തൊഴിലാളികളെ അയക്കുന്നത് നിർത്തിയ ഫിലിപ്പീൻസ് നടപടി ആശ്ചര്യജനകം : കുവൈത്ത്

കുവൈത്ത് സിറ്റി : കുവൈത്തിൽ വരുന്നതിന് തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തിയ ഫിലിപ്പീൻസ് നടപടി ആശ്ചര്യജനകമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാഹ് അഭിപ്രായപ്പെട്ടു. വിഷയത്തിൽ ഫിലിപ്പീൻസ് പ്രസിഡണ്ട് നടത്തിയ പ്രസ്താവനയെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് റ്റില്ലേഴ്‌സനൊപ്പം പങ്കെടുത്ത വാർത്താസമ്മേളനത്തിൽ ആണ് കുവൈത്ത് വിദേശകാര്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കുവൈത്തിലുള്ള ഫിലിപ്പീൻസ് തൊഴിലാളികൾ പീഡിപ്പിക്കപ്പെടുന്നു എന്ന പരാതിക്കു കുവൈത്ത് വ്യക്തമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‍നത്തിൽ ഉന്നതതല നയതന്ത്ര ചർച്ചകൾ നടന്നു കൊണ്ടിരിക്കെ ഫിലിപ്പീൻസ് പ്രസിഡണ്ട് കുവൈത്തിനെ കുറ്റപ്പെടുത്തുന്ന രീതിയിൽ പ്രസ്താവന നടത്തിയത് ആശ്ചര്യപ്പെടുത്തുന്നതായും പറഞ്ഞ വിദേശകാര്യമന്ത്രി 170,000 ഫിലിപ്പീൻ തൊഴിലാളികളാണ് കുവൈത്തിൽ ഉള്ളതെന്നും കൂടുതൽ പ്രശ്നങ്ങൾ ഇല്ലാത്തവരും മെച്ചപ്പെട്ട ജീവിതം നയിക്കുന്നവരാണ് ഭൂരിഭാഗവുമെന്നും നിർഭാഗ്യവശാൽ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്പോൾ കൃത്യമായ അന്വേഷണം നടത്തി വിവരങ്ങൾ ഫിലിപ്പീൻസ ഗവൺമെന്റിനെ അറിയിക്കുന്നുമുണ്ടെന്നും വ്യക്തമാക്കി.
പുതിയ സംഭവഗതികൾ കുവൈത്തും ഫിലിപ്പീൻസും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.