ഈ മനോഹര തീരത്ത്


പി.ഉണ്ണികൃഷ്ണൻ 

ആൾക്കൂട്ടത്തിന്റെ നടുവിൽ അകന്ന ബന്ധുവായ ഒരു ചേട്ടന്റെ ചുമലിൽ കയറി ഇരിക്കുകയാണ് ഞാൻ. സംഭവം നടക്കുന്നത് ദുർഗ്ഗാ ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത്. ആൾക്കൂട്ടം സന്തോഷത്തോടെ കൈയടിച്ച് ബഹളം വെയ്്ക്കുന്പോൾ േസ്റ്റജിന്റെ ഒത്ത നടുവിൽ വെളുത്ത പാന്റ്സും ഷർട്ടും ധരിച്ച് ഗാനഗന്ധർവ്വൻ നിറഞ്ഞു നിന്നു.

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കുവെച്ചു.... ദാസേട്ടൻ എല്ലാം മറന്ന് പാടുന്പോൾ ജനം നിശബ്ദരായി. പാട്ടിന്റെ പാലാഴി കടയുന്പോൾ എന്റെ ഹൃദയത്തിൽ നിന്നും ബുദ്ധിയിലേക്ക് ഒരു വ്യക്തമായ സന്ദേശം കയറുന്നത് ഞാനറിഞ്ഞു.

അന്നും ഇന്നും എന്റെ മതത്തെക്കുറിച്ചുള്ള ചിത്രം ദാസേട്ടൻ പാടിയ ആ വരികൾ തന്നെ. 

നാടകഗാനങ്ങളിലൂടെയാണ് ഒരു കാലത്ത് സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ ഗാനങ്ങളായി പുറത്തിറങ്ങുന്നത്. സാന്പത്തിക അസമത്വം അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുന്പോൾ കെ.പി.എസ്.സിയുടെ ‘തലക്ക് മേലെ ശൂന്യാകാശം’... തുടങ്ങിയ ഗാനങ്ങൾ മാറ്റത്തിനായുള്ള മുദ്രാവാക്യങ്ങളായി. ദേവരാജൻ മാഷും വയലാറും ദാസേട്ടനും മലയാളഗാന ശാഖക്ക് നൽകിയത് കേവലം നല്ല പാട്ടുകൾ മാത്രമല്ല. പകരം ഒരു ജീവിത ദർശനവുമാണ്. തത്വശാസ്ത്രവും സമത്വ വാദവും നല്ല ചിന്തകളും ആയിരുന്നു.

ഈശ്വരൻ ഹിന്ദുവല്ല, ഇസ്ലാമല്ല, ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല എന്ന ഗാനം, ഒപ്പം ഈശ്വരൻ ഒരിക്കൽ വിരുന്നിന് പോയി എന്ന ഗാനം, മാധുരി പാടിയ ഒരു മതം ഒരു ദൈവം എന്ന ഗാനം. ഇവ അന്നും ഇന്നും സാമൂഹ്യ പ്രസക്തി നഷ്ടപ്പെടാത്തവയാണ്.

കൃഷ്ണനെയും ബുദ്ധനെയും ക്രിസ്തുദേവനെയും നബി തിരുമേനിയെയും മാർക്സിനെയും നിങ്ങൾ ചതിച്ചു കൊണ്ടിരിക്കുകയാണ് എന്ന് മതമേധാവികളോട് സിനിമാ ഗാനങ്ങളിലൂടെ കവി നടത്തിയ പ്രതികരണങ്ങൾ ഇന്നും നമ്മുടെ മനസ്സിൽ ചോദ്യചിഹ്നമായി അവശേഷിക്കുന്നത് അതിന്റെ വരികളും സംഗീതവും ശബ്ദമാധുര്യവും ഒത്തിണങ്ങി വന്നത് കൊണ്ട് മാത്രമാണ്.

ഇന്ന് നല്ല കവികൾക്ക് നല്ല സംഗീത സംവിധായകരെ ലഭിക്കുന്നില്ല. നല്ല കവിതയും സംഗീതവും സമന്വയിക്കുന്പോൾ നല്ല ശബ്ദമാധുര്യമുള്ള ഗായകരെ ലഭിക്കുകയില്ല. ഈ മൂന്ന് മേഖലയിലും പ്രഗത്ഭരായ കലാകാരന്മാർ വരുന്പോൾ മാത്രമേ അനശ്വര ഗാനങ്ങൾ ജനിക്കുകയുള്ളൂ.

സ്മിത്ത് സോനിയൻ എന്ന ഒരു സംഘടനയുണ്ട്. അവർ സമാധാനം പടർത്താനും അനീതിക്കുമെതിരെ ഗാനങ്ങൾ രചിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നു. 1976ൽ ഇറങ്ങിയ ദസ്തമാൻ വൈബ്രേഷൻ എന്ന ആൽബത്തിലെ ബോബ് മാർലി ആന്റ് ദ വാദേഴ്സ്, നോ റൂട്ട്സ് എന്ന ആൽബത്തിലെ ഫൈയ്ത്തലസ് എന്ന ഗാനം, ബൂബിൾ‍ ഗൗൺ പ്രൊഡക്ഷന്റെ സ്റ്റോപ്പ് ദി വാളിയം എന്ന ഗാനം പീസ് ഒ പീസ് ഗാനം ഒക്കെ സമാധാനത്തിന്റെ പ്രചരണത്തിനായി നിർമ്മിക്കപ്പെട്ടവയാണ്. 

