സർക്കാറിനെ വിമർശിക്കാൻ വേണ്ടി മാത്രം പ്രതിപക്ഷം രാവിലെ കുളിച്ച് കുപ്പായവുമിട്ടിറങ്ങുന്നു: കെ. സുരേന്ദ്രൻ


തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാരിനെ വിമർശിക്കുവാൻ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിൽ സർക്കാർ മികച്ച നടപടികളാണ് കൈക്കൊള്ളുന്നത്. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ സർക്കാർ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്.                                                       

അതിനിടയ്ക്ക് തോമസ് ഐസക്കിനെ പോലെയുള്ളവർ ഭിന്നിപ്പിന്റെ രാഷ്ട്രീയം കാണിക്കുന്നുമുണ്ട്. എല്ലാ കാര്യങ്ങളിലും കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന രീതിയും ശരിയല്ല എന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഭക്ഷണപ്പൊതി വിതരണം, പച്ചക്കറി കിറ്റ് വിതരണം, മരുന്ന് വിതരണം, മാസ്ക് വിതരണം തുടങ്ങി നിരവധി സേവനപ്രവർത്തനങ്ങൾ ബി.ജെ.പി. കേരളത്തിൽ അങ്ങോളമിങ്ങോളം ചെയ്യുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ഇതിനു പകരം പ്രതിപക്ഷം എന്നും രാവിലെ വന്ന് സർക്കാരിനെ വിമർശിക്കുക എന്ന അജണ്ട മാത്രമാണ് നടപ്പാക്കുന്നത്. ക്രിയാത്മകമായ നിലപാടല്ല മറിച്ച് നിഷേധാത്മകമായ നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിനോട് രാഹുൽ ഗാന്ധി സ്വീകരിക്കുന്ന അതേ നിലപാടാണ് കേരളത്തിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തലയും സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed