ഒളിമ്പിക്‌സ് 2021−ലും നടക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് സംഘാടക സമിതി

ടോക്യോ: കോവിഡ്−19 രോഗവ്യാപനം മൂലം മാറ്റിവെച്ച ടോക്യോ ഒളിമ്പിക്സ് അടുത്ത വർഷം നടക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്ന് ടോക്യോ സംഘാടക സമിതി തലവൻ തോഷിറോ മുട്ടൊ പറഞ്ഞു. 2021 ജൂലായ് മുതൽ ഗെയിംസ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇപ്പോഴും വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മാറ്റിവെച്ച തീയതിയും അനിശ്ചിതത്വത്തിലാണെന്ന് തോഷിറോ മുട്ടൊ വ്യക്തമാക്കി.
അടുത്ത ജൂലായ് മാസത്തോടെ ഈ പകർച്ചവ്യാധിയെ നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്ന വിശ്വാസം ആർക്കെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. ഇക്കാരണത്താൽ തന്നെ ഇപ്പോൾ ഇക്കാര്യത്തിൽ ഞങ്ങൾക്ക് വ്യക്തമായ ഒരു ഉത്തരം നൽകാൻ സാധിക്കില്ല’’, തോഷിറോ മുട്ടൊയെ ഉദ്ധരിച്ച് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ജപ്പാനിൽ രോഗബാധ വീണ്ടും ശക്തമാകുന്നതിനിടെയാണ് സംഘാടക സമിതി തലവന്റെ വാക്കുകൾ. കഴിഞ്ഞ ദിവസം ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പകർച്ചവ്യാധി പ്രതിരോധിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തലിനിടെയാണ് പ്രധാനമന്ത്രി ഷിൻസോ ആബെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വൈറസ് വ്യാപനത്തെ തുടർന്ന് അടുത്ത വർഷത്തേക്ക് നീട്ടിവച്ച ടോക്യോ ഒളിമ്പിക്സ് ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ടുവരെ നടത്താനായിരുന്നു രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിൽ തീരുമാനിച്ചിരുന്നത്.