കാണാതായ മലയാളി യുവാവിനെ കണ്ടെത്തി


ദുബായ്: ദുബായിൽ വച്ച് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. തൃശൂര്‍ വെള്ളാങ്കല്ലൂര്‍ സ്വദേശി വിളക്കത്തറയില്‍ മധുവാണ് വീണ്ടും കുടുംബത്തിലേക്ക് തിരിച്ചെത്തുന്നത്. അഞ്ചു മാസം മുമ്പ് ജബല്‍ അലിയിലെ ലേബര്‍ ക്യാമ്പില്‍ വെച്ചാണ് മധു അപ്രത്യക്ഷനായത്. വിഷു ആഘോഷിക്കാന്‍ നാട്ടിലെത്തുമെന്ന് പറഞ്ഞ മധു പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരുന്നു. എന്നാൽ നാട്ടിലേക്ക് പുറപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് മധുവിനെ കാണാതായി.

കൂട്ടുകാരും ബന്ധുക്കളും പല വഴിക്കും അന്യേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. അതിനിടയില്‍ ദുബായിലുള്ള മധുവിന്റെ നാട്ടുകാരനും കലാകാരനുമായ സത്താര്‍ അല്‍കാരന്‍ ദുബായ് പോലീസിലും കോണ്‍സലേറ്റിലും പരാതി സമര്‍പ്പിക്കുകയും ചെയ്തു. നാട്ടിലുള്ള ഭാര്യ ബിജിത മുഖ്യമന്ത്രിക്കും നോര്‍ക്കയ്ക്കും പരാതി നല്‍കുകയും ചെയ്തു.

മലയാളി യുവാവിന്റെ തിരോധാനത്തെ കുറിച്ച് പല തവണ പത്രങ്ങളില്‍ വാര്‍ത്തയായി. മകനെ കാത്തിരുന്ന് അവസാനം മരണത്തിന് കീഴടങ്ങിയ മധുവിന്റെ പിതാവിനെ കുറിച്ച് വന്ന പത്ര വാര്‍ത്തയാണ് യുവാവിനെ കണ്ടെത്താന്‍ സഹായിച്ചത്. പത്രത്തില്‍ നല്‍കിയ സ്ഥാപനത്തിന്റെ പരസ്യം പ്രസിദ്ധീകരിച്ചത് കണ്ടെത്താനായി പഴയ പത്രങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് ആ പരിസരത്ത് തങ്ങള്‍ സ്ഥിരമായി കാണാറുള്ള മധുവിന്റെ ഫോട്ടോ സഹിതം വന്ന വാര്‍ത്ത ചിലരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ ആളെ കണ്ടെത്തി കാര്യങ്ങള്‍ അന്യേഷിച്ചപ്പോള്‍ സംഭവം വ്യക്തമായി.

സഹപ്രവര്‍ത്തകന് കടം ലഭിക്കുന്നതിന്ന് ജാമ്യം നിന്നതാണ് മധുവിന്റെ ജീവിതത്തെ താറുമാറാക്കിയത്. പണം തിരിച്ചു കൊടുക്കാതെ സഹപ്രവര്‍ത്തകന്‍ മുങ്ങിയപ്പോള്‍ നാട്ടിലേക്ക് പോകുവാന്‍ കരുതിവെച്ച പണം കടക്കാരന്‍ കൊണ്ടു പോയി. സഹപ്രവര്‍ത്തകനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ മധുവിന് ലഭിച്ചതാവട്ടെ അഞ്ചുമാസത്തെ അജ്ഞാത വാസം. സ്വന്തം പിതാവിന്റെ മരണ വാര്‍ത്ത പോലൂം ഒളിവു ജീവിതത്തില്‍ നഷ്ടപ്പെട്ടു എന്തു ചെയ്യണമെന്നറിയാതെ മധു അമിതമായി പെനഡോള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

അവശനിലയില്‍ മധുവിനെ കണ്ടെത്തിയ ബംഗ്ലാദേശ് സ്വദേശി പ്രാഥമിക ചികിത്സ നല്‍കി തൊട്ടടുത്തുള്ള കഫ്തീരിയയില്‍ ജോലിക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഇനി എത്രയും പെട്ടന്ന് കുടുംബത്തിനൊപ്പം എത്തിച്ചേരുവാനുള്ള തിടുക്കത്തിലാണ് മധു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed