കൊവിഡ് 19; പ്രവാസികൾക്ക് ഭക്ഷണമെത്തിക്കാൻ ഒരു ലക്ഷം ദിർഹം നൽകി എം.എ യൂസഫലി

അബുദാബി: കൊവിഡ് 19 വ്യാപനം മൂലം ദുരിതത്തിലായവർക്ക് വേണ്ടി പ്രവർത്തിക്കുന്ന യു.എ.ഇയിലെ സന്നദ്ധ സംഘടനകൾക്ക് ആശ്വാസമേകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. കൊവിഡ് മൂലം വരുമാനമില്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് ഒരു ലക്ഷം ദിർഹം യൂസഫലി നൽകിയത്.
ദുബൈ കെ.എം.സി.സി (50,000 ദിർഹം), ഇൻകാസ് ദുബൈ, ഷാർജ (25,000 ദിർഹം), അബുദാബി ഇസ്ലാമിക് സെന്റർ (25,000 ദിർഹം) എന്നീ സംഘടനകൾക്കാണ് തുക നൽകിയത്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയും പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് പദ്ധതിയിലേക്ക് 25 കോടി രൂപയും അദ്ദേഹം സംഭാവന നൽകിയിരുന്നു. ഇതിന് പുറമെ കേരളത്തിലെ മാസ്കുകളുടെ ക്ഷാമം പരിഹരിക്കാൻ ഒരു ലക്ഷം മാസ്കുകളും എത്തിക്കുമെന്ന് അദ്ദേഹം സംസ്ഥാന സർക്കാറിനെ അറിയിച്ചു.