സിദ്ദു ശമ്പളം വാങ്ങുന്നത് ഓഫിസിലെത്താതെ പരാതിയുമായി ബി.ജെ.പി നേതാവ്
ഛണ്ഡിഗഡ്∙ പഞ്ചാബില്‍ കോണ്‍ഗ്രസ് മന്ത്രിയായ നവജ്യോത് സിങ് സിദ്ദു ഒരു മാസമായി ഓഫിസില്‍ എത്താതെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാങ്ങുന്നതായി ഗവര്‍ണര്‍ക്ക് ബി.ജെ.പി നേതാവിന്റെ കത്ത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി കടുത്ത ശത്രുതയിലായ സിദ്ദുവിനെ ചില വകുപ്പുകളില്‍നിന്ന് ഒഴിവാക്കിയിരുന്നു. മന്ത്രിയായ സിദ്ദു ഓഫിസില്‍ എത്താത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്‌നമാണു സൃഷ്ടിക്കുന്നതെന്നു കാട്ടി പഞ്ചാബ് ഗവര്‍ണർ വി.പി സിങ് ബഡ്നോറിനു പരാതി നൽകിയതായി ബി.ജെ.പി ദേശീയ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു.
ഒരു മാസമായി സിദ്ദു ഓഫിസില്‍ എത്തിയിട്ട്. എന്നാല്‍ കൃത്യമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ടെന്നു തരുണ്‍ കത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യം കണക്കിലെടുത്തു നടപടി സ്വീകരിക്കണമെന്നു ഗവര്‍ണറോട് ആവശ്യപ്പെട്ടെന്നും തരുണ്‍ പറഞ്ഞു. സിദ്ദുവിന് മന്ത്രിക്കസേര ആവശ്യമില്ലെങ്കില്‍ മറ്റാരെയെങ്കിലും വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കണം. പണിയെടുക്കാതെ ശമ്പളം വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും തരുണ്‍ ആവശ്യപ്പെട്ടു.
സിദ്ദുവിന്റെ പാക് അനുകൂല പ്രസ്താവനകളെ എതിര്‍ത്ത മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, സിദ്ദു ചുമതല വഹിച്ചിരുന്ന വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നു സിദ്ദു തിരിച്ചടിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ ഭാര്യ നവജ്യോത് കൗറിനു സീറ്റ് നിഷേധിക്കപ്പെട്ടതാണ് സിദ്ദുവിനെ ചൊടിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

