ക്വാറന്റൈൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ തിരിച്ചെത്തിക്കുന്നത് പ്രശ്‌നങ്ങളുണ്ടാക്കും: വി. മുരളീധരൻ

തിരുവനന്തപുരം: കോവിഡ് പടരുന്ന സാഹചര്യത്തിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. അതുകൊണ്ടാണ് പ്രവാസികളുടെ ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ എടുത്തുചാടി നടപടി എടുക്കാത്തതെന്നും മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രത്തെ കുറ്റപ്പെടുത്തി കൈയടി നേടാൻ ശ്രമിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് മോദി സർക്കാർ ഒരു കാരണവശാലും തയ്യാറല്ല. എന്നാൽ, പ്രവാസികളുടെ പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോക്ക്ഡൗൺ കാലയളവിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകണമെന്ന നിർദ്ദേശമെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.