ഇന്ത്യ ഉൾ‍പ്പെടെ 20 രാജ്യങ്ങളിലേക്ക് മെയ് 17ന് സർ‍വീസ് പുനരാരംഭിക്കില്ലെന്ന് സൗദിയ


ജിദ്ദ: സൗദിയിലേക്ക് മെയ് 17ന് ശേഷം യാത്ര ചെയ്യാമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന പ്രവാസികൾ‍ക്ക് വീണ്ടും തിരിച്ചടി. നേരത്തേ സൗദി അധികൃതർ‍ യാത്രാനിരോധനം ഏർ‍പ്പെടുത്തിയ ഇന്ത്യ ഉൾ‍പ്പെടെ 20 രാജ്യങ്ങളിലേക്ക് മെയ് 17ന് സർ‍വീസ് പുനരാരംഭിക്കില്ലെന്ന് ഔദ്യോഗിക എയർ‍ലൈനായ സൗദിയ വ്യക്തമാക്കി. മെയ് 17ന് അന്താരാഷ്ട്ര സർ‍വീസുകൾ‍ പുനരാരംഭിക്കാൻ തങ്ങൾ‍ ഒരുങ്ങിക്കഴിഞ്ഞതായി സൗദിയ എയർ‍ലൈന്‍സ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ‍ നിലവിൽ‍ യാത്രാ നിരോധനം ഉള്ള രാജ്യങ്ങളിലേക്ക് സർ‍വീസ് പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് മെയ് 17ന് 20 രാജ്യങ്ങളിലേക്ക് സർ‍വീസ് നടത്തില്ലെന്ന് സൗദിയ അറിയിച്ചത്.

മെയ് 17ന് പുലർ‍ച്ചെ ഒരു മണിക്ക് അന്താരാഷ്ട്ര സർ‍വീസ് പുനരാരംഭിക്കുമെന്നും സൗദിയ അധികൃതർ‍ അറിയിച്ചു. അതേസമയം, കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട കമ്മിറ്റി, കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കണക്കിലെടുത്ത് യാത്രാ വിലക്കേർ‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അന്നേദിവസം സർ‍വീസ് പുനരാരംഭിക്കില്ല. ഇക്കാര്യത്തിൽ‍ കമ്മിറ്റിയുടെ മറിച്ചൊരു തീരുമാനം വരുന്നത് വരെ ഇത് തുടരും. ഇതോടെ മെയ് 17ന് യാത്രാ നിരോധനം അവസാനിക്കുമെന്ന പ്രതീക്ഷയിൽ‍ കാത്തിരുന്ന പ്രവാസികൾ‍ക്ക് അവരുടെ കാത്തിരിപ്പ് വിഫലമായി. ഇന്ത്യയിൽ‍ നിലവിൽ‍ കൊവിഡ് വ്യാപനം കൂടുതൽ‍ രൂക്ഷമായ സാഹചര്യത്തിൽ‍ നിരോധനം പെട്ടെന്നൊന്നും പിൻ‍വലിക്കപ്പെടാനിടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫെബ്രുവരി മൂന്നിനാണ് ഇന്ത്യ ഉൾ‍പ്പെടെ 20 രാജ്യങ്ങളിലേക്ക് കമ്മിറ്റി യാത്രാവിലക്ക് ഏർ‍പ്പെടുത്തിയത്. അർ‍ജന്റീന, യുഎഇ, ജർ‍മനി, അമേരിക്ക, ഇന്തൊനീഷ്യ, ജപ്പാന്‍, ഇറ്റലി, പാകിസ്താന്‍, ബ്രസീൽ‍, പോർ‍ച്ചുഗൽ‍, ബ്രിട്ടിൻ‍, തുർ‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡൻ‍, സ്വിറ്റ്‌സർ‍ലാന്റ്, ഫ്രാൻസ്, ലബനാൻ, ഈജിപ്ത് എന്നിവയാണ് യാത്രാനിരോധനമുള്ള മറ്റു രാജ്യങ്ങൾ‍. ഈ രാജ്യങ്ങളിൽ‍ നിന്നുള്ള സൗദി പൗരന്‍മാർ‍, നയതന്ത്ര പ്രതിനിധികൾ‍, അവരുടെ കുടുംബക്കാർ‍ എന്നിവരെ വിലക്കിൽ‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ 20 രാജ്യങ്ങളിൽ‍ നിന്നുള്ളവർ‍ക്ക് മാത്രമല്ല വിലക്കുള്ളത്. മറിച്ച് യാത്രാ തീയതിയുടെ 14 ദിവസത്തിനിടയിൽ‍ ഈ രാജ്യങ്ങൾ‍ വഴി കടന്നുപോയ മറ്റു രാജ്യക്കാർ‍ക്കും വിലക്ക് ബാധകമാണ്.

You might also like

Most Viewed