കോഴി സമരം ഒത്തുതീർപ്പായി : കിലോയ്ക്ക് 87 രൂപ തന്നെ


കോഴിക്കോട് : കോഴിക്കച്ചവടക്കാരുടെ സമരം ഒത്തുതീർപ്പായി. സർക്കാർ മുൻപ് നിശ്ചയിച്ച വിലയായ കിലോയ്ക്ക് 87 രൂപ നിരക്കിൽ തന്നെ ഇറച്ചിക്കോഴി ലഭിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതിനായി ഓൾ കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷനുമായും ചിക്കൻ മർച്ചന്റ് അസോസിയേഷനുമായും മറ്റുസംഘടനകളുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.

87 രൂപയ്ക്ക് ജീവനുള്ള കോഴി കടകളിൽ ലഭിക്കും. ഇതു സ്ഥിരമായി നിലനിൽക്കുന്ന വിലയല്ല. കമ്പോള വിലയിൽ മാറ്റം വരും. കോഴി മുറിച്ചു കഷണങ്ങളാക്കിയ ഇറച്ചി 157 രൂപയ്ക്കു ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇറച്ചിക്കോഴിക്കു സർക്കാർ വില പ്രഖ്യാപിക്കുന്ന അപൂർവ നടപടിക്കു പിന്നാലെ ഹോട്ടൽഭക്ഷണത്തിനും വില കുറയ്ക്കുകയാണു ലക്ഷ്യം. കോഴിയിറച്ചിക്കു വില കുറച്ചാൽ ഭക്ഷണത്തിനു വില താഴ്ത്താമെന്ന ഹോട്ടൽ വ്യാപാരികളുടെ വാഗ്ദാനം കണക്കിലെടുത്താണു സർക്കാർ നീക്കം.

ഇറച്ചിക്കോഴി കിലോയ്ക്ക് 87 രൂപയ്ക്കു തന്നെ വിൽക്കണമെന്നും തോന്നുന്ന വിലയ്ക്കു വിൽക്കുന്ന ഏർപ്പാട് അവസാനിപ്പിക്കാൻ ജനങ്ങളും രംഗത്തിറങ്ങണമെന്നും ശക്തമായ മുന്നറിയിപ്പ് ഐസക് നൽകിയിരുന്നു. കോഴിയിറച്ചിക്കു ചുമത്തിയിരുന്ന 14.5% വാറ്റ് നികുതി ഇല്ലാതായതോടെ 103 രൂപയിൽനിന്നു വില 87 രൂപയിലേക്കു താഴേണ്ടതാണ്.

You might also like

Most Viewed