ഇന്ത്യയുമായി കളികളില്ലാതായതോടെ പാക് ക്രിക്കറ്റ് ബോര്‍ഡിന് 700 കോടിയോളം നഷ്ടം


ന്യൂഡൽഹി: ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരകൾ നടക്കാതായതോടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് വരുമാനയിനത്തിൽ നഷ്ടമായത് 90 ദശലക്ഷം ഡോളർ (ഏകദേശം 700 കോടി രൂപ) എന്ന് റിപ്പോർട്ട്. ഇന്ത്യയുമായുള്ള പരമ്പരകൾ നടക്കാതെ വന്നതോടെ പാകിസ്താന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ ടിവി സംപ്രേക്ഷണ വരുമാനത്തിലാണ് ഈ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ 2008−ന് ശേഷം ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പരകൾ നടന്നിട്ടില്ല. 149 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1140 കോടിരൂപ) സംപ്രേക്ഷണ കരാറാണ് പി.സി.ബിയുമായുള്ള ബ്രോഡ്കാസ്റ്റർമാർക്ക് ഉണ്ടായിരുന്നത്. ഇന്ത്യയുമായുള്ള പരമ്പര നിർബന്ധമാണെന്ന് കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇന്ത്യയ്ക്കെതിരേ കരാർ പ്രകാരം നടക്കേണ്ടിയിരുന്ന രണ്ട് പരമ്പരകൾ പാകിസ്താന് കളിക്കാനായില്ല. ഇതോടെ ബ്രോഡ്കാസ്റ്റർമാരായ ടെൻ സ്പോർട്സും പിടിവിയും കരാർ പ്രകാരം പി.സി.ബിക്ക് നൽകേണ്ടിയിരുന്ന തുകയിൽ നിന്ന് 90 ദശലക്ഷം ഡോളർ (ഏകദേശം 700 കോടി രൂപ) കുറച്ചാണ് നൽകിയത്. 2008−ന് ശേഷം ഐ.സി.സി ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും തമ്മിൽ മത്സരിച്ചിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed