സാന്പത്തികനയം മാറ്റൂ; ഗൾഫ് രാജ്യങ്ങൾക്ക് അന്താരാഷ്ട്ര നാണ്യനിധിയുടെ മുന്നറിയിപ്പ്

ദുബൈ: എണ്ണയെ ആശ്രയിച്ച് കഴിയാതെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ 15 വർഷത്തിനുള്ളിൽ ഗൾഫിന്‍റെ സന്പത്ത് ഇല്ലാതാകുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ മുന്നറിയിപ്പ്. പ്രതിസന്ധി മറികടക്കാൻ സർക്കാർ ചിലവുകൾ വെട്ടിച്ചുരുക്കാനും വ്യാപകമായി നികുതി ഏര്‍പ്പെടുത്താനും ഗൾഫ് രാഷ്ട്രങ്ങൾ തയ്യാറാവണമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ എണ്ണയുടെ ഭാവിയും സാന്പത്തിക സ്ഥിരതയുമെന്ന പഠന റിപ്പോർട്ടിൽ ഐഎംഎഫ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം ജിസിസിയിൽ കേവലം 0.7 ശതമാനത്തിന്‍റെ സാന്പത്തിക വളർച്ചയാണ് ഐഎംഎഫ് രേഖപ്പെടുത്തിയത്. 2018ൽ ഇത് 2 ശതമാനമായിരുന്നു. എണ്ണവിലത്തകർച്ചയ്ക്ക് മുന്പ് 4 ശതമാനം വരെ സാന്പത്തിക വളർച്ചയുണ്ടായിരുന്ന സ്ഥാനത്താണിത്. പുതിയ സാങ്കേതിക വിദ്യകളിലൂടെ എണ്ണയുൽപ്പാദനം കൂടുകയും വിപണിയിൽ വിതരണം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആഗോള എണ്ണവിപണി അനിവാര്യമായ മാറ്റങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
2014 100 ബില്യൺ ഡോളറായിരുന്ന ജിസിസി മേഖലയിലുള്ള സർക്കാരുകളുടെ സാന്പത്തിക ബാധ്യത 2018ൽ 400 ബില്യൺ ഡോളറായി വർദ്ധിച്ചു. സ്ഥിതിഗതികൾ ഇതേരീതിയിൽ തുടർന്നാൽ മേഖലയുടെ മൊത്തം ആസ്തി 2034ഓടെയോ അതിനുമുന്പായോ പൂർണമായും ഇല്ലാതാകും. ഇത് ജിസിസിയെ കടക്കെണിയിലേക്ക് വീഴ്ത്തും. ഇപ്പോൾ അഭിമുഖീകരിക്കുന്ന സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്തു സബ്‌സിഡി വെട്ടിക്കുറയ്ക്കലും വൈദ്യുതിനിരക്ക് വർദ്ധിപ്പിക്കലും മൂല്യവർദ്ധിത നികുതിയടക്കമുള്ള നികുതിവ്യവസ്ഥകൾ ഏർപ്പെടുത്തലുമടക്കം സാന്പത്തിക വൈവിധ്യവൽക്കരണ പദ്ധതികളും പരിഷ്‌കാരങ്ങളും മിക്ക ജിസിസി രാജ്യങ്ങളിലും തുടങ്ങിക്കഴിഞ്ഞു. നിലവിലെ പരിഷ്‌കാരങ്ങൾ്‍ മേഖലയെ നേരായ പാതയിലൂടെയാണ് നയിക്കുന്നതെങ്കിലും പരിഷ്‌കാരങ്ങളുടെ വേഗത കൂട്ടേണ്ടത് അത്യാവശ്യമാണെന്ന് അന്താരാഷ്ട്രനാണ്യനിധി അഭിപ്രായപ്പെട്ടിട്ടുണ്ട്.