ങൾ ചൈനയും, ജാപ്പാനുമാണ്.ഇവർക്ക് ഈ വിലയിടിവ് വലിയ ലാഭമാണ് നൽകാൻ പോകുന്ന ത്. അതേ സമയം ഗൾഫ് രാഷ്ട്രങ്ങളായ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങൾ നിലവിൽ അവരുടെ കൈവശമുള്ള വിദേശനാണ്യം കാരണം ഈ പ്രതിസന്ധികൾ മറികടക്കുമെന്നാണ് മിക്കവരുടെയും വിശ്വാസം. എങ്കിലും പ്രതിസന്ധിയുടെ ദൈർഘ്യം കൂടിപോയാൽ ഈ രാജ്യങ്ങളിലും പൊതുജനങ്ങൾക്കായി അനുവദിച്ച സബ്സിഡികളും, മറ്റ് സാന്പത്തിക സൗജന്യങ്ങളും എടുത്തുകളയാൻ ഇവരും നിർബന്ധിക്കപ്പെട്ടേക്കാം. ഇറാഖ്, ലിബിയ, യെമൻ തുടങ്ങിയ പ്രശ്ന ബാധിത രാജ്യങ്ങളിൽ ഈ വിലക്കുറവ് സൃഷ്ടിക്കുന്നത് കൂടുതൽ അക്രമങ്ങളും, ഭീകരവാദ പ്രവർത്തനങ്ങളുമായിരിക്കും.
എന്തായാലും ക്രൂഡ് ഓയിലിന്റെ പേരിൽ ഈ ക്രൂരത തുടരുന്പോൾ സാധാരണക്കാരൻ ചോദിക്കുന്നത് ഇനി എത്ര നാൾ ഇവിടെ എന്നുമാത്രം!!
പ്രദീപ് പുറവങ്കര