യു.എ.ഇയിൽ പുതിയ നികുതി കൂടി പരിഗണനയിൽ

അബുദാബി : യു.എ.ഇയിൽ ഒക്ടോബറിൽ നിലവിൽ വന്ന എക്സൈസ് നികുതിക്കും ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന മൂല്യവർധിത നികുതിക്കും പുറമെ പുതിയ നികുതി കൂടി പരിഗണനയിൽ. എന്നാൽ അത് വ്യക്തികളുടെ വേതനത്തിൽ നിന്ന് ഈടാക്കുന്നതായിരിക്കില്ല. ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് ഭാവിയിൽ പുതിയ നികുതി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ നൽകിയത്.
ഇപ്പോൾ യു.എ.ഇയിൽ ആദായനികുതി സംവിധാനം നിലവിലില്ല. എന്നാൽ പലതരം നികുതി സംവിധാനത്തെക്കുറിച്ച് യു.എ.ഇ ശാസ്ത്രീയ പഠനം നടത്തിവരികയാണ്. യു.എ.ഇയിൽ കാർബണേറ്റഡ് പാനീയങ്ങൾക്കും ഊർജദായക പാനീയങ്ങൾക്കും യഥാക്രമം 50ഉം 100ഉം ശതമാനം എക്സൈസ് നികുതി ഒക്ടോബർ മുതലാണ് നിലവിൽ വന്നത്. ഇനി യു.എ.ഇ നടപ്പാക്കാൻ പദ്ധതിയിടുന്ന നികുതി സിംഗപ്പൂരിലേതിന് സമാനമായ ആഡംബര വാഹനങ്ങൾക്കുള്ള നികുതിയും കോർപ്പറേറ്റ് നികുതിയുമെല്ലാം ആവാമെന്ന് ഐ.സി.എ.ഐ സെക്രട്ടറി അനുരാഗ് മെഹ്ത പറഞ്ഞു.
ആഡംബര വാഹനങ്ങൾക്കുള്ള നികുതി സർക്കാരിന്റെ സാന്പത്തികാവസ്ഥയ്ക്ക് ശക്തി പകരുന്നതോടൊപ്പം പൊതുഗതാഗത സംവിധാനത്തിന് കൂടി കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രവികസനത്തിന് നികുതി സംവിധാനം വലിയ പങ്കാണ് വഹിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി പറഞ്ഞു. നികുതി നടപടി ക്രമങ്ങളുടെ സുഖകരമായ നടത്തിപ്പിന് ആവശ്യമായ കാര്യങ്ങൾ എഫ്.ടി.എ.യുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.