പിറന്ന് വീണ കൈകളെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി

കൽപ്പറ്റ ഗസ്റ്റ് ഹൗസിൽ വെച്ച് രാഹുലിനെ കണ്ടതും രാജമ്മയുടെ ഓർമ്മകൾ 49 വർഷം പിന്നിലേക്കു പാഞ്ഞു. രാഹുൽ ചേർത്തു പിടിച്ചപ്പോൾ രാജമ്മയുടെ വലിയൊരാഗ്രഹമാണ് പൂവണിഞ്ഞത്. വയനാട് മണ്ധലത്തിലെ പര്യടനത്തിനിടെ ഞായറാഴ്ച രാവിലെയായിരുന്നു രാഹുലും, പിറന്നുവീണപ്പോൾ രാഹുലിനെ ആദ്യമായി കയ്യിലെടുത്ത നഴ്സ് രാജമ്മയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
താൻ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല രാഹുൽ വയനാടിന്റെ എംപിയാകുമെന്ന്. 49 വർഷങ്ങൾക്കിപ്പുറം അത് സംഭവിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ വയനാട്ടിലെത്തിയപ്പോൾ കാണാനായില്ലെന്ന വിഷമത്തിലായിരുന്നു രാജമ്മ. എന്നാൽ ആ വിഷമം ഇപ്പോൾ തീർന്നിരിക്കുന്നു. രാഹുൽ വയനാട്ടിൽ നിന്ന് വൻ വിജയം നേടുമെന്ന് റിസൾട്ട് വരുന്നതിനു മുന്‍പു തന്നെ രാജമ്മ പറയുമായിരുന്നു.
തന്റെ 23 വയസ്സിൽ ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ രാജമ്മ വാവാട്ടിൽ നഴ്‌സായിരുന്ന സംയത്താണ് 1970 ജൂൺ 19 ന് രാഹുൽ ജനിക്കുന്നത്. സ്വന്തം മാതാവും പിതാവും ആ കുഞ്ഞിനെ കാണും മുന്‍പ് ചേർത്തുപിടിച്ചത് രാജമ്മയാണ്. 70 കാരിയായ അവർ ഇപ്പോൾ നായ്കട്ടിയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്.