സച്ചിന്റെ ഒരു റെക്കോഡ് കൂടി തകര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റൻ
കാന്‍ബറ: ഏകദിന ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡുകൂടി പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വേഗത്തില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമായിരിക്കുകയാണ് കോലി. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് കോലി മറികടന്നത്. ഇത്രയും റണ്‍സ് നേടാന്‍ 242 ഇന്നിങ്‌സുകളാണ് കോലിക്ക് വേണ്ടിവന്നത്. സച്ചിന്‍ 300 ഇന്നിങ്‌സിൽ നിന്നായിരുന്നു 12,000 റണ്‍സെടുത്തത്.
കാന്‍ബറയിൽ മൂന്നാം ഏകദിനം തുടങ്ങന്നതിന് മുന്പ് 11,977 റണ്‍സായിരുന്നു കോലിയുടെ സന്പാദ്യം. 23 റണ്‍സ് കൂടി ചേര്‍ത്തപ്പോൾ ആ റെക്കോഡും കോലിയുടെ പേരിലാവുകയായിരുന്നു. കോലി കളിക്കുന്ന 251ാം ഏകദിനമാണിത്. 60ന് അടുത്താണ് കോലിയുടെ ശരാശരി. ഇതില്‍ 43 സെഞ്ചുറികളും 59 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു കോലിയുടെ അരങ്ങേറ്റം.
463 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള സച്ചിന്‍ 18,426 റണ്‍സ് നേടിയിട്ടുണ്ട്. 44.83 ശരാശരിയിലാണ് സച്ചിന്‍ ഇത്രയും റണ്‍സ് നേടിയത്. ഇതില്‍ 49 സെഞ്ചുറികളും 96 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. വേഗത്തില്‍ 12,000 തികച്ചവരുടെ കാര്യത്തില്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്. 314 ഇന്നിങ്‌സിൽ നിന്നാണ് പോണ്ടിംഗ് ഇത്രയും റണ്‍സെടുത്തത്.

