സിമന്റ് മിക്സറിനുള്ളിലിരുന്ന് യു.എ.ഇയിലേക്ക് കടക്കാൻ ശ്രമിച്ച 22 പേർ അറസ്റ്റിൽ

ഷാർജ : സിമന്റ് മിക്സറിനുള്ളിലിരുന്ന് യു.എ.ഇയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ശ്രമിച്ച 22 പേർ അറസ്റ്റിൽ. ഷാർജ കൽബയിലെ ഖതം−മലീഹ അതിർത്തിയിൽ നിന്നാണ് ഏഷ്യൻ വംശജനായ ഡ്രൈവറേയും ആഫ്രിക്കക്കാരിയായ സ്ത്രീയേയുമുൾപ്പെടെ 22 പേരെ അറസ്റ്റ് ചെയ്തത്. പിടിയിലായ മറ്റുള്ളവർ ഏഷ്യൻ വംശജരാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർ എക്സ്റേ സ്കാനർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വിവരമറിഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം കൽബ പോലീസ് േസ്റ്റഷനിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥരുമെത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഫെഡറൽ− പ്രാദേശിക തലത്തിൽ കസ്റ്റംസ് വിഭാഗങ്ങൾ ഏകോപിപ്പിച്ചേ പ്രവർത്തിച്ചതാണ് ഈ സംഭവത്തിൽ മനുഷ്യക്കടത്ത് തടയാൻ കാരണമായതെന്ന് ഫെഡറൽ കസ്റ്റംസ് അതോറിറ്റി ചെയർമാൻ അലി ബിൻ സബീഹ് അൽ കാബി പറഞ്ഞു. അനധികൃതമായി രാജ്യത്തു കടക്കാൻ ശ്രമിച്ചവരെ പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.