ഇന്ത്യ−ന്യൂസിലാൻഡ് സെമി: മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിൽ
മാഞ്ചസ്റ്റർ: ലോകകപ്പ് റൗണ്ട് റോബിൻ ഘട്ടത്തിലെ പല മത്സരങ്ങളും മഴമൂലം മുടങ്ങിയെങ്കിൽ സെമിയിലും ഫൈനലിലും അതിനു പരിഹാരമായി റിസർവ് ദിനങ്ങളുണ്ട്. മത്സരം ടൈ ആയാൽ സൂപ്പർ ഓവറിലൂടെ വിജയികളെ കണ്ടെത്തും. ഇന്നത്തെ ആദ്യസെമി മുടങ്ങിയാൽ മത്സരം റിസർവ് ദിനമായ നാളെ നടക്കും. നാളെയും കളി നടന്നില്ലെങ്കിൽ മത്സരത്തിൽ ഇന്ത്യ വിജയിയാകും. റൗണ്ട് റോബിൻ ഘട്ടത്തിൽ ന്യൂസീലൻഡിനെക്കാൾ പോയിന്റും മെച്ചപ്പെട്ട നെറ്റ് റൺറേറ്റുമുള്ളതിനാലാണ് ഇത്.
11നു നടക്കുന്ന രണ്ടാം സെമിയുടെ റിസർവ് ദിനം 12 ആണ്. 14ന് നടക്കുന്ന ഫൈനലിന്റെ റിസർവ് ദിനം 15. അന്നും മത്സരം നടന്നില്ലെങ്കിൽ ഫൈനലിലെത്തുന്ന ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. നിശ്ചിത ദിനത്തിൽ മത്സരം ആരംഭിച്ച ശേഷം കാലാവസ്ഥ മൂലമോ മറ്റോ തടസ്സമുണ്ടായി ആ ദിനം നഷ്ടപ്പെട്ടാൽ അതിന്റെ തുടർച്ചയാണ് റിസർവ് ദിനത്തിൽ നടക്കുക. നിശ്ചിത ദിവസം ഒരു പന്തു പോലും എറിയാനായില്ലെങ്കിൽ റിസർവ് ദിനത്തിൽ 50 ഓവർ വീതം മത്സരം നടക്കും.