പ്രതിഷേധിക്കുവാൻ വേണ്ടിയും പല ഗാനങ്ങളും അന്താരാഷ്ട്ര വിപണിയിൽ ചർച്ച ചെയ്യപ്പെടുകയും ചൂടപ്പം പോലെ വിറ്റ് പോകുകയും ചെയ്തിട്ടുണ്ട്. fight the power, Liberty song, I shall not be moved, Enough is Enough ജിമ്മി ക്ലാഫിന്റെ വിയറ്റ്നാം എന്നീ ഗാനങ്ങൾ പ്രതിഷേധ ഗാനങ്ങളായി. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ഗാനം ശ്രീ യേശുദാസ് പാടിയ ‘ഗുരുവായൂർ അന്പല നടയിൽ ഒരു ദിവസം ഞാൻ പോകും.....’ എന്ന ഗാനമാണ്.

ജാതി മത ചിന്തകൾക്ക് ഉപരിയായ ചിന്തിക്കുന്ന ഒരു ഗായകന്റെ മനോവിഷമമവും ഗുരുവായൂരന്പലത്തിൽ അന്യ മതസ്ഥരെ പ്രവേശിപ്പിക്കാതെയിരിക്കുന്നതിലുള്ള അനൗചിത്യം കവിയും, സംഗീത സംവിധായകനും, ഗായകനും ഒരേ വികാരത്തോടെ പ്രകടിപ്പിച്ചപ്പോൾ അത് ജനങ്ങളും അതേ വികാരത്തോടെ ഏറ്റെടുത്തു.

പഴയ ചില ഗാനങ്ങൾ കേൾക്കുന്പോൾ അത് ഇന്നും നമ്മുടെ ജീവിതപ്രശ്നങ്ങളുടെ പ്രതിഫലനമായി തോന്നും. പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെടുത്തുവാൻ പറ്റുന്നതാണ് ഒരിടത്ത് ജനനം, ഒരിടത്ത് മരണം ചുമലിൽ ജീവിതഭാരം എന്ന ഗാനം. അതിലെ ഓരോ വരികളും പ്രവാസിയുടെ ജീവിതവുമായി ബന്ധപ്പെടുത്തുവാൻ സാധിക്കും. വഴിയറിയാതെ മുടന്തി നടക്കുന്ന ബലിമൃഗങ്ങൾ, മോഹങ്ങൾ അവസാന നിമിഷം വരെ മനുഷ്യബന്ധങ്ങൾ ചുടല വരെ എന്ന് ഗായകൻ പാടി തീരുന്പോൾ ഏതൊരു പ്രവാസികളുടെയും കണ്ണ് നിറയ്ക്കും.

ഇത്രയും വിശാലമായ ചിന്തകൾ ഉൾക്കൊള്ളിച്ച ഗാനശാഖയാണ് ഇന്ന് രചനാ വൈകല്യം കൊണ്ടും വിളറി പിടിച്ച സംഗീത മിശ്രണം കൊണ്ടും തകർന്ന് കൊണ്ടിരിക്കുന്നത്. അപ്പങ്ങൾ ചുടുന്ന അമ്മായിയെയും രാക്ഷസി രാക്ഷസി എന്ന് നിലവിളിക്കുന്ന ഗാനങ്ങളും അംഗനവാടി ടീച്ചറേ എന്ന് കരയുന്ന ഗാനങ്ങളും പുതു ജനറേഷൻ ഹിറ്റാക്കി കൊണ്ട് നടക്കുന്പോൾ ഒരു ഗാനശാഖക്ക് ഉണ്ടാകാവുന്ന ഏറ്റവും വലിയ അപച്യുതിയാണ് ഇതിലൂടെ സംഭവിക്കുന്നത്. കലാകാരന്മാർ ഈശ്വരന്റെ അനുഗ്രഹം കൂടുതലായി ലഭിച്ചവരാണ്. അവർക്ക് ലഭിച്ച ഈ അനുഗ്രഹം കേവലം കലാരൂപത്തിലൊതുക്കാതെ അതിലുപരി സാമൂഹ്യ നന്മക്കായി ഉപയോഗിക്കുന്പോഴാണ് അവർ ഉന്നതിയിലെത്തുന്നത്.

സമാധാന സന്ദേശം പടർത്താനും മതസൗഹാർദ്ദം വളർത്താനും ജനക്ഷേമത്തിനായും തന്റെ കലാവൈഭവത്തെ ഉപയോഗിച്ച് തന്റെ ജീവിതം തന്നെ സന്ദേശമാക്കിയ നമ്മുടെ ഒരേ ഒരു ദാസേട്ടൻ ഇന്ന് ബഹ്റിനിലെത്തിയിരിക്കുകയാണ്.

മണ്ണിന്റെ മണവും പാലപ്പൂവിന്റെ ഗന്ധവുമുള്ള പാട്ടുകൾ ഗാനഗന്ധർവ്വനിലൂടെ നാളെ പെയ്ത് തുടങ്ങുന്പോൾ അത് നമ്മുടെ മനസ്സിലേയ്ക്ക് കുളിരായി, തണലായി, സങ്കടമായി, സന്തോഷമായി പടരുമെന്നോർക്കുന്പോൾ മനസ്സിൽ വരുന്ന ചോദ്യം ദാസേട്ടന്റെ ഗാനം കേൾക്കാൻ ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...

You might also like

  • Straight Forward

Most Viewed