അഭിമന്യൂ കൊലക്കേസിൽ ഒരാൾകൂടി പിടിയിൽ

തിരുവനന്തപുരം: വള്ളികുന്നം അഭിമന്യൂ കൊലക്കേസിൽ ഒരാൾകൂടി പിടിയിൽ. പൊടിയൻ എന്ന് വിളിക്കുന്ന അരുൺ ആണ് പിടിയിലായത്. ഇയാൾ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതായാണ് വിവരം.
ഇന്ന് വൈകിട്ടോടെ അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ അഞ്ച് പേർ അറസ്റ്റിലായി. വള്ളിക്കുന്നം സ്വദേശികളായ പ്രണവ്, ആകാശ്, പുത്തന്‍ പുരക്കൽ സഞ്ജയ് ജിത്ത്, ജിഷ്ണു തന്പി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
അഭിമന്യൂവിനെ കുത്താൻ ഉപയോഗിച്ച കഠാര ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തിൽ നിന്നും കണ്ടെടുത്തിരുന്നു. ഇത് കായംകുളം ഗവ. ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി കായംകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
അഭിമന്യൂവിന്റെ ജേഷ്ഠൻ അനന്തുവിനെയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും അനന്തുവുമായി ഉണ്ടായ മുൻ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും ആർഎസ്എസ് പ്രവർത്തകൻ കൂടിയായ സജ്ഞയ് ജിത്ത് മൊഴി നൽകിയിരുന്നു. കൊലപ്പെട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദർശിന്റേയും മൊഴി നിർണായകമാണ്.
വിഷുദിനത്തിൽ ഉത്സവ കെട്ടുകാഴ്ച കാണാനായി വള്ളികുന്നം പടയണിവട്ടം ക്ഷേത്രത്തിൽ എത്തിയ വള്ളികുന്നം പുത്തന്‍ചന്ത കുറ്റിതെക്കതിൽ അഭിമന്യുവിനെയാണ് (15) കൊലപ്പെടുത്തിയത്.