ദുബൈയിൽ മലയാളി നേഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

ദുബൈ : ദുബൈയിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശിനി ശാന്തി തോമസ് (30)ആണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആരോപണത്തിന്റെ മുനനീളുന്നത് ഭർത്താവ് ആന്റണി ജോസിലേക്കാണ്. ഭർത്താവിൽ നിന്ന് ശാന്തിയ്ക്ക് കടുത്തപീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
ഒരുമാസം മുന്പാണ് ദുബൈയിലെ എമിറേറ്റ് ആശുപത്രിയിൽ ശാന്തി ജോലിയിൽ പ്രവേശിച്ചത്. ആന്റണി ദുബൈയിലെ ഹോട്ടൽ ജുമൈറയിലെ ജീവനക്കാരനുമാണ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ആന്റണിയുടെ സഹോദരനാണ് മരണ വിവരം ശാന്തിയുടെ വീട്ടുകാരെ വിളിച്ചറിയിച്ചത്.
ആന്റണി ആലപ്പുഴ തത്തംപ്പള്ളി സ്വദേശിയാണ്. ഇയാൾ ശാന്തിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സംഭവം സമഗ്രമായി അന്വേഷിക്കണമെന്നും ശാന്തിയുടെ വീട്ടുകാർ ആവശ്യപ്പെട്ടു.