കോപ്പ അമേരിക്ക; ഇന്ത്യയിൽ ടെലിവിഷൻ സംപ്രേക്ഷണമില്ല

റിയോഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് നിരാശവാർത്ത. ജൂൺ 14 മുതൽ ജൂലൈ ഏഴ് വരെ നടക്കുന്ന ടൂർണമെന്റിന് ഇന്ത്യയിൽ ടെലിവിഷൻ സംപ്രേക്ഷണമില്ല.
ഇതോടെ ലോകകപ്പും യൂറോ കപ്പും പോലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ആവേശത്തോടെ കാണുന്ന ഫുട്ബോൾ ടൂർണമെന്റിലെ ആവേശ നിമിഷങ്ങളും ആരാധകർക്ക് നഷ്ടമാവും. അർ്‍ജന്റീനയും ബ്രസീലും അടക്കം 12 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റ് ബ്രസീലിലെ അഞ്ച് നഗരങ്ങളിലായാണ് നടക്കുന്നത്.
കോപ്പയുടെ തത്സമയ സംപ്രേഷണത്തിൽ ആദ്യം താൽപ്‍പര്യം പ്രകടിപ്പിച്ച സ്റ്റാർ സ്പോർട്സ് ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനാൽ പിന്‍മാറുകയായിരുന്നു. സോണി സ്പോർട്സ് ആകട്ടെ സംപ്രേക്ഷണ അവകാശം ലഭിക്കാൻ ഉയർന്ന തുക മുടക്കാനും സന്നദ്ധരായില്ല.