തിരിച്ചുവരവിൽ അത്യുഗ്രൻ പ്രകടനവുമായി നെയ്‌മർ

പാരിസ്: തിരിച്ചുവരവിൽ അത്യുഗ്രൻ പ്രകടനവുമായി പി.എസ്.ജി താരം നെയ്‌മർ. സീസണിൽ ക്ലബിന് വേണ്ടി ആദ്യമായി ഇറങ്ങിയ ബ്രസീലിയൻ താരത്തിന്‍റെ വണ്ടർ ഗോളിൽ പി.എസ്.ജി സ്‌ട്രോസ്ബർഗിനെ തോൽപ്പിച്ചു. ഇഞ്ചുറി ടൈമിലായിരുന്നു (90+2) നെയ്‌മറിന്‍റെ വിജയഗോൾ.
മത്സരത്തിന്‍റെ തുടക്കം മുതൽ കൂവിവിളിച്ച കാണികൾക്ക് ബൈസിക്കിൾ കിക്കിലൂടെ മറുപടി നൽകുകയായിരുന്നു നെയ്‌മർ. ഇടതുവിങ്ങിലൂടെ മുന്നേറിയ ഡിയോലയുടെ ക്രോസിൽ നിന്നാണ് നെയ്‌മർ ഞെട്ടിച്ചത്. ജയത്തോടെ പി.എസ്.ജി ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളിൽ നാലിൽ ജയിച്ച പി.എസ്.ജിക്ക് 12 പോയിന്‍റാണുള്ളത്.
നെയ്‌മറെ അപമാനിക്കുന്ന തരത്തിലുള്ള ബാനർ മത്സരത്തിനിടെ ഗാലറിയിൽ പി.എസ്.ജി ആരാധകരുയർത്തി. നെയ്‌മറെ റെഡ് സ്‌ട്രീറ്റിൽ വിറ്റുകൂടെ എന്നായിരുന്നു ബാനറിൽ എഴുതിയിരുന്നത്. ബാഴ്‌സലോണയിലേക്ക് മടങ്ങാൻ നെയ്‌മർ നടത്തിയ നീക്കങ്ങളാണ് ആരാധകരെ പ്രകോപിപ്പിച്ചത്. എന്നാൽ പി.എസ്.ജിക്ക് ജയിക്കാൻ നെയ്‌മറുടെ ഗോൾ തന്നെ വേണ്ടിവന്നു.