ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം


ഭുവനേശ്വർ : ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യ. ഭുവനേശ്വറിലെ കലിംഗ േസ്റ്റഡിയത്തിൽ നടന്ന ചാന്പ്യൻഷിപ്പിൽ ചൈനയെ പിന്തള്ളി ഇന്ത്യ ചാന്പ്യൻമാരായി. 12 സ്വർണ്ണവും അഞ്ച് വെള്ളിയും വെങ്കലവുമായി റെക്കോർഡ് മെഡൽ നേട്ടത്തോടെയാണ് ഇന്ത്യ ആദ്യമായി ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ കിരീടം നേടിയത്.

മീറ്റിന്റെ സമാപന ദിവസമായ ഇന്നലെ അഞ്ച് സ്വർണ്ണവും ഒരു വെള്ളിയും 3 വെങ്കലവുമാണ് ഇന്ത്യ അക്കൗണ്ടിലെത്തിച്ചത്. ദീർഘദൂര ഓട്ടാക്കാരൻ ജി. ലക്ഷ്മണൻ ഇരട്ടസ്വർണ്ണം നേടി സമാപന ദിനം ഇന്ത്യയുടേതാക്കി. ആദ്യ ദിനം 5000 മീറ്ററിൽ സ്വർണ്ണം നേടിയിരുന്ന ലക്ഷ്മണൻ 10,000 മീറ്ററിലും ഒന്നാമതെത്തി. ഇതേ ഇനത്തിൽ മലാളി താരം ടി.ഗോപി വെള്ളി സ്വന്തമാക്കി.

പുരുഷ, വനിതാ വിഭാഗം 4x400 മീറ്റർ റിലെ, വനിതാ വിഭാഗം ഹെപ്റ്റാത്തലൺ, പുരുഷ വിഭാഗം ജാവലിൻ ത്രോ എന്നീ ഇനങ്ങളിലും ഇന്ത്യ സമാപന ദിവസം സ്വർണ്ണം നേടി. കുഞ്ഞു മുഹമ്മദ്, മുഹമ്മദ് അനസ്, അമോജ് ജേക്കബ്, ആരോഗ്യ രാജീവ് എന്നിവരടങ്ങുന്ന ടീമാണ് പുരുഷ റിലേയിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയത്. ഇതോടെ അനസിന് ഇരട്ട സ്വർണവും ആരോഗ്യ രാജിവീന് ഒന്നു വീതം സ്വർണവും വെള്ളിയുമായി. കഴിഞ്ഞ ദീവസം 400 മീറ്ററിൽ അനസ് സ്വർണ്ണവും ആരോഗ്യ രാജീവ് വെള്ളിയും നേടിയിരുന്നു. ജാവലിൻ ത്രോയിൽ മീറ്റ് റെക്കോർഡുമായി നീരജ് ചോപ്രയാണ് (85.23 മീ) ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്. ഇതേ ഇനത്തിൽ ദവീന്ദെർ സിങ്ങ് ഇന്ത്യക്കായി വെങ്കലം നേടി.

വനിതാ വിഭാഗം ഹെപ്റ്റാത്തണിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള സ്വപ്ന ബർമ്മനാണ് ഒന്നാമതെത്തിയത്. 5942 പോയിന്റുമായി സ്വപ്ന സ്വർണം കരസ്ഥമാക്കിയപ്പോൾ മറ്റൊരു ഇന്ത്യൻ താരമായ പൂർണിമ വെങ്കലം നേടി. പുരുഷ വിഭാഗം 800 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൺ വെങ്കലം നേടി. കുവൈത്തിന്റെ അൽസൊഫെയ്രിക്കാണ് (1:49.47) ഈ ഇനത്തിൽ സ്വർണ്ണം. വെള്ളി മെഡൽ ഖത്തറിന്റെ ജമാൽ ഹയ്രാനെ നേടി (1:49.94). അതേസമയം വനിതകളുടെ 800 മീറ്ററിൽ സ്വർണം നേടിയ അർച്ചന ആദവിനെ അയോഗ്യയാക്കി. ഫോട്ടോ ഫിനിഷിങ്ങിനിടെ ശ്രീലങ്കൻ താരത്തെ കൈ കൊണ്ട് തള്ളിയതാണ് അർച്ചനയ്ക്ക് വിനയായത്.

ചാന്പ്യൻഷിപ്പിൽ ആകെ 29 മെഡൽ നേടിയ ഇന്ത്യ 1989ലെ 22 മെഡലിന്റെ റെക്കോർഡ് മറികടന്നാണ് ചരിത്രം രചിച്ചത്. അതോടൊപ്പം സ്വർണ്ണനേട്ടത്തിലും ഇന്ത്യ റെക്കോർഡിട്ടു. 12 സ്വർണ്ണം അക്കൗണ്ടിലെത്തിച്ച ആതിഥേയർ 1985ൽ ജക്കാർത്തയിൽ നേടിയ 10 സ്വർണ്ണനേട്ടത്തിന്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed