ദുബൈയിൽ 85 മൊബൈൽ റസ്റ്റോറന്റുകൾക്ക് പെർമിറ്റ്

ദുബൈ : ദുബൈയിൽ 85 മൊബൈൽ റസ്റ്റോറന്റുകൾക്കു പെർമിറ്റ്. ആഘോഷങ്ങളിലും പ്രദർശന നഗരികളിലും ഇവർക്കു വാഹനങ്ങളിൽ ഭക്ഷണം എത്തിക്കാമെന്നു നഗരസഭയിലെ ഭക്ഷ്യ പരിശോധനാ വകുപ്പ് തലവൻ സുൽത്താൻ അൽ താഹർ അറിയിച്ചു. നിശ്ചിത കാലത്തേക്കു നിശ്ചിത മേഖലകളിലേക്കു മാത്രമാണു വാഹനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി.
മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നിരന്തരം പരിശോധന നടത്തി നിലവാരം ഉറപ്പുവരുത്തും. ഈ വർഷം 50 വാഹനങ്ങളിൽ പരിശോധന നടത്തി സാക്ഷ്യപത്രം നൽകി. വാഹനം, ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കുന്ന രീതി, വിഭവങ്ങളുടെ വൈവിധ്യം, ഗുണനിലവാരം, ജോലിക്കാരുടെ തൊഴിൽ രീതി എന്നിവ പരിശോധിച്ചാണു സർട്ടിഫിക്കറ്റ് നൽകുന്നത്. പൊതു ആരോഗ്യ നിയമങ്ങൾ ലംഘിച്ചതായി ശ്രദ്ധയിൽപെട്ടാൽ പെർമിറ്റ് മരവിപ്പിക്കും. ജീവനക്കാർക്കു നഗരസഭയുടെ ഹെൽത്ത് കാർഡ് നിർബന്ധമാണ്.
പാചകം ചെയ്തു വിതരണത്തിന് തയ്യാറാക്കിയ വിഭവങ്ങളുടെ ചൂടിന്റെ തോതും പരിശോധിക്കും. പഴകിയതും കേടായതുമായ ഭക്ഷണസാധനങ്ങൾ വിൽക്കുന്നില്ലെന്നു ഉറപ്പുവരുത്താനാണിത്. പൊതുശുചീകരണത്തിനു പുറമേ ജീവനക്കാരുടെ വ്യക്തിഗത ശുചിത്വവും പ്രധാനമാണെന്ന് സുൽത്താൻ സൂചിപ്പിച്ചു. പെർമിറ്റില്ലാതെയാണ് വാഹനത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് പരിശോധയിൽ കണ്ടെത്തിയാൽ ഉടൻ നടപടി സ്വീകരിക്കും. 2003ലെ 11 − നന്പർ നഗരസഭാ ചട്ടപ്രകാരം ആയിരിക്കും നടപടികളെന്നു സുൽത്താൻ വ്യക്തമാക്കി.
ഗോൾഡൻ എക്സലന്റ്, എക്സലന്റ്, വെരിഗുഡ്, ഗുഡ്, അക്സപ്റ്റബിൾ എന്നിങ്ങനെ പല വിഭാഗങ്ങളിലായാണ് സേവന നിലവാരം പരിഗണിച്ചു നഗരസഭ സാക്ഷ്യപത്രം നൽകുന്നത്. ഇക്കൊല്ലം നടത്തിയ പരിശോധനയിൽ 16 മൊബൈൽ റസ്റ്റോറന്റുകൾ ഗോൾഡൻ എക്സലന്റ് റേറ്റിങ് നേടി. എക്സലന്റ് പട്ടികയിൽ 34, വെരിഗുഡ് വിഭാഗത്തിൽ 10, ഗുഡ് വിഭാഗത്തിൽ നാല് എന്നിങ്ങനെ മൊബൈൽ റസ്റ്റോറന്റുകളുണ്ട്.