കാസർഗോഡ് കൊവിഡ് ഭേദമായി ഇന്ന് ആശുപത്രി വിട്ടത് 15 പേർ


കാസർഗോഡ്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള കാസർഗോഡ് ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനം. കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോഗി ഉൾപ്പടെ 15 പേരാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്. കൊവിഡ് ബാധിച്ച് കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സായിലുള്ള എട്ട് കാസർഗോഡ് സ്വദേശികൾക്കുമാണ് കൊവിഡ് ഭേദമായത്. ഇവർ വീടുകളിലേക്ക് മടങ്ങി.

കൊവിഡ് രണ്ടാം ഘട്ടത്തിൽ ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ സാന്പിൾ പരിശോധന ഫലം വിലയിരുത്തി മെഡിക്കൽ ബോർഡാണ് ഡിസ്ചാർജിന് അനുമതി നൽകിയത്. ഇയാളിൽ നിന്ന് സന്പർക്കത്തിലൂടെ പടർന്ന രണ്ട് വയസുള്ള കുട്ടിയും ഗർഭിണിയും രോഗം ഭേദമായവരിലുണ്ട്. വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥി അടക്കം ഏഴുപേർക്ക് നേരത്തെ രോഗം ഭേദമായിരുന്നു. ആശുപത്രി വിട്ടെങ്കിലും ഇവർ രണ്ടാഴ്ച വീട്ടിൽ ക്വറന്റൈനിൽ തുടരണം. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ജില്ലയിൽ ഇത്രപേർക്ക് രോഗം ഭേദമാകുന്നത്. ഇതോടെ ജില്ലയിൽ ആശുപത്രി വിട്ടവരുടെ എണ്ണം 22 ആയി.

You might also like

Most Viewed