ഫ്രഞ്ച് ഓപ്പണിൽ നദാൽ തന്നെ രാജാവ്

പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്പെയിനിന്റെ റാഫേൽ നദാലിന്. ഫൈനലിൽ ഓസ്ട്രിയയുടെ യുവതാരം ഡൊമനിക് തീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകളിൽ തകർത്താണ് നദാൽ കിരീടത്തിൽ മുത്തമിട്ടത്. സ്കോർ 6-3, 5−-7, 6−-1, 6−-1. ഫ്രഞ്ച് ഓപ്പണിൽ നദാലിന്റെ പന്ത്രണ്ടാം കിരീടമാണിത്.
കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ തനിയാവർത്തനമായിരുന്നു ഇത്തവണത്തെ ഫൈനലും. ആദ്യ സെറ്റിൽ ആധികാരിക പ്രകടനവുമായി മുന്നേറിയ നദാൽ അനായാസം സെറ്റ് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ തിരിച്ചടിച്ച തീം ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവിൽ 5-−7ന് സെറ്റ് നേടിയതോടെ പോരാട്ടം പ്രതീക്ഷിച്ചവർ ഏറെ. എന്നാൽ സംശയാലുക്കളെയെല്ലാം റിട്ടേണടിച്ച് നദാൽ മൂന്നും നാലും സെറ്റുകളിൽ തീമിന് ഒരവസരവും നൽകാതെ സ്വന്തമാക്കി.
നദാലിന്റെ കരിയറിലെ പതിനെട്ടാം ഗ്രാൻസ്ലാം കിരീടമാണിത്. 20 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള റോജർ ഫെഡററാണ് ഇനി നദാലിന് മുന്നിലുള്ളത്. ഒരു ഗ്രാൻസ്ലാമിൽ ഏറ്റവും കൂടുതൽ കിരീടം നേടുന്ന താരമെന്ന റെക്കോർഡും ഫ്രഞ്ച് ഓപ്പണിലെ പന്ത്രണ്ടാം കിരീടനേട്ടത്തോടെ നദാൽ സ്വന്തമാക്കി. ഓസ്ട്രേലിയൻ ഓപ്പണിൽ 11 കിരീടങ്ങൾ നേടിയിട്ടുള്ള മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡാണ് നദാൽ മറികടന്നത്.