മരിയ ഷറപ്പോവയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കുറച്ചു

ലണ്ടൻ: ഉത്തേജകമരുന്ന് ഉപയോഗത്തിന്‍റെ പേരില്‍ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് ഏര്‍പ്പെടുത്തിയ രണ്ടുവര്‍ഷത്തെ വിലക്ക് 15 മാസമായി കുറച്ചു. ഇതോടെ വരുന്ന ഏപ്രിലില്‍ ഷറപ്പോവ കളിക്കളത്തില്‍ തിരിച്ചെത്തിയേക്കും.
കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഓഫ് സ്പോര്‍ട്സ് ആണ് ഷറപ്പോവയുടെ നിരോധനം കുറയ്ക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 26 മുതല്‍ ഷറപ്പോവയ്ക്ക് പ്രൊഫഷണല്‍ ടെന്നീസിലേക്ക് തിരിച്ചെത്താം. കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കവെയാണ് ഷറപ്പോവ, നിരോധിത മരുന്നായ മെല്‍ഡോണിയം ഉപയോഗിച്ചതായി കണ്ടെത്തിയത്.
വാര്‍ത്തയില്‍ സന്തോഷമുണ്ടെന്നും ഉടന്‍ ടെന്നീസിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായും ഷറപ്പോവ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.