രണ്ടാം ഏകദിനത്തിലും രോഹിതിന് സെഞ്ച്വറി; ഇന്ത്യ മികച്ച സ്കോറിലേയ്ക്ക്


ബ്രിസ്ബെയ്ന്‍: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി. പെര്‍ത്തിലെ ആദ്യ ഏകദിനത്തില്‍ 171 റണ്‍സെടുത്ത് പുറത്താകാതെ നിന്നിടത്തുനിന്നായിരുന്നു രോഹിത് ബ്രിസ്ബെയിനില്‍ തുടങ്ങിയത്. നേരിട്ട 111-ാം പന്തില്‍ സിംഗിളിലൂടെ രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കി. മൂന്നു സിക്സും എട്ടു ഫോറും സെഞ്ചുറിക്കിടെ രോഹിത് നേടി.

ഗാബ പിച്ചില്‍ ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍ നേടുന്ന ആദ്യ സെഞ്ചുറിയാണിത്. 2008-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നേടിയ 91 റണ്‍സായിരുന്നു ഇവിടെ ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്റെ ഉയര്‍ന്ന സ്കോര്‍. സച്ചിന്‍, സൌരവ് ഗാംഗുലി, കെ. ശ്രീകാന്ത് എന്നിവര്‍ മാത്രമാണ് ഇവിടെ ഇതുവരെ അര്‍ധ സെഞ്ചുറി നേടിയയത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ നാലു പന്തില്‍ ആറു റണ്‍സുമായി മടങ്ങിയതോടെ രോഹിതും വിരാട് കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. 67 പന്തില്‍ 59 റണ്‍സ് നേടിയ കോഹ്ലി റണ്ണൌട്ടാകുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 40 ഓവറില്‍ രണ്ടു വിക്കറ്റിന് 233 റണ്‍സ് നേടിയിട്ടുണ്ട്. 115 റണ്‍സോടെ ക്രീസിലുള്ള രോഹിതിനോടൊപ്പം 49 റണ്‍സുമായി അജിങ്ക്യ രാഹനയാണ് ഉള്ളത്.

You might also like

  • Straight Forward

Most Viewed