ദുബൈയിൽ പോലീസ് സേനകളുടെ കഴിവു പ്രകടിപ്പിക്കാനുള്ള മത്സരം നടത്തുന്നു

കുറ്റാന്വേഷണം മുതൽ രക്ഷാപ്രവർത്തനങ്ങൾവരെയുള്ള വിവിധ രംഗങ്ങളിൽ ലോകത്തിലെ വിവിധ പോലീസ് സേനകളുടെ മികവുകൾ കണ്ടെത്താൻ ദുബൈയിൽ അവസരം ഒരുങ്ങുന്നു. മികവിന്റെ പ്രദർശനം മാത്രമല്ല, അവയുടെ മത്സരം കൂടിയായിരിക്കും ഇത്.
ദുബൈ അൽ റുവയ്യ ട്രെയിനിങ് സിറ്റിയിൽ ഈ മാസം 10 മുതൽ 14 വരെയാണ് യു.എ.ഇ സ്വാത് ചാലഞ്ച് എന്ന പേരിലുള്ള ഈ മത്സരം. 50 രാജ്യങ്ങളിൽനിന്നുള്ള 60 ടീമുകളാണ് മത്സരത്തിനെത്തുന്നതെന്ന് ദുബൈ പോലീസിന്റെ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുള്ള ഖലീഫ അൽ മറി പത്രസമ്മേളനത്തിൽ അറിയിച്ചു. നിത്യവും രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഇതാദ്യമായാണ് പോലീസ് സേനകളുടെ കഴിവിന്റെ മാറ്റുരയ്ക്കുന്ന സ്വാത് ചാലഞ്ചിന് ദുബൈ വേദിയാകുന്നത്. ഇതുവരെ രാജ്യത്തെ പോലീസ് സേനകൾക്ക് മാത്രമായി ഇത്തരം മത്സരം നടത്തിയിരുന്നുവെങ്കിൽ ഇനിമുതൽ എല്ലാ വർഷവും സ്വാത് ചാലഞ്ച് മത്സരം നടക്കുമെന്ന് മേളയുടെ ജനറൽ കോ−ഓർഡിനേറ്റർ കേണൽ ഒബൈദ് ബിൻ യറൗഫ് വിശദീകരിച്ചു.
സേനാംഗങ്ങളുടെ കഴിവുകൾ, ഉത്സാഹം, ആവേശം, സംഘശക്തി, വേഗം എന്നിങ്ങനെ വിവിധ മേഖലകളിലെ പരിശോധനകളാണ് നടക്കുക.