പ്രവാസി തിരിച്ചറിയൽ കാർഡിന് ഇനി ഓൺലൈൻ അപേക്ഷ

അബുദാബി : പ്രവാസി മലയാളികൾക്ക് കേരള സർക്കാർ നൽകുന്ന തിരിച്ചറിയൽ കാർഡിന് ഇനി ഓൺലൈൻ അപേക്ഷ. നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുക. ഇതിനു മുന്നോടിയായി പ്രവാസി മലയാളി ഡേറ്റാബേസും തയ്യാറാക്കുന്നുണ്ട്.
എൻ.ആർ.കെ ഐഡന്റിറ്റി കാർഡിനായി അപേക്ഷിക്കുന്നവർ ആദ്യം പ്രവാസി കേരളീയ ഡേറ്റാബേസിൽ റജിസ്റ്റർ ചെയ്യണം. അങ്ങനെ റജിസ്റ്റർ ചെയ്തവർക്കു യൂസർ നെയിമും പാസ്‌വേർഡും ലഭിക്കും. അതുപയോഗിച്ച് എൻ.ആർ.കെ വെബ്സൈറ്റിൽ പ്രവേശിച്ചു തിരിച്ചറിയൽ കാർഡിനായുള്ള അപേക്ഷ നൽകാം.
പ്രവാസികളെയും കേരളത്തിൽ തിരികെയെത്തുന്ന പ്രവാസികളെയും കുറിച്ചുള്ള കൃത്യവും സമഗ്രവുമായ ഡേറ്റാബേസിനു രൂപം നൽകുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി. പ്രവാസികൾക്കുവേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ഈ ഡേറ്റാബേസ് പ്രയോജനപ്പെടുത്താനാണു ലക്ഷ്യമിടുന്നത്.
വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്ത് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും ജോലിനോക്കുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കു തങ്ങളുടെ വിവരങ്ങൾ ഈ ഡേറ്റാബേസിൽ റജിസ്റ്റർ ചെയ്യാം. പ്രവാസികാര്യ വകുപ്പിന്റെ എല്ലാ സേവനങ്ങളും ലഭിക്കുന്നതിന് ഈ റജിസ്ട്രേഷൻ നിർബന്ധമായിരിക്കും.