മരടിലെ ഫ്ലാറ്റുകൾ ഒഴിയാനുള്ള കാലാവധി ഇന്ന് അവസാനിക്കും; പുനഃരധിവസിപ്പിക്കേണ്ടത് 1472 പേരെ

കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ നിന്ന് കുടുംബങ്ങൾക്ക് ഒഴിയാനുള്ള നഗരസഭ നോട്ടീസിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. 343 ഫ്ലാറ്റുകളിലായി 1472 പേരെ പുനഃരവധിവസിപ്പിക്കേണ്ടി വരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നതിൽ സർക്കാറിൽ നിന്ന് യാതൊരു അറയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല.
ഈമാസം 20−തിനകം 4 പാർപ്പിട സമുച്ഛയങ്ങൾ പൊളിച്ചുമാറ്റി റിപ്പോർട്ട് സമർപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനാണ് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയത്. ഫ്ലാറ്റുകളിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്പോൾ എത്രപേർക്ക് പുനഃരധിവാസം അടിയന്തരമായി വേണ്ടിവരും എന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാനും ജില്ലാ ഭരണകൂടം നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നഗരസഭ ഉദ്യോഗസ്ഥർ കണക്കെടുപ്പ് നടത്തിയെങ്കിലും ഫ്ലാറ്റുടമകൾ പലരും സഹകരിച്ചില്ല. നഗരസഭാ ഓഫീസിലെ ഫ്ലാറ്റുടമകളുടെ വിശദാംശങ്ങൾ ശേഖരിച്ചാണ് 343 കുടംബങ്ങളുടെ കണക്ക് ജില്ലാ കളക്ടർക്ക് കൈമാറിയത്.
ഫ്ലാറ്റുകൾ പൊളിച്ച് മാറ്റാൻ വിദഗ്ധരായ കന്പനികളെ അടിയന്തര ടെണ്ടറിലൂടെ തെരഞ്ഞെടുക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. അഞ്ച് കന്പനികൾ നഗരസഭയെ സമീപിച്ചതായാണ് സൂചന. എന്നാൽ, അടിയന്തരമായി കന്പനികളെ തെരഞ്ഞെടുക്കുക പ്രയാസകരമാണെന്നാണ് നഗരസഭയുടെ നിലപാട്. ഐ.ഐ.ടിപോലുള്ള വിദഗ്ധരെ ഉപയോഗിച്ച് കന്പനിയുടെ യോഗ്യത പരിശോധിക്കണെന്നാണ് നഗരസഭ സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ സർക്കാറിൽ നിന്ന് തുടർനടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. നോട്ടീസ് കാലാവധി കഴിഞ്ഞാലും ഫ്ലാറ്റുകൾ ഒഴിഞ്ഞ് പോകില്ലെന്ന് ഉടമകൾ അറിയിക്കുന്നുണ്ട്.