കീവീസ് മണ്ണിൽ ഏകദിന പരന്പര സ്വന്തമാക്കി ഇന്ത്യൻ വനിതകളും

വെല്ലിങ്ടൺ: ന്യൂസിലൻഡിൽ ഇന്ത്യൻ വനിതകകൾക്കും ഏകദിന പരന്പര നേട്ടം. മൂന്ന് ഏകദിനങ്ങളുള്ള പരന്പരയിൽ രണ്ടാം മത്സരത്തിലും ഇന്ത്യ വിജയിച്ചതോടെയാണ് പരന്പര സ്വന്തമാക്കിയത്. എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നിശ്ചിത ഓവറിൽ 161ന് എല്ലാവരും പുറത്തായി. ഇന്ത്യ 32.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സ്‌കോർ: ന്യൂസിലൻഡ് 161/10. ഇന്ത്യ 166/2. ഓപ്പണർ സ്മൃതി മന്ഥാന (90∗), ക്യാപ്റ്റൻ മിതാലി രാജ് (63∗) എന്നിവരാണ് വിജയം എളുപ്പമാക്കിയത്.
തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോർ ബോർഡിൽ 15 റൺസുള്ളപ്പോൾ ജമീമ റോഡ്രിഗസ് (0), ദീപ്തി ശർമ (8) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. പിന്നീട് ഒത്തുച്ചേർന്ന മിതാലി−, മന്ഥാന സഖ്യം 151 റൺസ് കൂട്ടിച്ചേർത്തു. 13 ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു മന്ഥാനയുടെ ഇന്നിങ്‌സ്. നാല് ഫോറും രണ്ട് സിക്‌സും ഉൾപ്പെടുന്നതായിരുന്നു മിതാലിയുടെ ഇന്നിങ്‌സ്.
നേരത്തെ ഇന്ത്യൻ ബൗളർമാരുടെ പ്രകടനമാണ് ആതിഥേയരെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. ജൂലൻ ഗോസ്വാമി മൂന്നും എക്ത ബിഷ്ട്, പൂനം യാദവ്, ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റും സ്വന്തമാക്കി.