ഇന്ത്യ− ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്


ധരംശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്‍റി 20 ക്രിക്കറ്റ് പരന്പരക്ക് ഇന്ന് തുടക്കം. ഹിമാചലിലെ ധരംശാലയിൽ വൈകിട്ട് ഏഴിന് കളി തുടങ്ങും. പരിക്ക് ഭേദമായി തിരിച്ചെത്തുന്ന ഹാർദ്ദിക് പാണ്ധ്യയും ധോണിയുടെ അഭാവത്തിൽ കീപ്പറായി തുടരുന്ന ഋഷഭ് പന്തുമാകും ശ്രദ്ധാകേന്ദ്രം. ബുംമ്രയ്ക്കും ഭുവനേശ്വറിനും വിശ്രമം നൽകിയ പശ്ചാത്തലത്തിൽ നവ്ദീപ് സൈനി, ദീപക് ചാഹർ, വാഷിംഗ്ടൺ സുന്ദർ, ക്രുനാൽ പാണ്ധ്യ എന്നിവർക്കാകും ബൗളിംഗ് വിഭാഗത്തിന്‍റെ ചുമതല.
പുതിയ നായകൻ ക്വിന്‍റൺ ഡി കോക്കിന് കീഴിൽ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കൻ നിരയിൽ വാൻ ഡെർ ഡസൻ, കാഗിസോ റബാഡ, ഡേവിഡ് മില്ലർ, എന്നിവരാണ് പ്രധാന താരങ്ങൾ. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയെ ട്വന്‍റി 20യിൽ തോൽപ്പിക്കാൻ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
മലയാളി സംരംഭകൻ ബൈജു രവീന്ദ്രന്‍റെ ബൈജൂസ് ആപ്പ് ജേഴ്സി സ്‌പോൺസർ ആയതിന് ശേഷം ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്. പരന്പരയിൽ ആകെ മൂന്ന് മത്സരമുണ്ട്.