2018 മുതൽ യു.എ.ഇയിലേക്കുള്ള യാത്രയ്ക്ക് ചിലവ് വർദ്ധിക്കും

ദുബൈ : പുതുവർഷം മുതൽ യു.എ. ഇയിലേക്കുള്ള യാത്രയ്ക്ക് വിലയേറും. പുതുവർഷത്തിൽ യു.എ.ഇയിലേക്ക് പോകുന്നവരിൽ നിന്ന് അഞ്ച് മുതൽ ഏഴ് ശതമാനം വരെ മൂല്യവർദ്ധിത നികുതിയും (വാറ്റ്) എക്‌സൈസ് തീരുവയും ഈടാക്കുന്നതിനെ തുടർന്നാണിത്. എണ്ണവിലയിലുള്ള ചാഞ്ചാട്ടവും സാന്പത്തിക രംഗം ക്ഷയിക്കുന്നതുമാണ് നികുതി ചുമത്താൻ യു.എ.ഇ സർക്കാരിനെ പ്രേരിപ്പിച്ചത്. ഡിസംബർ മാസം അവസാനിക്കുന്നതോടെ മൂന്നരലക്ഷം സ്ഥാപനങ്ങൾ നികുതി സംവിധാനത്തിന് കീഴിലാവുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ജനുവരി ഒന്ന് മുതൽ ഹോട്ടൽ ഭക്ഷണം, സ്ഥലങ്ങൾ സന്ദർശിക്കാനെത്തുന്നതിനായി വാടകയ്ക്ക് എടുക്കുന്ന ടാക്‌സികൾ എന്നിവയ്ക്ക് അഞ്ച് ശതമാനം മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തും. ഇതിന് പുറമെ, ആരോഗ്യത്തിനു ഹാനികരമായ പുകയിലയ്ക്കും ഊർജ്‍ജദായക പാനീയങ്ങൾക്കും 100 ശതമാനം എക്‌സൈസ് തീരുവയും ഏർപ്പെടുത്തും. കോളകൾക്കും മറ്റും 50 ശതമാനമാണ് തീരുവ.
മൂല്യവർഗദ്ധിത നികുതി വഴി ആദ്യവർഷം 1200 കോടി ദിർഹവും രണ്ടാം വർഷം 2000 കോടി ദിർഹവും വരുമാനമായി ലഭിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വിവിധ സ്ഥാപനങ്ങളെ മൂല്യവർദ്ധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്യിക്കാനുള്ള നടപടികളും അടുത്ത മാസം ആരംഭിക്കും. അതേസമയം, ദുബൈയിലെ നികുതി പരിഷ്‌കരണം ഇന്ത്യാക്കാരെ പരമാവധി ബാധിക്കാതിരികകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രമുഖ ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.